ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ച നോർത്ത് കൊറിയക്കെതിരെ എല്ലാ വഴികളും പരിഗണനയിലാണെന്ന് അമേരിക്ക. അന്താരാഷ്ട്ര നിയമങ്ങൾ തെറ്റിച്ച നോർത്ത് കൊറിയക്കെതിരായി കടുത്ത നിലപാടുകൾ സ്വീകരിക്കുമെന്നാണ് വൈറ്റ് ഹൗസിൽ നിന്ന് വ്യക്തമാക്കിയത്.

“നോർത്ത് കൊറിയക്കെതിരായ അമേരിക്കൻ നീക്കങ്ങൾ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പുറത്തുപറയില്ല. പക്ഷെ എല്ലാ വഴികളും പരിഗണനയിലാണ്”, വൈറ്റ് ഹൗസിന്റെ പ്രസ് സെക്രട്ടറി സാറാ സാന്റേർസ് ഇന്നലെ നടന്ന പത്രസമ്മേളനത്തിൽ വ്യക്തമാക്കിയത്.

വെള്ളിയാഴ്ചയും നോർത്ത് കൊറിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചിരുന്നു. ന്യൂയോർക് നഗരത്തിലേക്ക് വരെ എത്തുന്നതാണ് ഈ മിസൈൽ. അമേരിക്കയുടെ സുരക്ഷയ്ക്ക് ഈ മിസൈൽ പരീക്ഷണം വലിയ വെല്ലുവിളി ഉയർത്തിയ സാഹചര്യത്തിലാണ് നോർത്ത് കൊറിയക്കെതിരായ കടുത്ത നീക്കം അമേരിക്ക ലക്ഷ്യമിടുന്നതായി വൈറ്റ് ഹൗസ് വ്യക്തമാക്കിയത്.

ഈ മിസൈൽ പരീക്ഷണത്തിന് പിന്നാലെ അമേരിക്കയും ദക്ഷിണ കൊറിയയും ആയുധ പരീക്ഷണം നടത്തിയിരുന്നു. ഇതിന് പുറമേ മിസൈലുകളെ ആകാശത്ത് വച്ച് തന്നെ തകർക്കാൻ സാധിക്കുന്ന മിസൈൽ ഇന്റർസെപ്ഷൻ സിസ്റ്റം അമേരിക്കയും പരീക്ഷിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ