ന്യൂഡൽഹി: ചരക്ക് സേവന നികുതി (ജിഎസ്ടി) സംബന്ധിച്ച നാല് ബില്ലുകൾ ഭേദഗതികളോടെ കേന്ദ്ര സര്‍ക്കാര്‍ പാസാക്കി. ലോക്സഭയിലെ എട്ട് മണിക്കൂർ നീണ്ട ചർച്ചകൾക്ക് ശേഷമാണ് ബില്ലുകൾ പാസായത്. ബില്ലിന്മേൽ പ്രതിപക്ഷം നിർദേശിച്ച ഭേദഗതികൾ വോട്ടിനിട്ട് തള്ളി.

ബില്ലിനെതിരെ കോൺഗ്രസ് ഉൾപ്പടെയുള്ള പ്രതിപക്ഷ പാർട്ടികൾ വലിയ എതിർപ്പുയർത്തിയില്ല. എന്നാൽ തൃണമൂൽ കോൺഗ്രസ് വോട്ടെടുപ്പിൽ നിന്ന് വിട്ടു നിന്നു. ഇനി രാജ്യസഭ ബില്ലുകൾ പരിഗണിക്കും.
ബില്‍ പ്രാബല്യത്തില്‍ വരുന്നതോടെ നികുതി ഭീകരതകള്‍ ഇല്ലാതാകുമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു.

ഇപ്പോഴത്തെ നികുതി നിരക്കുകളിൽ വർധന ഉണ്ടാവുകയുമില്ലെന്നും മന്ത്രി പറഞ്ഞു. നികുതി സമ്പ്രദായത്തിൽ ജി.എസ്.ടി പുതിയ ഉണർവ് കൊണ്ടുവരും. നാണ്യപ്പെരുപ്പം ഉണ്ടാകില്ല. നികുതി നിരക്കുകൾ അധികരിക്കില്ലെന്നും അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു. രാജ്യത്തുടനീളം സാധന സേവനങ്ങളുടെ ഒഴുക്ക് എളുപ്പവും കുറഞ്ഞ നിരക്കിലുള്ളതുമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്ലാ വിഭാഗങ്ങൾക്കും നേട്ടമുണ്ടാക്കുന്ന വിപ്ലവകരമായ നിയമനിർമാണമാണിത്. നിയമവ്യവസ്ഥ ദുരുപയോഗിക്കാതിരിക്കാൻ നടപടികൾ സ്വീകരിക്കുമെന്നും ജെയ്റ്റ്ലി സഭയിൽ അറിയിച്ചു.

കഴിഞ്ഞ യു.പി.എ സർക്കാറിന്റെ കാലത്ത് ഇതുസംബന്ധിച്ച ബില്ലുകൾ കൊണ്ടുവന്നപ്പോൾ രാഷ്ട്രീയ കാര്യങ്ങൾ ഉയർത്തി ബി.ജെ.പി എതിർക്കുകയാണ് ചെയ്തതെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. ഇതുമൂലം രാജ്യത്തിന് 12 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

യുപിഎ സർക്കാർ ജിഎസ്ടി നടപ്പാക്കാൻ ശ്രമിച്ചത് ഏഴോ എട്ടോ വർഷം മുമ്പാണ്. ജിഎസ്ടി വൈകിയ ഓരോ വർഷവും 1.5 ലക്ഷം കോടിയോളം സർക്കാരിന്റെ വരുമാനത്തിൽ നഷ്ടംവന്നു. അങ്ങനെ കണക്ക് കൂട്ടിയാൽ 12 ലക്ഷം കോടിയാണ് ആകെ നഷ്ടം. രാഷ്ട്രീയക്കളിമൂലം രാജ്യത്തിന് വൻ നഷ്ടമാണ് ഉണ്ടായതെന്നും കോണ്ഗ്രസ് നേതാവ് വീരപ്പ മൊയ്ലി കുറ്റപ്പെടുത്തി.

യുപിഎ സർക്കാർ ആവിഷ്കരിച്ച ഏകീകൃത നികുതി നിർദേശമായ ജിഎസ്ടി, ചില്ലറ മാറ്റങ്ങളോടെ മാത്രമാണ് ഇപ്പോള്‍ ലോക്സഭയില്‍ പാസാക്കിയിരിക്കുന്നത്.

ചരക്കു സേവന നികുതി മേഖലയിലെ അഴിമതി ഇല്ലാതാക്കുന്നതിനും കേന്ദ്ര- സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള നികുതി സമന്വയിപ്പിച്ച് ഒരു ദേശീയ സെയിൽസ് ടാക്‌സ് കൊണ്ടുവരുന്നതിനുമാണ് ജി.എസ്.ടി നടപ്പാക്കുന്നത്. 27 ശതമാനം നികുതിയാണ് സർക്കാരിന്റെ പരിഗണനയിലുള്ളത്. രാജ്യന്തര തലത്തിൽ 16 ശതമാനമായിരിക്കേയാണ് ഇന്ത്യയിൽ 27 ശതമാനം പരിഗണിക്കുന്നത്. അന്തസ്സംസ്ഥാന ക്രയവിക്രയങ്ങൾക്കായി ഐ.ജി.എസ്.ടി. എന്ന തത്ത്വത്തെ ആധാരമാക്കിയുള്ള നികുതി, സംവിധാനം നടപ്പാക്കാനുള്ള നിർദ്ദേശം അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ഈ സംവിധാനത്തിൽ എല്ലാ അന്തർ-സംസ്ഥാന ക്രയവിക്രയങ്ങളിലും കേന്ദ്ര സർക്കാർ ഐ.ജി.എസ്.ടി. പിരിക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook