scorecardresearch

ഒടുവില്‍ സര്‍ക്കാര്‍ മുട്ടുമടക്കി; കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതായി പ്രധാനമന്ത്രി

പ്രക്ഷോഭം അവസാനിപ്പിക്കണമെന്ന് കര്‍ഷരോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടു

ഒടുവില്‍ സര്‍ക്കാര്‍ മുട്ടുമടക്കി; കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതായി പ്രധാനമന്ത്രി
ഫയൽ ചിത്രം

ന്യൂഡല്‍ഹി: വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തില്‍ നടപടി സ്വീകരിക്കും. പ്രക്ഷോഭം അവസാനിപ്പിക്കണമെന്ന് കര്‍ഷകരോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

കര്‍ഷകരുടെ പ്രതിസന്ധി തനിക്ക് മനസിലാക്കാനായെന്ന് പറഞ്ഞ മോദി ചെറുകിട കര്‍ഷകരുടെ അഭിവൃദ്ധിക്കായാണ് നിയമം കൊണ്ടുവന്നതെന്ന് കൂട്ടിച്ചേര്‍ത്തു. സര്‍ക്കാരിന്റെ ഉദ്ദേശശുദ്ധി വ്യക്തമായിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

“ജനങ്ങളോട് ക്ഷമാപണം നടത്തുമ്പോള്‍ ആത്മാർത്ഥമായി ഞാന്‍ പറയാൻ ആഗ്രഹിക്കുന്നു, ഞങ്ങളുടെ പരിശ്രമത്തിൽ എന്തെങ്കിലും പോരായ്മ ഉണ്ടായിട്ടുണ്ടാകാം. അതുകൊണ്ടാണ് ചില കർഷകർക്ക് സത്യം വിശദീകരിച്ച് കൊടുക്കാന്‍ കഴിയാതെ പോയത്,” ഗുരുനാനക് ദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.

“ഇന്ന് ഗുരുനാനാക് ദിനമാണ്. ആരെയും കുറ്റപ്പെടുത്താനുള്ള സമയമല്ല ഇത്. മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കാൻ ഞങ്ങൾ തീരുമാനിച്ചുവെന്ന് ഈ രാജ്യത്തോട് പറയാനാണ് ഞാന്‍ വന്നിരിക്കുന്നത്. ഈ മാസം അവസാനം ആരംഭിക്കുന്ന പാർലമെന്റ് സമ്മേളനത്തിൽ കാർഷിക നിയമങ്ങൾ റദ്ദാക്കാനുള്ള ഭരണഘടനാപരമായ നടപടികൾ പൂർത്തിയാക്കും,” പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ സമരം ഉടന്‍ പിന്‍വലിക്കില്ലെന്ന് കര്‍ഷകര്‍ വ്യക്തമാക്കി. “സമരം ഉടൻ പിൻവലിക്കില്ല, പാർലമെന്റിൽ കാർഷിക നിയമങ്ങൾ റദ്ദാക്കുന്ന നാളിനായി കാത്തിരിക്കും,” ഭാരതീയ കിസാന്‍ സഭ വക്താവ് രാകേഷ് ടിക്കായത്ത് പറഞ്ഞു

സത്യാഗ്രഹം ധാര്‍ഷ്ട്യത്തെ കീഴടക്കി എന്നായിരുന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ വാക്കുകള്‍. “രാജ്യത്തെ അന്നദാതാക്കള്‍ സത്യാഗ്രഹം കൊണ്ട് ദാര്‍ഷ്ട്യത്തെ കീഴടക്കി. അനീതിക്കെതിരായ ഈ വിജയത്തിന് അഭിനന്ദനങ്ങള്‍,” രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. കേന്ദ്ര സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ നിര്‍ബന്ധിതരാകുമെന്നെ തന്റെ പ്രഖ്യാപനത്തിന്റെ വീഡിയോ റീട്വീറ്റ് ചെയ്തുകൊണ്ടായിരുന്നു രാഹുലിന്റെ വാക്കുകള്‍.

മുന്‍ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്തു. “ഗുരുനാനാക് ജയന്തിയുടെ പുണ്യവേളയിൽ പഞ്ചാബിലെ ഓരോരുത്തരുടെയും ആവശ്യങ്ങൾ അംഗീകരിച്ചതിനും മൂന്ന് നിയമങ്ങളും റദ്ദാക്കിയതിനും പ്രധാനമന്ത്രിക്ക് നന്ദി. കര്‍ഷകരുടെ ഉന്നമനത്തിനായി കേന്ദ്ര സർക്കാർ സഹകരിച്ച് പ്രവർത്തിക്കുന്നത് തുടരുമെന്ന് എനിക്ക് ഉറപ്പുണ്ട്,” അമരീന്ദര്‍ സിങ് പറഞ്ഞു.

പ്രധാനമായും പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള കർഷകർ നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് 2020 നവംബർ 26 മുതൽ ഡൽഹി അതിർത്തികളിൽ സമരം തുടരുകയാണ്. പ്രക്ഷോഭം അവസാനിപ്പിക്കാൻ സർക്കാരും കർഷക സംഘടനകളും തമ്മിൽ പലവട്ടം നടത്തിയ ചർച്ചകൾ പരാജയപ്പെട്ടു. തുടർന്ന് മൂന്ന് കാർഷിക നിയമങ്ങൾ നടപ്പാക്കുന്നത് സുപ്രീം കോടതി സ്റ്റേ ചെയ്യുകയായിരുന്നു.

മിനിമം താങ്ങുവില ഉറപ്പാക്കുന്നത് ഉള്‍പ്പടെ കൃഷിയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ തീരുമാനങ്ങള്‍ എടുക്കുന്നതിനായി കേന്ദ്ര സർക്കാർ, സംസ്ഥാന സർക്കാരുകളുടെ പ്രതിനിധികള്‍, കർഷകർ, കാർഷിക ശാസ്ത്രജ്ഞർ, കാർഷിക സാമ്പത്തിക വിദഗ്ധർ ഉൾപ്പെടുന്ന കമ്മിറ്റി രൂപീകരിക്കുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു.

Read Also: മഴ ശക്തമായി തുടരും; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: All three farm laws repealed say pm narendra modi