ന്യൂഡല്‍ഹി: പാക്കിസ്ഥാനുമായുള്ള എല്ലാ ബന്ധങ്ങളിലും നിയന്ത്രണമേർപ്പെടുത്തണമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍. പാക്കിസ്ഥാനുമായി ക്രിക്കറ്റ് കളിക്കുന്നത് മാത്രമല്ല, സിനിമയും സംഗീതവുമടക്കമുള്ള എല്ലാ മേഖലയിലും വിലക്കേര്‍പ്പെടുത്തണമെന്നും ഗംഭീര്‍ പറഞ്ഞു.
വിലക്ക് ഏര്‍പ്പെടുത്തുകയാണെങ്കില്‍ എല്ലാ മേഖലയിലും ഏര്‍പ്പെടുത്തണമെന്നും ഇരുരാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുന്നതുവരെ പാക്കിസ്ഥാനുമായി ക്രിക്കറ്റ് കളിക്കുന്നതില്‍ മാത്രമല്ല പാക് താരങ്ങള്‍ ഇന്ത്യന്‍ സിനിമയിലും മറ്റും പാടുന്നതും അഭിനയിക്കുന്നതുമെല്ലാം നിരോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോടായിരുന്നു താരത്തന്റെ പ്രതികരണം.
ഇന്ത്യ-പാക് അതിര്‍ത്തിയിലെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്ന പാക്കിസ്ഥാനെതിരെ ശക്തമായ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഓരോ രാജ്യത്തിനും അവരുടേതായ ക്ഷമതയുണ്ടെന്നും സംസാരിച്ച് ശരിയായില്ലെങ്കില്‍ നമ്മള്‍ പ്രവര്‍ത്തിക്കണമെന്നും അല്ലാതെ വിഷയത്തെ രാഷ്ട്രീയവത്കരിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
നേരത്തേയും ഇന്ത്യ-പാക് വിഷയങ്ങളില്‍ അഭിപ്രായം പറയുകയും ജവാന്മാരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കുകയും ചെയ്തിട്ടുള്ളയാളാണ് ഗംഭീര്‍. പാക്കിസ്ഥാനുമായി രമ്യതാ ചര്‍ച്ചയ്ക്ക് ഇന്ത്യ മുന്‍കൈ എടുത്തിരുന്നുവെന്നും എന്നാല്‍ തീരുമാനത്തിലെത്താന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.