ന്യൂഡല്‍ഹി: അവിവാഹിതയായ സ്ത്രീകള്‍ക്കും ഗര്‍ഭഛിദ്രത്തിന് അവകാശമുണ്ടെന്ന് സുപ്രീം കോടതി. ലിവ്-ഇൻ ബന്ധത്തിൽനിന്ന് ഗർഭം ധരിക്കുന്ന അവിവാഹിതരായ സ്ത്രീകളെ മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രെഗ്നൻസി ചട്ടങ്ങളിൽനിന്ന് ഒഴിവാക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് കോടതി വ്യക്തമാക്കി.
“എല്ലാ സ്ത്രീകൾക്കും സുരക്ഷിതവും നിയമാനുസൃതവുമായ ഗർഭച്ഛിദ്രത്തിന് അർഹതയുണ്ട്,” 2021 ലെ മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രഗ്നൻസി (എംടിപി) നിയമത്തിലെ ഭേദഗതി വിവാഹിതരും അവിവാഹിതരും തമ്മിലുള്ള വ്യത്യാസം ഉണ്ടാക്കുന്നില്ലെന്ന് കോടതി പറഞ്ഞു.
എംടിപി നിയമത്തില്‍ വിവാഹിതരും അവിവാഹിതരും തമ്മിലുള്ള വേർതിരിവ് ഭരണഘടനാപരമായി സുസ്ഥിരമല്ലെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബഞ്ച് പറഞ്ഞു. കാരണം ഇത് വിവാഹിതരായ സ്ത്രീകളെ മാത്രം ലൈംഗിക പ്രവർത്തനങ്ങളിൽ ഏർപ്പെടാന്‍ അനുവദിക്കുന്നതായും ബഞ്ച് അഭിപ്രായപ്പെട്ടതായി ലൈവ് ലോ റിപ്പോർട്ട് ചെയ്തു.
ഗർഭാവസ്ഥയുടെ 24 ആഴ്ച വരെ ഗർഭഛിദ്രം അനുവദിക്കുന്നതിനുള്ള മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രഗ്നൻസി നിയമവും വിവാഹിതരും അവിവാഹിതരും തമ്മിലുള്ള വിവേചനം ഇല്ലാതാക്കുന്നതിനുള്ള നിയമങ്ങളും വ്യാഖ്യാനിക്കുന്നതിനിടെ ജസ്റ്റിസ് എ എസ് ബൊപ്പണ്ണ, ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ജെ ബി പരിദ്വാല എന്നിവരടങ്ങിയ ബെഞ്ച് എംടിപി നിയമങ്ങളിലെ വ്യവസ്ഥകൾ ചൂണ്ടിക്കാണിക്കുകയും ചെയ്തു.
എംടിപി നിയമങ്ങള്‍ സാമൂഹിക യാഥാർത്ഥ്യങ്ങൾക്ക് അനുസൃതമായി ക്രമീകരിക്കേണ്ടതുണ്ട്. 1971-ലെ നിയമം അക്കാലത്ത് വിവാഹിതരായ സ്ത്രീകളെ മാത്രമേ പരിഗണിച്ചിട്ടുള്ളതാണെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.