ബെംഗളൂരു: തിരഞ്ഞെടുപ്പ് നടക്കുന്ന കര്‍ണാടകയിലെ ചില ബൂത്തുകളില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളില്‍ വ്യാപക ക്രമക്കേടെന്ന് ആരോപണം. വോട്ടിങ് മെഷീനില്‍ കൃത്രിമം കണ്ടെത്തിയതിനെ തുടര്‍ന്ന് ബന്ഹട്ടിയിലെ ഒരു പോളിങ് ബൂത്തില്‍ വോട്ടെടുപ്പ് രണ്ട് മണിക്കൂറോളം നിര്‍ത്തിവച്ചു. മെഷീനില്‍ ക്രമക്കേട് ഉണ്ടെന്ന് കോണ്‍ഗ്രസ് വക്താവ് ബ്രിജേഷ് കലപ്പ ആരോപിച്ചു.
ഇത് സംബന്ധിച്ച് അദ്ദേഹം ട്വീറ്റും ചെയ്തിട്ടുണ്ട്. ആര്‍എംവി പ്രദേശത്തെ ഒരു ബൂത്തില്‍ ഏത് ചിഹ്നത്തില്‍ ഞെക്കിയാലും വോട്ട് പോകുന്നത് താമരയ്ക്കാണെന്ന് അദ്ദേഹം പറഞ്ഞു. രോഷാകുലരായ വോട്ടര്‍മാര്‍ വോട്ട് ചെയ്യാതെ തിരിച്ച് പോവുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. രാമനഗര, ചമരാജ്പേട്ട്, ഹെബ്ബാള്‍ എന്നിവിടങ്ങളില്‍ നിന്നും മെഷീനിലെ ക്രമക്കേട് സംബന്ധിച്ച പരാതി ലഭിച്ചിട്ടുണ്ടെന്നും ബ്രിജേഷ് പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാവിലെ ഏഴ് മണി മുതലാണ് വോട്ടെടുപ്പ് ആരംഭിച്ചത്. മംഗളൂരു, ദക്ഷിണ കന്നഡ ഉള്‍പ്പെടെയുള്ള മേഖലകളില്‍ രാവിലെ മുതല്‍ തന്നെ നീണ്ട ക്യൂ രൂപപ്പെട്ടു. അതേസമയം, മൈസൂരു, ബെംഗളൂരു, മടിക്കേരി, തുടങ്ങിയ മേഖലകളില്‍ മന്ദഗതിയിലാണ് പോളിങ്. രാവിലെ 10 മണി കഴിയുന്നതോടെ കൂടുതല്‍പേര്‍ പോളിങ് ബൂത്തില്‍ എത്തുമെന്നാണ് രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതീക്ഷ. വൈകീട്ട് ആറ് മണി വരെയാണ് പോളിങ്.
224 നിയോജക മണ്ഡലങ്ങളില്‍ 222 ഇടങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.
രണ്ടിടത്തെ തിരഞ്ഞെടുപ്പ് മാറ്റിവച്ചിട്ടുണ്ട്. സ്ത്രീകള്‍ക്ക് മാത്രമായി പിങ്ക് ബൂത്തുകളും സജ്ജമാക്കിയിട്ടുണ്ട് എന്നതാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പിന്റെ പ്രത്യേകത. 450 പിങ്ക് ബൂത്തുകളാണ് സംസ്ഥാനത്ത് ഒരുക്കിയിട്ടുള്ളത്.
മുഖ്യമന്ത്രി സിദ്ധരാമയ്യ നയിക്കുന്ന കോണ്‍ഗ്രസും മുന്‍ മുഖ്യമന്ത്രി നയിക്കുന്ന ബിജെപിയും തമ്മിലാണ് പ്രധാന മല്‍സരം. എച്ച്.ഡി.ദേവഗൗഡയുടെ ജനതാദള്‍ എസും ആം ആദ്മി പാര്‍ട്ടിയും എംഇപിയും മല്‍സരരംഗത്തുണ്ട്.
56696 ബൂത്തുകളിലായി 5.12 കോടി വോട്ടര്‍മാരാണ് ഇന്ന് സമ്മതിദാനാവകാശം വിനിയോഗിക്കുക. 2.44 കോടി സ്ത്രീകള്‍ ഉള്‍പ്പെടെയാണിത്. 12000 ബൂത്തുകള്‍ പ്രശ്നബാധിതമായി കണ്ടെത്തിയിട്ടുണ്ട്. കനത്ത സുരക്ഷയിലാണ് വോട്ടെടുപ്പ് നടക്കുക. വാശിയേറിയ പോരാട്ടം നടക്കുന്ന കര്‍ണാടകയില്‍ ആര് ജയിക്കുമെന്ന് വ്യക്തമായി പ്രവചിക്കാന്‍ അഭിപ്രായ സര്‍വേകള്‍ക്കും കഴിഞ്ഞിട്ടില്ല. 15 തിങ്കളാഴ്ചയാണ് വോട്ടെണ്ണല്‍.