ന്യൂഡല്‍ഹി:  തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര ക്യാബിനറ്റ് ഗുഡ്സ് ആൻഡ് സർവീസ് ടാക്സുമായി (ചരക്കു സേവന നികുതി) ബന്ധപ്പെട്ട നാലു ബില്ലിനു അംഗീകാരം കൊടുത്തിരിക്കുകയാണ്. കേന്ദ്ര ജിഎസ്ടി ബില്‍, കേന്ദ്രീകൃത ജിഎസ്ടി ബില്‍, കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കായുള്ള യുടിജിഎസ്ടി ബില്‍, ജിഎസ്ടി നഷ്ടപരിഹാര ബില്‍ എന്നിവയാണ് ക്യാബിനറ്റ് പാസാക്കിയതോടെ നിയമസഭയുടെ പരിഗണനയ്ക്കായി മുന്നോട്ട് വയ്ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

എന്താണ് ജിഎസ്ടി (ചരക്കു സേവന നികുതി) ബില്‍

ഇന്ത്യയുടെ പരോക്ഷ നികുതി ഘടനയിലെ പരിഷ്കരണത്തിനുള്ള ബില്ലാണ് ജിഎസ്ടി. ചരക്കുകളുടെയും സേവനങ്ങളുടെയും ഉല്‍പാദനം മുതല്‍ ഉപഭോക്താവിലേക്ക് എത്തുന്നതുവരെയുള്ള ഘട്ടങ്ങളിലുള്ള നികുതിയെ ഒറ്റ തവണയാക്കുക എന്നതാണ് ജിഎസ്ടി ബില്‍. ഉപഭോക്താവിന്‍റെ തലയില്‍ നിന്നും ആഭ്യന്തരനികുതി, ഇടക്കാല നികുതി, സേവന നികുതി വാറ്റ് പോലുള്ള സംസ്ഥാന നിക്കുതി എന്നിവയെ ഒറ്റതവണയായി ജിഎസ്ടി യിലേക്ക് സംയോജിപ്പിക്കുന്നതാണ് നിര്‍ദിഷ്ട ജിഎസ്ടി ബില്‍.

കേന്ദ്ര ക്യാബിനറ്റ് അംഗീകരിച്ച നാലു ബില്ലുകള്‍ ഏതൊക്കെയാണ് ?

C.G.S.T -കേന്ദ്ര ജിഎസ്ടി ബില്‍: ഓരോ സംസ്ഥാനാതിര്‍ത്തിക്കുള്ളിലും സംഭരിക്കേണ്ടതായ നികുതി തുകയെ ഗണ്യമാക്കുന്നതാണ് കേന്ദ്ര ചരക്കു-സേവന നികുതി ബില്‍.

I.G.S.T- കേന്ദ്രീകൃത ജിഎസ്ടി ബില്‍: സംസ്ഥാനങ്ങള്‍ക്കിടയില്‍ നടക്കുന്ന ചരക്കു-സേവന കൈമാറ്റങ്ങളില്‍ കേന്ദ്രം സംഭരിക്കേണ്ടതായ നികുതിയെ ഗണ്യമാക്കുന്നതാണ് സംയോജിത ജിഎസ്ടി ബില്‍.

U.T.G.S.T -കേന്ദ്രഭരണ പ്രദേശങ്ങല്‍ക്കായുള്ള ജിഎസ്ടി ബില്‍: ചരക്കു- സേവന മേഖലയില്‍ നികുതിയിനത്തില്‍ കേന്ദ്ര ഭരണപ്രദേശങ്ങളില്‍ നിന്നായി സംഭരിക്കേണ്ട നികുതിയെ കണക്കാക്കുന്നതിനായുള്ളതാണ് യുടിജിഎസ്ടി.

നഷ്ടപരിഹാര ബില്‍: ജിഎസ്ടി ബില്‍ പാസ്സാക്കുന്നതു വഴി സംസ്ഥാനങ്ങള്‍ക്ക് ഏല്‍ക്കുന്ന നഷ്ടം നികത്തുവാനായി അഞ്ച് വര്‍ഷത്തേക്ക് നല്‍കേണ്ട നഷ്ടപരിഹാര തുകയെ നിര്‍ണയിക്കുന്നതാണ് നഷ്ടപരിഹാര ബില്‍.

നിയമസഭയില്‍ പാസ്സാവുമെങ്കില്‍ മാത്രമേ ഈ നാലു ബില്ലുകളും നിയമമായി കൊണ്ടുവരാന്‍ സാധിക്കുകയുള്ളൂ. എളുപ്പത്തില്‍ പാസ്സാക്കുവാനായി സാമ്പത്തിക ബില്‍ ആയിട്ടാണ് അത് നിയമസഭയില്‍ അവതരിപ്പിക്കുക

ജിഎസ്ടിയുടെ ഗുണങ്ങള്‍ എന്തൊക്കെ ?
ജിഎസ്ടി ബില്‍ അവതരിപ്പിക്കുന്നത്‌ വഴി ഉല്‍പാദനത്തിന്റെ ഓരോ ഘട്ടങ്ങളിലായുള്ള നികുതി തീരുവകളെ ഏകീകരിക്കുകയും അതുവഴി ഉല്‍പാദനത്തില്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെ ദുരീകരിക്കുകയും ചെയ്യുന്നു. എല്ലാ ചരക്കുകള്‍ക്കും സേവനങ്ങള്‍ക്കും ഏകീകൃത നികുതിയാക്കുക എന്നു ലക്ഷ്യം വയ്ക്കുന്നു.

ജിഎസ്ടി ബില്ലിനു മുന്നിലുള്ള തടസങ്ങള്‍:
നിയമസഭ പാസ്സാക്കുന്നതിനും മുന്നേ ഓരോ സംസ്ഥാന സര്‍ക്കാരുകളും ജിഎസ്ടി ബില്ലിനെ പാസാക്കേണ്ടതായുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ