ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയേയും മുതിര്‍ന്ന നേതാവ് സോണിയ ഗാന്ധിയേയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി സന്ദര്‍ശിച്ചു. 2019ലെ പൊതുതിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ബിജെപിക്കെതിരെ ഒന്നിച്ച് നില്‍ക്കുമെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം മമത വ്യക്താക്കി. ‘നിലവിലത്തെ രാഷ്ട്രീയ കാര്യങ്ങളാണ് ഞങ്ങള്‍ ചര്‍ച്ച ചെയ്തത്. ഭാവിയില്‍ ഒന്നിച്ച് മത്സരിക്കാനുളള സാധ്യതയും ചര്‍ച്ച ചെയ്തു. ദേശീയ പൗരത്വ റജിസ്റ്റര്‍ പട്ടികയെ കുറിച്ചും സംസാരിച്ചു’, മമത മാധ്യമങ്ങളോട് പ്രതികരിച്ചു.

‘2019ല്‍ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഒന്നിച്ച് നില്‍ക്കും. ബിജെപിയുടെ പതനത്തിനാണ് ഞങ്ങള്‍ മുന്‍ഗണന കൊടുക്കുന്നത്. കൂട്ടായ നേതൃത്വമാണ് കാണാനാവുക’, മമത ബാനര്‍ജി വ്യക്തമാക്കി. ദേശീയ പൗരത്വ റജിസ്റ്ററില്‍ പേര് ചേര്‍ക്കപ്പെടാതെ പുറത്താക്കപ്പെട്ട അസം ജനങ്ങളെ കുറിച്ചും മമത സംസാരിച്ചു. അസമിലെ ദേശീയ പൗരത്വ പട്ടികയില്‍ നിന്ന് 40 ലക്ഷം പേരെ പുറത്താക്കാനുള്ള നീക്കം അംഗീകരിക്കാനാവില്ലെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞിരുന്നു.

ഒരാള്‍ ഇന്ത്യക്കാരനാണോ അല്ലയോ എന്ന് തീരുമാനിക്കാന്‍ ബിജെപി ആരാണെന്നും അവര്‍ മാത്രമാണോ ഇന്ത്യക്കാരായുള്ളതെന്നുമായിരുന്നു മമതയുടെ വിമര്‍ശനം. അവരെ പുറത്താക്കാനുള്ള നടപടി രാജ്യത്ത് ആഭ്യന്തര യുദ്ധത്തിന് കളമൊരുക്കുമെന്നും ഇവിടെ രക്തപ്പുഴ ഒഴുകുമെന്നും മമത പറഞ്ഞിരുന്നു. അതേസമയം, മമത ബാനര്‍ജി ജനങ്ങളില്‍ ആശയക്കുഴപ്പം ഉണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും മമത വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുകയാണെന്നും അമിത് ഷാ പ്രതികരിച്ചു. അവരുടെ വാക്കുകള്‍ കേട്ട് താന്‍ ഞെട്ടിയതായും അമിത് ഷാ പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ