“അവള് കലയില്‍ എത്ര മികച്ചതായിരുന്നെന്ന് നോക്കു. അവളുടെ ഹിന്ദി, ഇംഗ്ലീഷ് നോട്ട്ബുക്കുകള്‍, കയ്യക്ഷരം നോക്കു. ഇതുകൊണ്ടാണ് അവള് പഠിക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിച്ചത്, ഞങ്ങള്‍ക്ക് കഴിയാതെ പോയതെല്ലാം അവള് ചെയ്യുമായിരുന്നു.”
എന്നാല്‍ അവളുടെ കഥയും മറ്റുള്ളവരെ പോലെ അവസാനിക്കുകയായിരുന്നു. സെപ്തംബര്‍ 14-ാം തീയതിയായിരുന്നു ലഖിംപൂര്‍ ഖേരിയില്‍ ദളിത് വിദ്യാര്‍ഥിയും മൂത്ത സഹോദരിയേയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
പെണ്‍കുട്ടികളെ അറിയാവുന്ന ആറ് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ആദ്യം കുട്ടികളുടെ മരണം ആത്മഹത്യയെന്നാണ് കരുതിയിരുന്നത്. നിലവില്‍ ബലാത്സംഗവും കൊലപാതകവും ആരോപിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
മരണപ്പെട്ട കുട്ടികളുടെ സമീപത്തുള്ള പെണ്‍കുട്ടികളും ഭയത്തോടെയാണ് ഇപ്പോള്‍ ജീവിക്കുന്നത്. പെണ്‍കുട്ടികള്‍ പുറത്തിറങ്ങാന്‍ കഴിയാത്ത സാഹചര്യത്തിലേക്ക് നീങ്ങുന്നു എന്നാണ് അവര്‍ പറയുന്നത്.
ഗ്രാമത്തിലുള്ള പെണ്‍കുട്ടികള്‍ക്ക് ഒന്നും എളുപ്പമായിരുന്നില്ല, വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും മാറ്റമില്ലാതെ തുടരുകയാണ്. നേരം പുലരുംമുമ്പ് എഴുന്നേറ്റു വയലിൽ പോയി പ്രഭാത കൃത്യങ്ങള്‍ ചെയ്യുക. എട്ടാം ക്ലാസുവരെ പഠനവും വീട്ടുജോലിയും. അതിന് ശേഷം പഠനം ഉപേക്ഷിക്കും. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ഗ്രാമത്തില്‍ നിന്ന് അഞ്ച് കിലോ മീറ്റര്‍ അകലെയായതിനാല്‍ എന്തെങ്കിലും സംഭവിക്കുമോ എന്ന ഭയം. പിന്നീട് വിവാഹത്തിനായി കാത്തിരിക്കുക.
വലിയ പഞ്ചായത്തിന്റെ ഭാഗമായ ഗ്രാമത്തില്‍ പിന്നാക്ക വിഭാഗത്തില്‍പ്പെട്ടവര്‍, മൗര്യ, യാദവ് എന്നിവരാണുള്ളത്.
മരിച്ച രണ്ട് പെൺകുട്ടികളുടെ സഹോദരൻ തന്റെ ഇളയ സഹോദരിയുടെ സ്കൂൾ നോട്ട്ബുക്കുകളിലൂടെ വിരലുകള്‍ ചൂണ്ടി പറഞ്ഞു. “ഞങ്ങൾ രണ്ടു പേരും (രണ്ട് സഹോദരന്മാരില് ഒരാള്‍) ഞങ്ങളുടെ മൂത്ത സഹോദരിയെ വിവാഹം കഴിപ്പിക്കാന്‍ ആവശ്യമായ പണം കണ്ടെത്തുന്നതിനായി ജോലി തേടി പുറത്തേക്ക് പോയി. ഞങ്ങൾ ജോലി ചെയ്യുന്ന ഫാക്ടറിയിൽ ഭക്ഷണവും ജീവിതവും സൗജന്യമായതിനാൽ, വരുമാനത്തിന്റെ 99 ശതമാനവും ഞങ്ങൾ വീട്ടിലേക്ക് അയയ്ക്കും,” സഹോദരൻ പറയുന്നു.
അടുത്തിടെയാണ് സഹോദരന്മാര് മൂത്ത പെണ്‍കുട്ടിക്ക് തയ്യല്‍ യന്ത്രം വാങ്ങിക്കൊടുത്തത്. വീട്ടില്‍ നിന്ന് ദൂരേക്ക് പോകാതെ തന്നെ വരുമാനം കണ്ടെത്താനുള്ള മാര്‍ഗമായാണ് അവര്‍ അത് ചെയ്തത്.
ഏറ്റവും മൂത്ത സഹോദരിയുടെ വിവാഹം എട്ട് വര്‍ഷം മുന്‍പ് കഴിഞ്ഞു.
“രണ്ടാമത്തെ സഹോദരിയുടെ വിവാഹം നന്നായി നടത്താന്‍ രണ്ടര ലക്ഷം രൂപ കണ്ടെത്തുക എന്നതായിരുന്നു ലക്ഷ്യം. പിന്നെ ഇളയ സഹോദരിയുടെ വിദ്യാഭ്യാസത്തിനായും പണം സ്വരൂപിക്കണം. അവളാണ് ഞങ്ങളില്‍ ഏറ്റവും നന്നായി പഠിച്ചിരുന്നത്,” സഹോദരന് കൂട്ടിച്ചേര്‍ത്തു.
സഹോദരന് മാത്രമാണ് വീട്ടില്‍ സ്മാര്‍ട്ട്ഫോണുള്ളത്. ബന്ധപ്പെടാനും വിവരങ്ങള്‍ അറിയാനുമായി പിതാവിന് സാധരണ മൊബൈലുമുണ്ട്. സഹോദരിമാര്‍ക്കായി വീട്ടില്‍ ശൗചാലയം പണിയുന്നതിനായി ബൈക്ക് വാങ്ങണമെന്ന മോഹം പോലും സഹോദരന്മാര് ഉപേക്ഷിച്ചു. ജോലി ചെയ്യുമ്പോള്‍ കൂടുതല്‍ പണം ലഭിക്കാന്‍ നൈറ്റ് ഷിഫ്റ്റാണ് അവര്‍ തിരഞ്ഞെടുക്കുന്നത്.
രണ്ട് സഹോദരിമാരുടെ മരണം ഗ്രാമത്തെയാകെ ഉലച്ചിരിക്കുകയാണ്. മറ്റ് പെണ്‍കുട്ടികളും തങ്ങളുടെ സ്വപ്നങ്ങളും നാല് ചുമരിനുള്ളില്‍ ഒതുങ്ങുമോ എന്ന് ഭയപ്പെടുന്നു.
മരണപ്പെട്ട പെണ്‍കുട്ടികളുടെ സമീപവാസിയായ യുവതി പൊലീസ് ഉദ്യോഗസ്ഥയാകുക എന്നതാണ് സ്വപ്നം. പക്ഷെ ഈ സാഹചര്യത്തില്‍ ദൂരെയുള്ള കോളജുകളില്‍ വിടാന്‍ മാതാപിതാക്കാള്‍ തയാറാകുന്നില്ല. എന്തെങ്കിലും തങ്ങളുടെ മകള്‍ക്കും സംഭവിക്കുമോ എന്ന ഭയമാണ് അവര്‍ക്ക്.