/indian-express-malayalam/media/media_files/uploads/2023/05/Rahul-Gandhi-5.jpg)
രാഹുൽ ഗാന്ധി
ന്യൂഡൽഹി: ഇന്ത്യയില്‍ രാഷ്ട്രീയ പ്രചാരണത്തിനുള്ള എല്ലാ ഉപകരണങ്ങളേയും നിയന്ത്രിക്കുന്നത് ബിജെപിയും ആര്‍എസ്എസുമാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യൻ രാഷ്ട്രീയത്തിൽ മുമ്പ് പ്രചാരണത്തിനായി ഉപയോഗിച്ചിരുന്ന സംഭാഷണങ്ങൾ, പൊതുയോഗങ്ങൾ ഇപ്പോൾ പ്രവർത്തിക്കുന്നില്ലെന്നും രാഹുൽ പറഞ്ഞു. കാലിഫോര്‍ണിയയിലെ പൊതുപരിപാടിയില്‍ ഇന്ത്യന്‍ വംശജരുമായി സംവദിക്കുകയായിരുന്നു രാഹുൽ.
ഇന്ത്യയിലെ ജനങ്ങളെ ഭീഷണിപ്പെടുത്തുകയും ദേശീയ ഏജൻസികളെ അവർക്കെതിരെ ഉപയോഗിക്കുകയാണെന്നും രാഹുൽ പറഞ്ഞു. ''ഇന്ത്യയിൽ രാഷ്ട്രീയമായി പ്രവർത്തിക്കുന്നത് ബുദ്ധിമുട്ടായെന്നും അതുകൊണ്ടാണ് ഇന്ത്യയുടെ തെക്കേ അറ്റത്ത് നിന്ന് ശ്രീനഗറിലേക്ക് നടക്കാൻ ഞങ്ങൾ തീരുമാനിച്ചത്. നടക്കാൻ തുടങ്ങിയപ്പോൾ, എന്താണ് സംഭവിക്കുന്നതെന്ന് കാണാമെന്ന് ഞാൻ കരുതി. 5-6 ദിവസം കഴിഞ്ഞപ്പോൾ 1000 കിലോമീറ്റർ നടക്കുന്നത് അത്ര എളുപ്പമല്ലെന്ന് എനിക്ക് മനസിലായി. അപ്പോഴേക്കും മുൻപ് കാൽമുട്ടിനേറ്റ പരുക്ക് വില്ലനായെത്തി. കാലിന് വേദന വന്നു തുടങ്ങി. പക്ഷേ, നടക്കാതെ മറ്റു വഴികളില്ലെന്ന് എനിക്ക് മനസിലായി. അപ്പോൾ തികച്ചും അദ്ഭുതകരമായ ഒരു കാര്യം സംഭവിച്ചു. മൂന്നാഴ്ചയോളം ദിവസവും 25 കിലോമീറ്റർ നടന്നു. ഒരു ദിവസം തനിക്ക് ക്ഷീണമൊന്നും തോന്നുന്നില്ലെന്ന് പെട്ടെന്ന് മനസിലായി,'' ഭാരത് ജോഡോ യാത്രയെക്കുറിച്ച് രാഹുൽ പറഞ്ഞു.
''അതിരാവിലെ ഞാൻ ഉറക്കമെഴുന്നേറ്റു, ആറു മണിക്ക് ഞങ്ങൾ നടക്കാൻ തുടങ്ങി. വൈകീട്ട് 7.30-8 മണിയോടെയാണ് ഞങ്ങൾ യാത്ര അവസാനിപ്പിച്ചത്. പക്ഷേ, അത്രയും സമയം നടന്നിട്ടും ക്ഷീണം തോന്നാത്തത് എനിക്ക് വളരെ അദ്ഭുതകരമായി തോന്നി. നിങ്ങൾക്ക് ക്ഷീണം തോന്നുന്നുണ്ടോയെന്ന് എനിക്ക് ചുറ്റുമുള്ളവരോട് ചോദിച്ചു. അവർക്കും ഇല്ലെന്ന് പറഞ്ഞു. ഞാൻ അതിനെക്കുറിച്ച് ചിന്തിക്കാൻ തുടങ്ങി, അപ്പോൾ എനിക്കൊരു കാര്യം മനസിലായി. ഞങ്ങളല്ല നടക്കുന്നത്, ഇന്ത്യയാണ് ഞങ്ങൾക്കൊപ്പം നടക്കുന്നത്. എല്ലാ മതക്കാരും, എല്ലാ സമുദായക്കാരും, കുട്ടികളും അടങ്ങുന്ന ഒപ്പം വരുന്ന വലിയ ജനക്കൂട്ടം സ്‌നേഹത്തിന്റെയും വാത്സല്യത്തിന്റെയും അന്തരീക്ഷം സൃഷ്‌ടിക്കുകയായിരുന്നു. അതിനാൽ ആർക്കും മടുപ്പ് അനുഭവപ്പെടുന്നില്ല. ഞങ്ങളെല്ലാം ഒരുമിച്ച് നടക്കുന്നു, പരസ്പരം സഹായിക്കുന്നു,'' രാഹുൽ പറഞ്ഞു.
മോദി എല്ലാ കാര്യവും തനിക്കറിയാമെന്ന് നടിക്കുകയാണെന്നും രാഹുൽ പരിഹസിച്ചു. തനിക്കെല്ലാം അറിയാമെന്ന് ആരും ധരിക്കരുതെന്ന് ഇന്ത്യയിലെ എല്ലാ മഹാന്മാരായ നേതാക്കളും എപ്പോഴും ഊന്നിപ്പറഞ്ഞിട്ടുണ്ട്. ഗുരുനാനാക് ജി, ബസവണ്ണ ജി, ഗാന്ധിജി തുടങ്ങിയ നേതാക്കൾ എല്ലാം ഇതിനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. തനിക്കെല്ലാം മനസിലാകുന്നുവെന്നും തനിക്കെല്ലാം അറിയാമെന്നും ഏതൊരു വ്യക്തിക്കും ചിന്തിക്കാൻ കഴിയാത്തത്ര സങ്കീർണമാണ് ലോകമെന്ന് രാഹുൽ അഭിപ്രായപ്പെട്ടു.
ഇതൊരു രോഗമാണ്. തനിക്കെല്ലാം അറിയാമെന്ന് ജനങ്ങളെ വിശ്വസിപ്പിച്ചിരിക്കുന്ന ഒരു സംഘം ആളുകൾ ഇന്ത്യയിലുണ്ട്. ദൈവത്തെക്കാളേറെ അറിവ് അവർക്കുണ്ടെന്നാണ് കരുതുന്നത്. ദൈവത്തിനുവരെ അവർ കാര്യങ്ങൾ പറഞ്ഞു കൊടുക്കും. നമ്മുടെ പ്രധാനമന്ത്രി അത്തരത്തിലുള്ള ഒരു വ്യക്തിയാണെന്ന് രാഹുൽ പരിഹസിച്ചു. ദൈവത്തിന്റെ അടുത്ത് മോദിയെ ഇരുത്തിയാൽ, ലോകം എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് ദൈവത്തിന് മോദി വിശദീകരിച്ചു കൊടുക്കും. ഞാൻ എന്താണ് സൃഷ്ടിച്ചതെന്ന് ചിന്തിച്ച് ദൈവം ആശയക്കുഴപ്പത്തിലാകുമെന്ന് രാഹുൽ പറഞ്ഞു.
''ശാസ്ത്രജ്ഞര്‍ക്ക് ശാസ്ത്രത്തെ കുറിച്ച് പറഞ്ഞു കൊടുക്കും. ചരിത്രകാരന്മാരോട് ചരിത്രത്തെ പറ്റി പറയും. സൈനികരോട് യുദ്ധമുറകളെ കുറിച്ചും വ്യോമസേനയോട് പറക്കുന്നതിനെ പറ്റിയും വിശദീകരിക്കും. ഇത്തരത്തിലുള്ള ഒരു കൂട്ടം ആളുകൾ ഇന്ത്യയിലുണ്ട്. അവർക്ക് ഒന്നും അറിയില്ല എന്നതാണ് യാഥാർത്ഥ്യം,'' രാഹുൽ വ്യക്തമാക്കി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.