ന്യൂഡൽഹി: കാർഷിക നിയമങ്ങൾ കർഷകർക്കു വേണ്ടിയുളളതല്ലെന്നും പ്രധാനമന്ത്രിയുടെ കുത്തക മുതലാളി സുഹൃത്തുക്കൾക്കു വേണ്ടിയുളളതാണെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഈ രാജ്യത്തെ മാധ്യമങ്ങളെ നിയന്ത്രിക്കുന്നത് മോദിയുടെ മുതലാളി സുഹൃത്തുക്കളാണ്. തിരഞ്ഞെടുപ്പ് നടത്തുന്നതും ഇതേ മുതലാളിമാരുടെ സഹായത്തോടെയാണ്. രാജ്യം മുഴുവൻ ഇവർക്കായി നൽകിയിരിക്കുകയാണെന്നും പ്രിയങ്ക ആരോപിച്ചു. ഉത്തർപ്രദേശിലെ ബിജ്നോറിൽ കിസാൻ മഹാപഞ്ചായത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രിയങ്ക.

”ലോകം മുഴുവൻ സഞ്ചരിക്കാൻ പ്രധാനമന്ത്രിക്ക് കഴിയും. പക്ഷേ അദ്ദേഹത്തിന്റെ വസതിയിൽനിന്നും ഏതാനും കിലോമീറ്റുകൾ അകലെയുളള കർഷകരെ സന്ദർശിക്കാൻ കഴിയില്ല. പ്രധാനമന്ത്രിയോട് നേരിട്ടൊന്നു സംസാരിക്കാനായാണ് മൂന്നു ലക്ഷത്തോളം കർഷകർ അദ്ദേഹത്തിന്റെ വസതിയിൽനിന്നും ഏതാനും കിലോമീറ്ററുകൾക്ക് അകലെയായി കഴിയുന്നത്. പക്ഷേ, അദ്ദേഹത്തിന് അവരെ കാണാൻ സമയമില്ല,” പ്രിയങ്ക പറഞ്ഞു.

Read More: യുവ പരിസ്ഥിതി പ്രവർത്തക ദിശ രവിയുടെ അറസ്റ്റ്, രാജ്യമെങ്ങും വ്യാപക പ്രതിഷേധം

സ്വന്തം അവകാശങ്ങൾക്കുവേണ്ടി പോരാടുന്ന കർഷകർക്കൊപ്പമാണ് താനെന്നും പ്രിയങ്ക പറഞ്ഞു. ”ഞാൻ നിങ്ങൾക്കൊപ്പമുണ്ട്, രാഹുൽ ഗാന്ധിയും നിങ്ങൾക്കൊപ്പമുണ്ട്. ഓരോ കോൺഗ്രസ് പ്രവർത്തകരും നിങ്ങൾക്കൊപ്പമാണ്. നിങ്ങളുടെ അവകാശങ്ങൾക്കായി നിങ്ങൾ തുടർന്നും പോരാടുമെന്ന് എനിക്ക് വിശ്വാസമുണ്ട്,” പ്രിയങ്ക പറഞ്ഞു.

തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ബിജെപി നൽകിയ വാഗ്‌ദാനങ്ങൾ നരേന്ദ്ര മോദി സർക്കാർ നടപ്പിലാക്കിയില്ലെന്നും പ്രിയങ്ക അഭിപ്രായപ്പെട്ടു. കർഷകരുടെ വരുമാനം ഇരട്ടിപ്പിക്കും, കർഷകരുടെ അഭിവൃദ്ധിക്കായുളള പദ്ധതികൾ നടപ്പിലാക്കും എന്നൊക്കെ മോദി വാഗ്‌ദാനം നൽകി. പക്ഷേ അദ്ദേഹത്തിന്റെ ഭരണകാലയളവിൽ ഇതൊന്നും തന്നെ നടന്നില്ലെന്നും പ്രിയങ്ക പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook