രാജ്യത്തുടനീളമുള്ള പൊലീസ് സേനകള്‍ക്ക് ഏകീകൃത യൂണിഫോം എന്ന ആശയം അവതരിപ്പിച്ചിരിക്കുകയാണു പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാന ആഭ്യന്തര മന്ത്രിമാരുടെയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെയും ആദ്യ ചിന്തന്‍ ശിബിരത്തെ അഭിസംബോധന ചെയ്യവേയാണു പ്രധാനമന്ത്രി ഈ ആശയം മുന്നോട്ടുവച്ചിരിരിക്കുന്നത്.
”പൊലീസിന് ‘ഒരു രാജ്യം, ഒരു യൂണിഫോം’ എന്നത് ഒരു ആശയം മാത്രമാണ്. അതു ഞാന്‍ നിങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നില്ല. ഒന്ന് ആലോചിച്ചു നോക്കൂ… അഞ്ചോ അന്‍പതോ നൂറോ വര്‍ഷത്തിനുള്ളില്‍ ഇതു സംഭവിക്കാം. എല്ലാ സംസ്ഥാനങ്ങളും ഇതേക്കുറിച്ച് ചിന്തിക്കണം. രാജ്യത്തുടനീളമുള്ള പൊലീസിന്റെ ഐഡന്റിറ്റി ഒരുപോലെയായിരിക്കണമെന്നു ഞാന്‍ കരുതുന്നു. അതുവഴി പൗരന്മാര്ക്ക് എവിടെയും പൊലീസ് ഉദ്യോഗസ്ഥരെ തിരിച്ചറിയാന്‍ കഴിയും,” പ്രധാനമന്ത്രി പറഞ്ഞു.
‘ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ്’, ‘ഒരു രാജ്യം, ഒരു മൊബിലിറ്റി കാര്‍ഡ്’, ‘ഒരു രാജ്യം, ഒരു ഗ്രിഡ്’, ‘ഒരു രാജ്യം, ഒരു ആംഗ്യഭാഷ’ എന്നീ പദ്ധതികള്‍ സര്‍ക്കാര്‍ ഇതിനകം പ്രാവര്‍ത്തികമാക്കിയിട്ടുണ്ടെന്നും മോദി പറഞ്ഞു.
‘ഒരൊറ്റ രാജ്യം’ എന്ന മോദി സര്‍ക്കാരിന്റെ ആശയത്തിനെതിരെ പ്രതിപക്ഷം ശക്തമായ എതിര്‍പ്പുയര്‍ത്തിയിരുന്നു. ഏകത്വം അടിച്ചേല്‍പ്പിക്കാനും ഇന്ത്യയുടെ വൈവിധ്യത്തോടുള്ള അവഗണനയുടെയും ലക്ഷണമായാണു പ്രതിപക്ഷം ഈ നീക്കത്തെ കാണുന്നത്. പ്രതിപക്ഷത്തിന്റെ ഏറ്റവും എതിര്‍പ്പ് രാജ്യത്തുടനീളം ഒരേസമയം തിരഞ്ഞെടുപ്പ് നടത്തണമെന്ന നിര്‍ദേശത്തോടാണ്.
ഒക്ടോബര്‍ 17: ഒരു രാഷ്ട്രം, ഒരു വളം
പി എം കിസാന്‍ സമ്മാന്‍ സമ്മേളനം-2022നെ അഭിസംബോധന ചെയ്യവെ, സബ്സിഡിയുള്ള എല്ലാ വളങ്ങളും ‘ഭാരത്’ എന്ന ഒറ്റ പേരില്‍ ബ്രാന്‍ഡ് ചെയ്യുന്ന പദ്ധതിക്കു പ്രധാനമന്ത്രി മോദി തുടക്കമിട്ടു. വ്യത്യസ്ത ബ്രാന്‍ഡുകള്‍ മൂലമുണ്ടാകുന്ന ഉല്‍പ്പന്ന വ്യത്യാസവും കര്‍ഷകരിലെ ആശയക്കുഴപ്പവും പദ്ധതി ഇല്ലാതാക്കുമെന്ന് അദ്ദേഹം പറഞ്ഞു. പദ്ധതി സംബന്ധിച്ച് വിദഗ്ധര്‍ ഉന്നയിക്കുന്ന ഒരു പ്രധാന പ്രശ്നം, വളം കമ്പനികളെ സര്‍ക്കാരിന്റെ കരാര്‍ നിര്‍മാതാക്കളിലേക്കും ഇറക്കുമതി ചെയ്യുന്നവരിലേക്കും ചുരുങ്ങാന്‍ സാധ്യതയുള്ളതും വിപണന, ബ്രാന്‍ഡ് പ്രമോഷന് പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നതിനുള്ള പ്രോത്സാഹനത്തിന്റെ അഭാവവുമാണ്.
ഫെബ്രുവരി 1: ഒരു രാജ്യം, ഒരു റജിസ്ട്രേഷന്
ഭൂമിസംബന്ധമായ രേഖകളുടെ കൈകാര്യത്തിനായി കേന്ദ്ര ബജറ്റില്‍ ധനമന്ത്രി നിര്‍മല സീതാരാമനാണു ഒരു രാജ്യം, ഒരു റജിസ്ട്രേഷന് പദ്ധതി പ്രഖ്യാപിച്ചത്. ഇത് ‘റജിസ്ട്രേഷനു വേണ്ടിയുള്ള ഏകീകൃത പ്രക്രിയയും കരാറുകളും ആധാരങ്ങളും എവിടെയും റജിസ്റ്റര്‍ ചെയ്യാനുള്ള സാധ്യതയും പ്രോത്സാഹിപ്പിക്കുമെന്നാണു മന്ത്രി പറഞ്ഞത്. എന്നാല്‍, ഇത് ഇന്ത്യയെ ഏകീകൃത രാഷ്ട്രമാക്കി മാറ്റാനുള്ള ബി ജെ പിയുടെ ശ്രമങ്ങളുടെ ഭാഗമായുള്ളതാണെന്നു തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് വിമര്‍ശമുന്നയിച്ചു.
ഹിന്ദി ഭാഷയെ പ്രോത്സാഹിപ്പിക്കാനുള്ള മോദി സര്‍ക്കാരിന്റെ നീക്കത്തിനെതിരെ മുന്‍നിരയിലുള്ള സംസ്ഥാനമാണു തമിഴ്നാട്. ഇതു ‘ഒരു ദേശീയ ഭാഷ’ എന്ന സങ്കല്‍പ്പം അടിച്ചേല്‍പ്പിക്കാനുള്ള ശ്രമമായി നീക്കമായാണു തമിഴ്നാട് കാണുന്നത്. ഒരൊറ്റ പൊതു വിപണിയിലേക്കുള്ള ഇന്ത്യയുടെ ഏകീകരണമെന്നു ബി ജെ പി ആവര്‍ത്തിക്കുന്ന ജി എസ് ടിക്കെതിരെയും ശക്തമായ എതിര്‍പ്പാണു തമിഴ്നാട് ഉയര്‍ത്തിയത്.
ജനുവരി 25: ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്
‘വോട്ടേഴ്സ് ദിന’ത്തില്‍ സംസാരിക്കവേ ‘ഒരു രാജ്യം, ഒരു വോട്ടര്‍ പട്ടിക’ എന്നതിനു പുറമെ, ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ എന്ന തന്റെ സര്‍ക്കാരിന്റെ പിന്തുണയുള്ള ആശയവും പ്രധാനമന്ത്രി വീണ്ടും ഉന്നയിച്ചു. വിഷയത്തെക്കുറിച്ചുള്ള ചര്‍ച്ച തുടരണമെന്നു പറഞ്ഞ അദ്ദേഹം, ‘ഇടയ്ക്കിടെയുള്ള തിരഞ്ഞെടുപ്പുകള്‍ ജോലിയെ എങ്ങനെ ബാധിക്കുന്നുവെന്നു നമുക്കെല്ലാവര്‍ക്കും അറിയാമെന്നും കൂട്ടിച്ചേര്‍ത്തു.
2014-ല്‍ അധികാരത്തില്‍ വന്നതു മുതല്‍ ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ എന്ന ആശയം ഊന്നിപ്പറയുകയാണ്. വിഷയത്തില്‍ പൊതുജന പിന്തുണ വളര്‍ത്താനായി 2020 ഡിസംബറില്‍ ബി ജെ പി വെബിനാറുകള്‍ സംഘടിപ്പിച്ചിരുന്നു. തദ്ദേശ/നഗര സ്ഥാപനങ്ങളിലേക്കും നിയമസഭയിലേക്കും ലോക്സഭയിലേക്കുമുള്ള തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തണമെന്ന് ഇത്തരമൊരു വെബിനാറില്‍ മുതിര്‍ന്ന ബി ജെ പി നേതാവ് ഭൂപേന്ദര്‍ യാദവ് നിര്‍ദേശിച്ചു. ”നല്ല ഭരണമാണ്, തിരഞ്ഞെടുപ്പ് നടത്തലല്ല ജനാധിപത്യത്തിന്റെ ലക്ഷ്യം,” അദ്ദേഹം പറഞ്ഞു.
രാജ്യത്തെ വോട്ടര്‍മാരുടെ ബാഹുല്യം കണക്കിലെടുത്ത് ഒരേസമയം തിരഞ്ഞെടുപ്പ് നടത്തുന്നതിലെ ക്രമീകരണവുമായ ബന്ധപ്പെട്ട പ്രശ്നം വിഷയത്തിന്റെ ഒരു ഭാഗമാണ്. എന്നാല്‍ ബി ജെ പിയുടേതു പോലെ ആധിപത്യവും വിഭവങ്ങളുമുള്ള ഒരു പാര്‍ട്ടിക്ക് മാത്രമേ ഒരേ സമയം ഇത്രയധികം തിരഞ്ഞെടുപ്പുകള്‍ നേരിടാന്‍ കഴിയൂവെന്ന ഭയം പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ ശക്തമാണ്.
നവംബര്‍ 17, 2021: ഒരു രാജ്യം, ഒരു നിയമനിര്‍മാണ പ്ലാറ്റ്ഫോം
82-ാമത് ഓള് ഇന്ത്യ പ്രിസൈഡിങ് ഓഫീസേഴ്സ് കോണ്‍ഫറന്‍സ് ഉദ്ഘാടന സമ്മേളനത്തിലാണ് മോദി ഇക്കാര്യം പറഞ്ഞത്. ”അത്തരമൊരു ഡിജിറ്റല്‍ പ്ലാറ്റ്ഫോം, പോര്‍ട്ടല്‍ നമ്മുടെ പാര്‍ലമെന്ററി സംവിധാനത്തിനാവശ്യമായ സാങ്കേതിക ഉത്തേജനം നല്‍കും. രാജ്യത്തെ എല്ലാ ജനാധിപത്യ യൂണിറ്റുകള്‍ക്കും നമ്മുടെ നിയമനിര്‍മാണ സഭകള്‍ക്കുള്ള എല്ലാ വിഭവങ്ങളെയും ബന്ധിപ്പിക്കും,” അദ്ദേഹം പറഞ്ഞു.
ഡിസംബര്‍ 29, 2020: ഒരു രാജ്യം, ഒരു മൊബിലിറ്റി കാര്‍ഡ്
മെട്രോകള്‍, ബസ്, സബര്‍ബന്‍ റെയില്‍വേ, ടോള്‍, പാര്‍ക്കിങ്, റീട്ടെയില്‍ എന്നിവയുള്‍പ്പെടെ സെഗ്മെന്റുകളിലുടനീളമുള്ള പേയ്മെന്റുകള്‍ക്കായുള്ള ഒരു പൊതു കാര്‍ഡ്. 2019 മാര്‍ച്ചില്‍ പ്രഖ്യാപിച്ച പദ്ധതി 2020 ഡിസംബറിലാണു മോദി ഉദ്ഘാടനം ചെയ്തത്.
”ഒരു ഓട്ടോമാറ്റിക് ഫെയര്‍ കളക്ഷന്‍ സിസ്റ്റം അടങ്ങുന്ന സമ്പൂര്‍ണ സംവിധാനത്തിന്റെ നവീകരണത്തിനൊപ്പം എന്‍ സി എം സി (നാഷണല്‍ കോമണ്‍ മൊബിലിറ്റി കാര്‍ഡ്) നടപ്പാക്കാനായി ഡല്‍ഹി മെട്രോ നെറ്റ്വര്‍ക്ക് ഒരു കണ്‍സോര്‍ഷ്യവുമായി കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്,” ഡല്‍ഹി മെട്രോ ഈ വര്‍ഷം ഫെബ്രുവരി 25 നു പത്രക്കുറിപ്പില്‍ അറിയിച്ചു.
ഓഗസ്റ്റ് 9, 2019: ഒരു രാജ്യം, ഒരു റേഷന്‍ കാര്‍ഡ്
പൈലറ്റ് പദ്ധതിയെന്ന നിലയില്‍ ആരംഭിച്ച് മൂന്നു വര്‍ഷത്തിനു ശേഷമാണ് ഈ പദ്ധതി രാജ്യത്തുടനീളം നിലവില്‍ വന്നത്. ഇതിനു കീഴില്‍, ഏകദേശം 81 കോടി ഗുണഭോക്താക്കളെ ശാക്തീകരിക്കുകയെന്ന ലക്ഷ്യത്തോടെ രാജ്യവ്യാപകമായി റേഷന്‍ കാര്‍ഡുകളുടെ പോര്‍ട്ടബിലിറ്റി സര്‍ക്കാര്‍ ആരംഭിച്ചു.
ജൂലൈ 6 2019: ഒരു രാജ്യം, ഒരു ഗ്രിഡ്
രാജ്യത്തെ പവര്‍ സ്റ്റേഷനുകളെയും ഉപഭോഗ കേന്ദ്രങ്ങളെയും പരസ്പരം ബന്ധിപ്പിക്കുന്നതു സംബന്ധിച്ച നയത്തിന്റെ ആശയം 2019ലെ ബജറ്റ് പ്രസംഗത്തിലാണു ധനമന്ത്രി സീതാരാമന് അവതരിപ്പിച്ചത്. ഗ്രിഡ് മാനേജ്മെന്റ് നേരത്തെ പ്രാദേശികാടിസ്ഥാനത്തിലാണ് നടത്തിയിരുന്നത്. സംസ്ഥാന ഗ്രിഡുകള്‍ പരസ്പരം ബന്ധിപ്പിച്ച് ഒരു മേഖലാ ഗ്രിഡ് രൂപീകരിക്കുകയും വടക്ക്, കിഴക്ക്, പടിഞ്ഞാറ്, വടക്കുകിഴക്ക്, തെക്ക് എന്നിങ്ങനെ രാജ്യത്തെ അഞ്ച് മേഖലകളായി വേര്‍തിരിക്കുകയും ചെയ്തു. ”2020 ഡിസംബറില്‍ 765 കെ വി റായ്ച്ചൂര്‍-സോലാപൂര്‍ ട്രാന്സ്മിഷന് ലൈന്‍ കമ്മിഷന് ചെയ്തതോടെ ദക്ഷിണ മേഖലയെ സെന്‍ട്രല്‍ ഗ്രിഡുമായി ബന്ധിപ്പിച്ചപ്പോള്‍ എല്ലാം ഒരുമിച്ചായി,” സര്‍ക്കാര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
ഒരു രാജ്യം, ഒരു ആംഗ്യഭാഷ
2020ലെ പുതിയ വിദ്യാഭ്യാസ നയം (എന്‍ ഇ പി) പ്രകാരം, രാജ്യത്തുടനീളമുള്ള ശ്രവണവൈകല്യമുള്ള വിദ്യാര്‍ഥികള്‍ക്കു പുസ്തകങ്ങളും പഠനവസ്തുക്കളും ലഭ്യമാക്കാന്‍ ഈ പദ്ധതി ലക്ഷ്യമിടുന്നു.