ആറുമാസത്തിലേറെയായി എങ്കിലും നോർത്ത് 24 പർഗാനാസിലെ കങ്കിനാരയിലുള്ള തന്റെ ഒറ്റമുറി വാടകവീട്ടിൽ ഇരിക്കുന്ന പതിനൊന്നുകാരൻ മഹേഷ് ഷായ്ക്ക് കഴിഞ്ഞു പോയതിന്റെ ഭീതിയിൽനിന്നു മുക്തനാകാൻ കഴിഞ്ഞിട്ടില്ല.
2022 ഒക്‌ടോബറിൽ തന്റെ സുഹൃത്തായ എട്ടുവയസ്സുകാരൻ നിഖിൽ പാസ്വാനൊപ്പം റെയിൽവേ ട്രാക്കിന് സമീപം കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് കളിപ്പാട്ടത്തിന് സമാനമായ ഒരു ബോക്സ് കൈയിലെത്തുന്നത്. അതൊരു ബോംബായിരുന്നു എന്ന് അവർ തിരിച്ചറിയുന്നതിന് മുൻപ് തന്നെ അത് പൊട്ടിത്തെറിച്ചു. സ്‌ഫോടനത്തിൽ നിഖിലിനൊപ്പം മഹേഷിന് നഷ്ടമായത് ഇടതു കൈപ്പത്തിയാണ്.
പശ്ചിമ ബംഗാളിൽ ഉടനീളം ഇത്തരത്തിൽ അംഗവൈകല്യം സംഭവിക്കുകയോ കൊല്ലപ്പെടുകയോ ചെയ്ത നിരവധി കുട്ടികളിൽ രണ്ടു പേർ മാത്രമാണ് മഹേഷും നിഖിലും. മിക്ക സംഭവങ്ങളിലും കുട്ടികൾ ക്രൂഡ് ബോംബുകളെ കളിപ്പാട്ടമായി തെറ്റിദ്ധരിക്കുകയായിരുന്നു. തൃണമൂൽ കോൺഗ്രസും അതിന്റെ രാഷ്ട്രീയ എതിരാളികളും തമ്മിലുള്ള അക്രമാസക്തമായ പോരാട്ടത്തിന്റെ പ്രായം കുറഞ്ഞ ഇരകളാണിവർ.
2018 മുതൽ തങ്ങളുടെ അനുയായികളിൽ 224 പേർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടുവെന്ന് ബിജെപി അവകാശപ്പെടുന്നു. കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ അവരിൽ 15 പേർ കൊല്ലപ്പെട്ടതായി സിപിഎമ്മും ആരോപിക്കുമ്പോൾ ടിഎംസി ഇതിനെ പ്രോപ്പഗൻഡായി തള്ളിക്കളഞ്ഞു. കുറച്ചുപേർ മാത്രമാണ് ഈ കുട്ടികളെക്കുറിച്ച് സംസാരിക്കുന്നത്.
ബോംബുകൾ നിർമ്മിക്കുന്നത് ഇപ്പോൾ ഒരു കുടിൽ വ്യവസായമാണ്. (ഈ പരമ്പരയുടെ രണ്ടാം ഭാഗം) രാഷ്ട്രീയത്തിന് അപ്പുറവും ഇടപാടുകാരുള്ള താൽക്കാലിക വർക്ക്‌ഷോപ്പുകൾ സംസ്ഥാനത്ത് വ്യാപിക്കുന്നു.
പടക്ക ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തിൽ ഒമ്പത് പേർ കൊല്ലപ്പെട്ട സംഭവത്തിൽ ദേശീയ അന്വേഷണ ഏജൻസി അന്വേഷണം ആവശ്യപ്പെട്ട് ബിജെപിയുടെ സംസ്ഥാന ഘടകം ഈയാഴ്‌ച ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെ ഇത് വീണ്ടും രാഷ്ട്രീയ ശ്രദ്ധകേന്ദ്രമായി മാറിയിരിക്കുകയാണ്. സംഭവം കേന്ദ്ര ഏജൻസിയുമായി അന്വേഷിക്കുന്നതിൽ തനിക്ക് പ്രശ്‌നങ്ങളൊന്നുമില്ലെന്ന് മുഖ്യമന്ത്രി മമത ബാനർജി തിരിച്ചടിച്ചപ്പോഴും അവിടെ ക്രൂഡ് ബോംബുകൾ നിർമ്മിക്കുന്നുണ്ടെന്ന് പാർട്ടി പറയുന്നു.
പൊലീസ് രേഖകൾ പരിശോധിച്ച്, അതിജീവിച്ചവരുടെ കുടുംബങ്ങളെയും പ്രാദേശിക ഉദ്യോഗസ്ഥരെയും അഭിമുഖം നടത്തി, 2021 നും 2022 നും ഇടയിൽ അഞ്ച് ജില്ലകളിലായി മരിച്ച ആറ് കുട്ടികളുടെയും ഗുരുതരമായി പരിക്കേറ്റ 18 പേരുടെയും 24 കുടുംബങ്ങളെ ഇന്ത്യൻ എക്സ്പ്രസ് കണ്ടെത്തി: ബർദ്വാൻ, ബിർഭം, മാൾഡ, നോർത്ത്, സൗത്ത് 24 പർഗാനാസ് എന്നിവയാണ് ആ അഞ്ച് ജില്ലകൾ.
നോർത്ത് 24 പർഗാനാസ്
‘ഞങ്ങൾ എങ്ങനെ കുട്ടികളെ ദിവസം മുഴുവൻ പൂട്ടിയിടും?’
“ചിലപ്പോൾ വളരെയധികം വേദനിക്കും. എനിക്ക് സ്കൂളിൽ പോകാനോ സ്വന്തമായി കുളിക്കാനോ കഴിയില്ല, ”മഹേഷ് ഷാ പറഞ്ഞു.
“ദീപാവലി കഴിഞ്ഞുള്ള ദിവസമായിരുന്നു അത്. ഞാനും നിഖിലും റെയിൽവേ ട്രാക്കിനടുത്തുള്ള പാടത്ത് കളിക്കാൻ പോയപ്പോഴാണ് രണ്ട് ചെറിയ മെറ്റൽ ബോക്സുകൾ കണ്ടെത്തിയത്. രണ്ടും ടേപ്പ് കൊണ്ട് അടച്ചിരുന്നു, അതിനു മുകളിൽ ഒരു ക്രോസും ഉണ്ടായിരുന്നു. നിഖിൽ ഒന്ന് എന്റെ കയ്യിൽ തന്നു. ഞാൻ അത് തുറക്കാൻ ശ്രമിച്ചപ്പോൾ സ്‌ഫോടനം ഉണ്ടായി. എന്റെ കൈ നഷ്ടപ്പെട്ടു, ഓടുന്നതിന് മുമ്പ് നിഖിൽ നിലത്ത് വീഴുന്നത് ഞാൻ കണ്ടു. സംഭവത്തിന് ശേഷം പ്രദേശത്ത് നിന്ന് 60 ക്രൂഡ് ബോംബുകളാണ് പൊലീസ് കണ്ടെടുത്തിയത്.
“കൈ പൊള്ളിയ നിലയിൽ മഹേഷ് വീട്ടിലേക്ക് ഓടുന്നത് ഞങ്ങൾ കണ്ടു,” പിതാവ് അരുൺ കുമാർ ഷാ ഓർമ്മിക്കുന്നു. അദ്ദേഹം പ്രാദേശികമായി കടത്തുവള്ളം കൊണ്ട് ഉപജീവനം കണ്ടെത്തുന്നു. ഭാര്യ ഒരു ഹോസറി ഫാക്ടറിയിൽ ജോലി ചെയ്യുന്നു. “എന്റെ മകന്റെ ജീവിതം നശിച്ചു. പ്രാദേശിക ടിഎംസി നേതാക്കൾ ആശുപത്രി ബിൽ അടച്ചു. പക്ഷേ അവന്റെ ഭാവി സുരക്ഷിതമാക്കാൻ ഞങ്ങൾക്ക് നഷ്ടപരിഹാരം ആവശ്യമാണ്,” അരുൺ പറയുന്നു.
കഷ്ടിച്ച് 10 മിനിറ്റ് മാത്രം അകലെ, ഇപ്പോൾ സഹോദരന്റെ സംരക്ഷണയിൽ കഴിയുന്ന നിഖിലിന്റെ അമ്മ കുസും പാസ്വാൻ (35) വീട്ടിലേക്ക് മടങ്ങാൻ വിസമ്മതിച്ചു. “ആ ഭീകരതയെക്കുറിച്ച് ഞങ്ങൾ ഓർമ്മിപ്പിക്കാൻ ആഗ്രഹിക്കുന്നില്ല,” കുസുമം പറഞ്ഞു. “നിങ്ങൾ പറയൂ, ഞങ്ങൾ എങ്ങനെ കുട്ടികളെ ദിവസം മുഴുവൻ വീട്ടിൽ പൂട്ടിയിടും? കളിക്കാൻ ഇടമില്ലാത്ത ഒറ്റമുറി വീടുകളാണ് പലതും.”
കേസിന്റെ അവസ്ഥ: നാല് പേരെ അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തു. ഇതാണ് വെല്ലുവിളിയെന്ന് ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. “അറസ്റ്റിലായവർ ജാമ്യം നേടുകയും ദിവസങ്ങൾക്കുള്ളിൽ പുറത്തിറങ്ങുകയും ചെയ്യുന്നു. എല്ലാ ബോംബ് സ്ഫോടനത്തിനും രാഷ്ട്രീയ ബന്ധമുണ്ടാകണമെന്നില്ല, എന്നാൽ പല പ്രതികളും രാഷ്ട്രീയ രക്ഷാകർതൃത്വം ആസ്വദിക്കുന്നുവെന്നത് സത്യമാണ്. പൊലീസ് ബോംബുകൾക്കെതിരെ സ്‌പെഷ്യൽ ഡ്രൈവ് നടത്തുമ്പോൾ, അറസ്റ്റിൽ നിന്ന് രക്ഷപ്പെടാൻ അക്രമികൾ അവ തുറസ്സായ സ്ഥലത്ത് വലിച്ചെറിയുന്നു,”ഉദ്യോഗസ്ഥൻ പറഞ്ഞു.

മഹേഷിന്റെ വീട്ടിൽ നിന്ന് ഏകദേശം 3 കിലോമീറ്റർ അകലെ, കർബലേ ഏരിയയിൽ, 2022 ഡിസംബർ 7 ന് സ്‌ഫോടനത്തിൽ രണ്ട് കുട്ടികൾക്ക് പരുക്കേറ്റതോടെ മാതാപിതാക്കൾ കുട്ടികളെ പുറത്തു കളിക്കാൻ അനുവദിക്കാറില്ല.
“നല്ല തണുപ്പായിരുന്നു. ഞങ്ങൾ തീ കായുകയായിരുന്നു. മാലിന്യ കൂമ്പാരത്തിൽ നിന്ന് ഞങ്ങൾ ഒരു ഉരുണ്ട വസ്തു കണ്ടെത്തിയപ്പോൾ അതും തീയിൽ ഇട്ടു. അപ്പോഴാണ് സ്ഫോടനം ഉണ്ടായത്. എന്റെ കാലുകൾക്ക് പരിക്കേറ്റു, എന്റെ സുഹൃത്തിനും (മുഹമ്മദ് അഫ്രോസ്, 8) ഗുരുതരമായി പരിക്കേറ്റു, ”മുഹമ്മദ് വാസിഫ് (15) പറഞ്ഞു.
ബോംബ് പൊട്ടിത്തെറിച്ച വയലിന് സമീപമാണ് പ്രീ പ്രൈമറി മുതൽ അഞ്ചാം ക്ലാസ് വരെ 113 കുട്ടികൾ പഠിക്കുന്ന ഗാന്ധി വിദ്യാലയം. സംഭവത്തെത്തുടർന്ന് ബോധവത്കരണത്തിനായി അധികൃതർ പ്രത്യേക ക്ലാസുകൾ നടത്തി.
“അഫ്രോസ് ഇവിടെ ഒരു വിദ്യാർത്ഥിയാണ്. സംഭവം നടന്നതിന് ശേഷം ഞങ്ങൾ വിദ്യാർത്ഥികളെ പുറത്ത് കളിക്കാൻ അനുവദിച്ചിരുന്നില്ല. ഞങ്ങൾക്ക് അവരുടെ ജീവൻ അപകടത്തിലാക്കാൻ കഴിയില്ല, ”പ്രധാന അധ്യാപിക നന്ദിത ശർമ പറഞ്ഞു.
കേസിന്റെ അവസ്ഥ: അഞ്ച് പേരെ അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തു.
അതേ ജില്ലയിലാണ് ബോംബ് സ്ഫോടനത്തിന്റെ മൂന്നാമത്തെ ഇരയായ സോഹാന ഖാത്തൂൻ എന്ന ജുമ (10) ബക്ചോറ ഗ്രാമത്തിൽ താമസിച്ചിരുന്നത്. കഴിഞ്ഞ വർഷം നവംബർ 16 ന് സോഹാനയുടെ അമ്മാവന്റെ വീടിന്റെ ടെറസിൽ നിന്ന് കണ്ടെടുത്ത ഉരുണ്ട വസ്തു എടുക്കുന്നതിനിടയിലാണ് കൊല്ലപ്പെട്ടത്. സുഹൃത്ത് റഹീമ പർവിനും (10) പരിക്കേൽക്കുകയും ചെയ്തു.
കേസിന്റെ അവസ്ഥ: തൃണമൂൽ കോൺഗ്രസ് പ്രവർത്തകനാണെന്ന് നാട്ടുകാർ അവകാശപ്പെടുന്ന നജ്മയുടെ അമ്മാവൻ അബു ഹൊസൈൻ ഗയെനെ പൊലീസ് അറസ്റ്റ് ചെയ്തു. “ഇത് വളരെ നിർഭാഗ്യകരമായ സംഭവമായിരുന്നു. നമ്മുടെ പാർട്ടി പ്രവർത്തകരിൽ ചിലർ ഇത്തരം സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു. ഞങ്ങളുടെ പാർട്ടി ഇതിനെ പിന്തുണയ്ക്കുന്നില്ല. ഞങ്ങളുടെ പ്രദേശത്ത് എന്താണ് സംഭവിച്ചതെന്ന് ഞങ്ങൾ ഇതിനകം തന്നെ ഞങ്ങളുടെ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്,” പ്രാദേശിക പഞ്ചായത്ത് പ്രധാൻ അബ്ദുൾ ഹമീദ് ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
ബർദ്വാൻ
‘എന്റെ മകന്റെ ജീവന്റെ വിലയാണോ രണ്ട് ലക്ഷം ?
2021 മാർച്ച് 22 ന്, അയൽപക്കത്തെ പൂന്തോട്ടത്തിൽനിന്നു പന്താണെന്ന് കരുതി ചണം പൊതിഞ്ഞ വസ്തു എടുത്തപ്പോഴാണ് ഏഴ് വയസ്സുള്ള ഷെയ്ഖ് അബ്രോസ് കൊല്ലപ്പെട്ടത്. സ്‌ഫോടനത്തിൽ സുഹൃത്ത് ഷെയ്ഖ് ഇബ്രാഹിമിന് (8) പരിക്കേറ്റു.
“ഞങ്ങളുടെ മൺ വീട്ടിൽ ഉപയോഗിക്കുന്നതിന് തോട്ടത്തിൽ നിന്ന് കുറച്ച് മണ്ണ് എടുക്കാൻ ഞാൻ മകനോട് ആവശ്യപ്പെട്ടു. അവൻ പുറത്തേക്ക് പോയി, കുറച്ച് കഴിഞ്ഞ് വലിയ ശബ്ദം കേട്ടു. ബർദ്‌വാൻ ആശുപത്രിയിൽ കൊണ്ടുപോയിയെങ്കിലും അവൻ മരിച്ചതായി പറഞ്ഞു, ”രസിക്പൂരിലെ പ്ലാസ്റ്റിക് മേൽക്കൂരയുള്ള ഒരു ചെറിയ മൺ വീട്ടിൽ ഇരുന്ന അബ്രോസിന്റെ അമ്മ സാനിയ ബീബി പറഞ്ഞു.

“അന്ന് തിരഞ്ഞെടുപ്പ് സമയമായിരുന്നു, ചില അക്രമികൾ അവിടെ ഒരു ക്രൂഡ് ബോംബ് ഒളിപ്പിച്ചിരുന്നു,” അബ്രോസിന്റെ പിതാവും ഡ്രൈവറുമായ ഷെയ്ഖ് ബബ്‌ലു പറഞ്ഞു. “എന്റെ മകൻ ഒരിക്കലും തിരിച്ചുവരില്ല. അവർ (സംസ്ഥാന സർക്കാർ) എനിക്ക് 2 ലക്ഷം രൂപ തന്നു. ഇതാണോ എന്റെ മകന്റെ ജീവന് വില? സാനിയ ചോദിക്കുന്നു.
കേസിന്റെ അവസ്ഥ: എഫ്‌ഐആർ ഫയൽ ചെയ്‌തെങ്കിലും ഇതുവരെ അറസ്റ്റൊന്നും നടന്നില്ല.
സൗത്ത് 24 പർഗാനാസ്
‘ഞങ്ങളുടെ കുട്ടികളെ പുറത്ത് കളിക്കാൻ ഞങ്ങൾ അനുവദിക്കുന്നില്ല’
കഴിഞ്ഞ വർഷം ഒക്ടോബർ 28 ന്, രണ്ട് പേർ അസംസ്കൃത ബോംബ് എറിഞ്ഞതിനെത്തുടർന്ന് 14 വയസ്സിന് താഴെയുള്ള അഞ്ച് കുട്ടികൾക്ക് പരിക്കേറ്റ നരേന്ദ്രപൂരിലെ അത്ഘോര ഗ്രാമം ഇന്നു ഭയത്തിന്റെ നിഴലിലാണ്. ബോംബ് എറിഞ്ഞവരെ ഇതുവരെ കണ്ടെത്താനായിട്ടില്ല.
“മൈതാനത്ത് കളിക്കുകയായിരുന്നു. രണ്ട് പേർ അവിടെ വന്നു ഞങ്ങളോട് പോകാൻ ആവശ്യപ്പെട്ടു. പക്ഷേ ഞങ്ങൾ ഇല്ലെന്ന് പറഞ്ഞു. പെട്ടെന്ന് രണ്ട് വലിയ സ്ഫോടനങ്ങൾ കേട്ടു. എന്തൊക്കെയോ വസ്തുക്കൾ എന്റെയും സുഹൃത്തുക്കളുടെയും കാലിലും മുതുകിലും വന്നു തട്ടി. അതോടെ ശരീരത്തെല്ലാം മുറിവുകളുണ്ടായി, ”ആദർശ ശിശു നികേതനിലെ വിദ്യാർത്ഥിയായ ലാൽതു അധ്യ (12) പറഞ്ഞു.
“അന്ന് അവന്റെ ജന്മദിനമായിരുന്നു. എന്റെ മകനും മറ്റ് നാല് കുട്ടികളും ചോരവാർന്ന് കൊണ്ടാണ് വീട്ടിലേക്ക് ഓടിവന്നത്. രണ്ടാഴ്ചയോളം സ്‌കൂളിൽ പോകാൻ കഴിഞ്ഞില്ല. ഇപ്പോൾ ഞങ്ങൾ കുട്ടികളെ പുറത്ത് കളിക്കാൻ അനുവദിക്കുന്നില്ല, ”ലാൽത്തുവിന്റെ അമ്മ സഞ്ചിത ആധ്യ പറഞ്ഞു.
കേസിന്റെ സ്ഥിതി: എഫ്‌ഐആർ ഫയൽ ചെയ്തു, അറസ്റ്റില്ല.
കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക