ന്യൂഡല്‍ഹി: റിസർവ്വ് ബാങ്ക് ഗവർണർ സ്ഥാനത്തു നിന്നും ഊർജിത് പട്ടേല്‍ രാജിവെച്ചത് അതീവ ഗുരുതരമായ സംഭവമാണെന്ന് മുന്‍ ആർബിഐ ഗവർണർ രഘുറാം രാജന്‍. എല്ലാ ഇന്ത്യക്കാരും ആശങ്കപ്പെടേണ്ട വിഷയമാണെന്നും രഘുറാം രാജന്‍ പറഞ്ഞു.

“അദ്ദേഹത്തിന്റെ പ്രസ്താവനയെ ബഹുമാനിക്കണം. ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് അദ്ദേഹത്തെ എത്തിച്ച കാരണങ്ങളെ കുറിച്ച് നമ്മള്‍ വിശദമായി തന്നെ ചിന്തിക്കണം. അതേസമയം, എല്ലാ ഇന്ത്യാക്കാരും വളരെ ആശങ്കപ്പെടേണ്ട വിഷമാണിത്. രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്കും നിലനില്‍പ്പിനും ആർബിഐ വളരെ പ്രധാനപ്പെട്ടതാണ്” രഘുറാം രാജന്‍ പറഞ്ഞു.

വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് പട്ടേലിന്റെ വിശദീകരണം. 2019 സെപ്റ്റംബറിൽ അദ്ദേഹത്തിന്റെ കാലാവധി അവസാനിക്കാനിരിക്കെയാണ് രാജിപ്രഖ്യാപനം. ആർബിഐ ഡെപ്യൂട്ടി ഗവർണർ ആയിരുന്ന ഊർജിത് പട്ടേൽ, 2016 സെപ്റ്റംബറിലാണ് ഗവർണർ സ്ഥാനത്തേക്ക് എത്തിയത്.

ഏറെ നാളായി ഊർജിത് പട്ടേലും കേന്ദ്രസർക്കാരും തമ്മിൽ ശീതസമരം നിലനിന്നിരുന്നു. ആർബിഐയുടെ കരുതല്‍ ധനശേഖരത്തില്‍ നിന്നും പണം ആവശ്യപ്പെട്ടതോടെയാണ് ആര്‍ബിഐയും കേന്ദ്ര ധനകാര്യ മന്ത്രാലയവും തമ്മിലുള്ള തര്‍ക്കം രൂക്ഷമായത്. ആർബിഐയുടെ കരുതൽ ധനശേഖരത്തിൽനിന്ന് 3.6 ലക്ഷം കോടി രൂപ കൈമാറണമെന്നാണ് സർക്കാർ ആവശ്യപ്പെട്ടത്.

ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങൾക്കുള്ള നിയന്ത്രണങ്ങൾ ലഘൂകരിക്കുക, ചെറുകിട ഇടത്തരം സംരംഭങ്ങൾക്കുള്ള വായ്പകൾ വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും കേന്ദ്രസർക്കാർ മുന്നോട്ടുവച്ചിരുന്നു. വായ്പ നൽകുന്നതിൽനിന്നു 11 ബാങ്കുകളെ ആർബിഐ തടഞ്ഞിരുന്നു. ഈ നിയന്ത്രണം മാറ്റണമെന്നും കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് കേന്ദ്രസർക്കാരും ആർബിഐയും തമ്മിലുളള തർക്കം രൂക്ഷമായത്. തർക്ക പരിഹാരത്തിന് ഊർജിത് പട്ടേലുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook