ന്യൂഡൽഹി: സുപ്രീ കോടതിയുടെ ചരിത്രത്തിൽ വനിതാ ജഡ്ജിമാർ മാത്രമുളള ബെഞ്ച് വീണ്ടും. ജസ്റ്റിസ് ആർ. ഭാനുമതിയും ജസ്റ്റിസ് ഇന്ദിരാ ബാനർജിയും ആണ് സെപ്തംബർ അഞ്ചിന് ഒരു ബെഞ്ചിൽ വരുന്നത്.
സ്ത്രീകൾ മാത്രം വരുന്ന ബെഞ്ച് സുപ്രീം കോടതിയിൽ ആദ്യമായി ഒരു കേസ് കേൾക്കുന്നത് 2013ലായിരുന്നു. ഗ്യാൻ സുധാ മിശ്രയും രഞ്ജനാ പ്രകാശ് ദേശായിയും ചേർന്ന ബെഞ്ചാണ് അന്ന് കേസ് കേട്ടത്.
ഇന്ദിരാ ബാനർജി സുപ്രീം കോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തപ്പോഴും സുപ്രീം കോടതി ഒരു ചരിത്രം കൂടെ എഴുതി ചേർത്തു. മൂന്ന് വനിതാ ജഡ്ജിമാർ സുപ്രീം കോടതിയിൽ ഒരേ സമയം ന്യായാധിപകളായി നിയമിക്കപ്പെടുന്നു എന്ന ചരിത്രം. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ സുപ്രീം കോടതിയിൽ എട്ടാമത്തെ വനിതാ ജഡ്ജിയാണ് ഇന്ദിരാ ബാനർജി.

നിലവിലുള്ള മൂന്ന് വനിതാ ജഡ്ജിമാരിൽ ഏറ്റവും സീനിയർ ജസ്റ്റിസ് ആയ ഭാനുമതി 2014 ഓഗസ്റ്റ് 13 നാണ് സുപ്രീം കോടതി ജഡ്ജിയായി നിയമിതയാകുന്നത്. 2020 ജൂലൈയിൽ ജസ്റ്റിസ് ഭാനുമതി വിരമിക്കും.
സുപ്രീം കോടതി രൂപീകൃതമായ 1950 ൽ നിന്നും 39 വർഷം പിന്നിട്ടപ്പോഴാണ് ആദ്യ വനിത സുപ്രീം കോടതി ജഡ്ജിയാകുന്നത്. കേരളാ ഹൈക്കോടതി ജഡ്ജിയായിരുന്ന ഫാത്തിമാ ബീവിയാണ് ആദ്യമായി സുപ്രീം കോടതിയിലേയ്ക്ക് എത്തുന്നത്. 1989 ലാണ് ഫാത്തിമാ ബീവി സുപ്രീം കോടതി ജഡ്ജിയാകുന്നത്.

പിന്നീട് സുജാത മനോഹർ, റൂമാ പാൽ, ഗ്യാൻ സുധാ മിശ്ര, രജ്ഞനപ്രകാശ് ദേശായി, ആർ. ഭാനുമതി, ഇന്ദു മൽഹോത്ര, ഇന്ദിരാ ബാനർജി എന്നിങ്ങനെയാണ് സുപ്രീം കോടതിയിലെ ജഡ്ജിമാരായ വനിതകൾ. കേരളാ ഹൈക്കോടതിയിൽനിന്നുളള ജഡ്ജിമാരായിരുന്നു സുപ്രീം കോടതിയിലെ ആദ്യത്തെ രണ്ട് വനിതാ ജഡ്ജിമാരും.
ജസ്റ്റിസ് സുജാതാ മനോഹർ ബോംബൈ ഹൈക്കോടതിയിൽ നിന്നും കേരളാ ഹൈക്കോടതി ചീഫ് ജസ്റ്റിസായി വന്നു.അവിടെ നിന്നുമാണ് സുപ്രീം കോടതി ജഡ്ജായി സ്ഥാനക്കയറ്റം ലഭിക്കുന്നത്. 1994 നവംബർ എട്ടിന് സുപ്രീം കോടതി ജഡ്ജിയായി നിയമിതയായ സുജാതാ മനോഹർ 1999 ഓഗസ്റ്റ് 27നാണ് വിരമിച്ചത്.
സുജാതാ മനോഹറിന് ശേഷമാണ് സുപ്രീം കോടതിയിൽ ഏറ്റവും കൂടുതൽ കാലം ജഡ്ജിയായിരുന്ന വനിത സുപ്രീം കോടതിയിൽ എത്തുന്നത്. റൂമാ പാലാണ് ഇതു വരെയളള വനിതാ ജഡ്ജിമാരിൽ കൂടുതൽ കാലം സുപ്രീം കോടതിയിൽ ജഡ്ജിയായിരുന്നത്. ആറ് വർഷത്തിലേറെക്കാലം റൂമാ പാൽ സുപ്രീം കോടതി ജഡ്ജിയായിരന്നു. 2000 ജനുവരി 28 ന് സുപ്രീം കോടതി ജഡ്ജിയായി ചുമതലയേറ്റ് റൂമാ പാൽ 2006 ജൂൺ രണ്ട് വരെ സുപ്രീം കോടതി ജഡ്ജിയായി സേവനമനുഷ്ഠിച്ചു.
റൂമാപാൽ വിരമിച്ച ശേഷം നാല് വർഷത്തിന് ശേഷമാണ് അടുത്ത വനിത ജഡ്ജി സുപ്രീം കോടതിയിൽ നിയമിക്കപ്പെടുത്തന്നത്. 2010 ഏപ്രിൽ 30നാണ് നാല് വർഷത്തിന് ശേഷം ഗ്യാൻ സുധാ മിശ്ര സുപ്രീം കോടതിയിലെ വനിതാ ജഡ്ജിയാകുന്നത്. 2014 ഏപ്രിൽ വരെ സർവീസിലുണ്ടായിരന്നു. ഈ സമയത്താണ് രജ്ഞനാ പ്രകാശ് ദേശായിയും സുപ്രീം കോടതി ജഡ്ജായി നിയമിക്കപ്പെടുന്നത്. 2011 സെപ്തംബർ 13 മുതൽ 2014 ഒക്ടോബർ 29 വരെയായിരുന്നു രജ്ഞനാ പ്രകാശ് ദേശായിയുടെ കാലാവധി. ഇതിനിടിയിലാണ് 2013 ൽ ഇരുവരും അടങ്ങുന്ന ബെഞ്ച് കേസ് കേട്ട് ചരിത്രമെഴുതിയത്.
2014 ഓഗസ്റ്റ് 13 ന് ഭാനുമതി സുപ്രീം കോടതിയിൽ നിയമിതയായി. എന്നാൽ രജ്ഞനാ പ്രകാശ് ദേശായി വിരമിച്ച ശേഷം മൂന്ന് വർഷത്തോളം ഭാനുമതി മാത്രമായിരുന്നു സുപ്രീം കോടതിയിലെ ഏക വനിത ജഡ്ജി. ഈ വർഷം ഏപ്രിൽ 27നാണ് ഇന്ദു മൽഹോത്രയെ സുപ്രീം കോടതി ജഡ്ജിയായി നിയമിച്ചത്. ഓഗസ്റ്റ് മാസം ഇന്ദിരാ ബാനർജിയെയും നിയമിച്ചു.