ലക്‌നൗ: മഹാരാഷ്ട്രയ്ക്ക് പിന്നാലെ ഉത്തർപ്രദേശിൽ കർഷകരുടെ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടിയുളള അഖിലേന്ത്യ കിസാൻ സഭയുടെ സമരത്തിന് നേർക്ക് മുഖം തിരിച്ച് യുപി മുഖ്യമന്ത്രി. സംസ്ഥാന വ്യാപകമായി സമരം ചെയ്യുന്നതിന് മുൻപ് മുഖ്യമന്ത്രിയെ കണ്ട് നിവേദനം സമർപ്പിക്കാൻ നേതാക്കൾ ശ്രമിച്ചെങ്കിലും ഇവരെ കാണാൻ യോഗി ആദിത്യനാഥ് തയ്യാറായില്ല.

കർഷക റാലിയെ അഭിസംബോധന ചെയ്ത് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലി സംസാരിക്കുന്നു

ഇതോടെ സമരം കൂടുതൽ ശക്തമാക്കാനും സംസ്ഥാന വ്യാപകമായി പ്രക്ഷോഭം നടത്താനുമാണ് കിസാൻ സഭയുടെ തീരുമാനം. അധികം വൈകാതെ മഹാരാഷ്ട്രയിൽ സംഘടിപ്പിച്ചതിന് സമാനമായ പ്രക്ഷോഭം കിസാൻ സഭ ഉത്തർപ്രദേശിലും സംഘടിപ്പിക്കും.

ഇന്ന് കർഷകർ നിയമസഭയിലേക്ക് റാലി നടത്താനും പിന്നീട് മുഖ്യമന്ത്രിയെ കണ്ട് നിവേദനം സമർപ്പിക്കാനുമായിരുന്നു തീരുമാനം. എന്നാൽ മുഖ്യമന്ത്രിയുടെ നിഷേധാത്മക നിലപാടോടെ കർഷകർക്ക് ഇനി ശക്തമായ സമരത്തിലൂടെ സർക്കാരിനെ വരുതിക്ക് കൊണ്ടുവന്നേ പറ്റൂ.

ഇന്ന് രാവിലെ 9 മണിക്ക് റൈഫിൾ ക്ലബ് പരിസരത്തു നിന്ന് ആരംഭിക്കാനിരുന്ന കർഷക റാലിക്ക് യുപി സർക്കാർ അനുമതി നിഷേധിച്ചിരുന്നു. കിസാൻ സഭ അധ്യക്ഷൻ അശോക് ധവളെ, ദേശീയ ജനറൽ സെക്രട്ടറി ഹനാൻ മുള്ള, സിപിഎം പൊളിറ്റ് ബ്യുറോ അംഗം സുഭാഷിണി അലി, സംസ്ഥാന പ്രസിഡന്റ് ഭാരത് സിങ്, സെക്രട്ടറി മുകുത് സിങ് എന്നിവർ കർഷക യോഗത്തിൽ സംസാരിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook