ലോകസഭയിലേയ്ക്ക് 2019 ൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ എസ് പിയുമായി തിരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കുമെന്ന വാർത്ത തെറ്റും അസംബന്ധവും മാത്രമാണെന്ന് ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയും ബി എസ് പി അധ്യക്ഷയുമായ മായാവതി അറിയിച്ചു. ഇത് സംബന്ധിച്ച വാർത്തകൾ അടിസ്ഥാനരഹിമാണെന്നും ബി എസ് പി നേതാവ് വ്യക്തമാക്കി.
എസ് പി വക്താവായ പാങ്കുരി പഥകിന്റെ ട്വീറ്റിലാണ് മാർച്ച് 11 ന് രണ്ട് ലോകസഭാ സീറ്റുകളിലേയ്ക്ക് നടക്കന്ന ഉപതിരഞ്ഞെടുപ്പിൽ എസ് പിയുടെ സ്ഥാനാർത്ഥികളെ ബി എസ് പി പിന്തുണയ്ക്കുമെന്ന് വ്യക്തമാക്കിയിരുന്നത്.
എന്നാൽ ലോകസഭാ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ഫുൽപൂർ, ഗോരഖ് പൂർ മണ്ഡലങ്ങളിൽ ബി എസ് പി മത്സരിക്കുന്നില്ലെന്ന് ലഖ്‍നൗവിൽ മായാവതി വ്യക്തമാക്കി. ഞങ്ങളുടെ പാർട്ടി അംഗങ്ങൾ ബി ജെപി യെ തോൽപ്പിക്കാനായിരിക്കും അവരുടെ വോട്ട് വിനിയോഗിക്കുക. എന്നാൽ ബിജെ പിയെ തോൽപ്പിക്കാൻ വോട്ട് വിനിയോഗിക്കുന്നുവെന്നത് ഒരു തിരഞ്ഞെടുപ്പ് സഖ്യമാകില്ലെന്ന് അവർ പറഞ്ഞു.
ബി എസ് പിയും എസ് പിയും ഒന്നിച്ച് പോരാടാനുളള തീരുമാനത്തെ കുറിച്ച് എസ് പിയുടെ വക്താവ് പാങ്കുരി പഥക് ട്വീറ്റ് ചെയ്തു. രണ്ട് പാർട്ടികളിലെയും അണികളെ അഭിനന്ദിച്ചാണ് ട്വീറ്റ്. വിജയം നേടേണ്ട സമയമാണിതെന്നും പറഞ്ഞു.
ഫുൽപൂർ,ഗോരഖ് പൂർ എന്നീ ലോകസഭാ ഉപതിരഞ്ഞെടുപ്പുകളിൽ ബി എസ് പിയുടെ പിന്തുണ കാത്തിരുന്ന തീരുമാനമാണ്. മതേതര, ബഹുജൻ വിശാല സഖ്യം രൂപപ്പെടുത്തി മത്സരിക്കുന്നതിലേയ്ക്ക് മുന്നോട്ട് പോകുമെന്ന് പ്രതീക്ഷിക്കുന്നതായും ട്വീറ്റിൽ പറയുന്നു.
മാർച്ച് പതിനൊന്നിനാണ് ഈ രണ്ട് ഉപതിരഞ്ഞെടുപ്പുകളും നടക്കുക. മുഖ്യമന്ത്രിയായതിനെ തുടർന്ന് യോഗി ആദിത്യനാഥും ഉപമുഖ്യമന്ത്രിയായ കേശവ് പ്രസാദ് മൗര്യയും ഒഴിഞ്ഞ സീറ്റുകളിലേയ്ക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. നേരത്തെ വൈരികളായിരുന്ന എസ് പിയും ബി എസ് പിയും കൈകോർക്കുമ്പോൾ നിയമസഭാ തിരഞ്ഞെടുപ്പിൽ എസ് പിക്കൊപ്പം മത്സരിച്ച കോൺഗ്രസ് ഉപതിരഞ്ഞെടുപ്പിൽ സ്വന്തം സ്ഥാനാർത്ഥികളെ നിർത്തിയിട്ടുണ്ട്.
കാലഘട്ടത്തിന്റെ ആവശ്യം എന്ന നിലയിലാണ് എസ് പിയെ പിന്തുണയ്ക്കാൻ തീരുമാനിച്ചതെന്ന് ബി എസ് പി നേതൃത്വം വ്യക്തമാക്കിയെന്ന് വാർത്ത വന്നതിന് പിന്നാലെയാണ് മായവതിയുടെ നിഷേധം വരുന്നത്.
എസ് പിയുമായി ചേർന്ന് പ്രവർത്തിക്കുന്നത് ബി ജെ പിയെ തോൽപ്പിക്കാനാണെന്ന് അലഹബാദിലെ ചുമതല വഹിക്കുന്ന ബി എസ് പി നേതാവ് അശോക് കുമാർ ഗൗതം നേരത്തെ പറഞ്ഞിരുന്നു.
അടുത്തിടെ നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ എസ് പിയെ ബി എസ് പി പിന്തുണച്ചിരുന്നുവെങ്കിലും അത് സഖ്യമല്ലെന്ന് മായാവതി വ്യക്തമാക്കിയിരുന്നു. എസ് പിയും ബി എസ് പിയും അവരുടെ വോട്ടുകൾ ബി ജെ പിയെ തോൽപ്പിക്കാൻ പരസ്പരം നൽകിയിട്ടുണ്ടെന്നതിന് തിരഞ്ഞെടുപ്പ് സഖ്യമാണെന്ന് അർത്ഥമില്ലെന്ന് മായാവതി പറഞ്ഞു.