വാഷിങ്ടണ്‍: അമേരിക്കയിലെ പെന്‍സില്‍വാനിയയില്‍ 11 പേരെ വെടിവച്ച് കൊന്ന അക്രമിയെ തിരിച്ചറിഞ്ഞു. പിറ്റ്സ്ബര്‍ഗ് സ്വദേശിയായ റോബര്‍ട്ട് ബോവേഴ്സ് ആണ് അക്രമിയെന്ന് പൊലീസ് വ്യക്തമാക്കി. അമേരിക്കയില്‍ പെന്‍സില്‍വാനിയയിലെ പിറ്റ്സ്ബര്‍ഗിലെ ജൂതപ്പള്ളിയിലാണ് വെടിവയ്പുണ്ടായത്. വെള്ളക്കാരനായ അക്രമി ജൂതരെല്ലാം മരിക്കട്ടെയെന്ന് ആക്രോശിച്ചുകൊണ്ട് ആരാധനയ്ക്കായി പള്ളിയില്‍ എത്തിയവര്‍ക്കെതിരെ വെടിയുതിര്‍ക്കുകയായിരുന്നു. അക്രമത്തില്‍ നാല് പൊലീസുകാരുള്‍പ്പടെ 11 പേര്‍ കൊല്ലപ്പെട്ടു. ആറ് പേര്‍ക്ക് പരുക്കേറ്റു.

‘എല്ലാ ജൂതന്മാരും കൊല്ലപ്പെടണം’ എന്നാണ് ഇയാള്‍ അക്രമത്തിന് തൊട്ടുമുമ്പ് അലറിയതെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. റോബര്‍ട്ടിനെ വെടിവച്ചിട്ടാണ് പൊലീസ് കീഴടക്കിയത്. എന്നാല്‍ ഇയാളുടെ പരുക്ക് ഗുരുതരമല്ല. അക്രമിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 46കാരനായ റോബര്‍ട്ടിന് ക്രിമിനല്‍ പശ്ചാത്തലമോ കേസുകളോ ഉണ്ടായിരുന്നില്ല. ഇയാളുടെ വ്യക്തമായ ഉദ്ദേശ്യം എന്തായിരുന്നെന്ന് പൊലീസിന് അറിവായിട്ടില്ല.1996 മുതല്‍ റോബര്‍ട്ടിന് തോക്ക് കൈവശം വയ്ക്കാനുളള ലൈസന്‍സ് ഉണ്ട്.

ആവര്‍ത്തിച്ച് നടക്കുന്ന ഇത്തരം വിദ്വേഷ അതിക്രമങ്ങള്‍ രാജ്യത്തിന് അപമാനകരമാണെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്ന് മേയര്‍ അറിയിച്ചു. സംഭവത്തില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, ജെര്‍മന്‍ ചാന്‍സലര്‍ ആഞ്ചല മെര്‍ക്കല്‍ തുടങ്ങിയവര്‍ അപലപിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook