ന്യൂഡൽഹി:  ഐഎസ്ആർഒ വികസിപ്പിച്ച വാർത്താ വിതരണ ഉപഗ്രഹമായ ജിസാറ്റ് 11 വിജയകരമായി വിക്ഷേപിച്ചു. ഫ്രാൻസിന്റെ ശക്തി കൂടിയ വിക്ഷേപണ വാഹനമായ ഏരിയൻ 5 ആണ് ജിസാറ്റ് 11 നെ ഭ്രമണപഥത്തിലെത്തിച്ചത്.

ആശയവിനിമയ രം​ഗത്ത് ഇന്ത്യയ്ക്ക് ഇപ്പോഴത്തേതിനേക്കാൾ ഇരട്ടിവേഗം നേടാൻ ഈ ഉപഗ്രഹം വഴി സാധിക്കും. ഗ്രാമീണ മേഖലയിലേക്കുളള ഇന്റർനെറ്റ് ലഭ്യത വർദ്ധിപ്പിക്കുകയാണ് ഉപഗ്രഹ വിക്ഷേപണത്തിന്റെ പ്രധാന ലക്ഷ്യം.  ഉപ​ഗ്രഹാധിഷ്ഠിത ഇന്റർനെറ്റ് സേവനങ്ങൾ മെച്ചപ്പെടുത്താനാണ് ഇതിലൂടെ ശ്രമിക്കുന്നത്.

ഇന്ത്യ ഇതുവരെ നിർമ്മിച്ചതിൽ ഏറ്റവും ഭാരമേറിയ ഉപഗ്രഹമാണിത്.  5845 കിലോ​ഗ്രാമാണ് ജിസാറ്റ് 11ന്റെ ഭാരം.  ഭാരമേറിയ ഉപ​ഗ്രഹങ്ങളെ വിജയകരമായി ഭ്രമണപഥത്തിലെത്തിച്ച മികച്ച പരിചയസമ്പത്തുളളതിനാലാണ് ഏരിയൻ 5 റോക്കറ്റിനെ ദൗത്യത്തിനായി തിരഞ്ഞെടുത്തത്.

ഫ്രഞ്ച് ഗയാനയിലെ കൗറു വിക്ഷേപണത്തറയില്‍ നിന്ന് ഇന്ത്യൻ സമയം പുലർച്ചെ മൂന്നരയോടെയായിരുന്നു വിക്ഷേപണം. 1200 കോടി രൂപയാണ് ഉപഗ്രഹ പദ്ധതിയുടെ ആകെ ചിലവ്. അടുത്ത 15 വർഷമാണ് ഉപഗ്രഹത്തിന് കാലാവധി.

റേഡിയോ സി​ഗ്നൽ സ്വീകരിക്കുകയും പുറത്തുവിടുകയും ചെയ്യുന്ന 40 ട്രാൻസ്പോണ്ടറുകൾ ഉപ​ഗ്രഹത്തിലുണ്ട്. ഈ ശ്രേണിയിൽ ഉൾപ്പെട്ട ജിസാറ്റ് 19, ജിസാറ്റ് 29 എന്നീ ഉപ​ഗ്രഹങ്ങൾ ഐഎസ്ആർഒ നേരത്തെ വിക്ഷേപിച്ചിരുന്നു. ഈ നിരയിലെ അടുത്ത ഉപഗ്രഹമായ ജിസാറ്റ് 20 അടുത്ത വർഷം വിക്ഷേപിക്കും. ഇന്ത്യൻ ഉപഗ്രഹത്തിനൊപ്പം ദക്ഷിണ കൊറിയയുടെ ഉപഗ്രഹവും ഏരിയൻ ഭ്രമണപഥത്തിലെത്തിച്ചു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ