ന്യൂഡല്‍ഹി: ബിജെപിയുടെ രണ്ട് ദിവസം നീണ്ട് നിന്ന ദേശീയ കൗണ്‍സില്‍ യോഗം ശനിയാഴ്ച സമാപിച്ചു. ശക്തരും അശക്തരും തമ്മിലുളള മത്സരമാണ് 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രവര്‍ത്തകരോട് പറഞ്ഞു. തനിക്കെതിരെയാണ് എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഒന്നിച്ചതെന്നും അദ്ദേഹം പറഞ്ഞു. അമിത് ഷായും എൽ.കെ.അഡ്വാനിയും അടക്കമുളള വേദിയിലായിരുന്നു മോദിയുടെ വാക്കുകള്‍.

‘ഒരൊറ്റ മനുഷ്യന് എതിരെയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിക്കുന്നത്. അശക്തമായ ഒരു സര്‍ക്കാര്‍ രൂപീകരിക്കാനാണ് അവരുടെ ഉദ്ദേശ്യം. ഈ രാജ്യത്ത് ശക്തിയുളള ഒരു സര്‍ക്കാര്‍ വേണ്ടെന്നാണ് അവരുടെ നിലപാട്,’ മോദി പറഞ്ഞു. സമാജ്‍വാദി പാര്‍ട്ടിയും ബഹുജന്‍ സമാജ് പാര്‍ട്ടിയും ഉത്തര്‍പ്രദേശില്‍ ഒന്നിച്ചതിന് എതിരെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

‘ഇത് ആദ്യമായാണ് ഒരു സര്‍ക്കാരിനെതിരെ അഴിമതി ആരോപണം ഇല്ലാത്തത്. കഴിഞ്ഞ സര്‍ക്കാര്‍ രാജ്യത്തെ ഇരുട്ടിലേക്ക് തളളിയിടുകയാണ് ചെയ്തത്. 2004നും 2014നും ഇടയിലുളള വര്‍ഷങ്ങള്‍ അഴിമതിയും ദുര്‍ഭരണവും കൊണ്ട് നശിച്ചതായിരുന്നു. പുതിയ സാമ്പത്തിക സംവരണം മറ്റ് സംവരണം ലഭിക്കുന്നവരുടെ അവകാശത്തെ ഹനിക്കുന്നതല്ല. തെറ്റായ പ്രചരണം ഇതിന്റെ പേരില്‍ നടത്തുന്നവരുണ്ട്. അവരെ നമുക്ക് പരാജയപ്പെടുത്തണം,’ മോദി പറഞ്ഞു.

‘പ്രതിപക്ഷം മതിയാകുന്നതുവരെ കളിയാക്കട്ടെ. പക്ഷേ, ഈ കാവൽക്കാരൻ ആരെയും വെറുതെ വിടില്ല, നിർത്തിപോകില്ല. അവസരവാദികളുടെ സഖ്യം തെലങ്കാനയിൽ പരാജയപ്പെട്ടു. കർണാടകയിൽ സഖ്യത്തിലെ മുഖ്യമന്ത്രി, മുഖ്യമന്ത്രിയായല്ല ക്ലർക്കായാണു പ്രവർത്തിക്കുന്നത്. എന്തിനാണു ഇവരെല്ലാം കൂട്ടംകൂടുന്നത്? ശക്തമായ സർക്കാരല്ല, പ്രശ്നങ്ങളുള്ള സർക്കാരിനെയാണ് ഇവർക്കു വേണ്ടതെന്നും മോദി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook