ന്യൂഡൽഹി: എൻആർസിയെ എതിർക്കുന്ന എല്ലാ മുഖ്യമന്ത്രിമാരും എൻപിആറിനേയും എതിർക്കണമെന്ന് പ്രതിപക്ഷ പാർട്ടികൾ. പൗരത്വ ഭേദഗതി നിയമം പിൻവലിക്കാനായുള്ള സംയുക്ത പ്രക്ഷോഭങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ തിങ്കളാഴ്ച കോൺഗ്രസിന്റെ നേതൃത്വത്തിൽ 20 പ്രതിപക്ഷ പാർട്ടികൾ യോഗം ചേർന്നിരുന്നു. ഈ യോഗത്തിലാണ് എൻപിആർ എൻആർസിയുടെ മുന്നോടിയാണെന്നും അതിനാൽ ഇത് നിർത്തിവയ്ക്കണമെന്നും ആവശ്യം ഉയർന്നത്. കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി യോഗത്തിന് അധ്യക്ഷത വഹിച്ചു.

“സി‌എ‌എ, എൻ‌പി‌ആർ, എൻ‌ആർ‌സി എന്നിവ ഭരണഘടനാവിരുദ്ധമാണ്. ഇത് പ്രത്യേകിച്ചും ദരിദ്രർ, പട്ടികജാതി / പട്ടികവർഗ്ഗക്കാർ, ഭാഷാപരവും മതപരവുമായ ന്യൂനപക്ഷങ്ങൾ എന്നിവവരെ ലക്ഷ്യമിടുന്നു. എൻ‌പിആർ എൻ‌ആർ‌സിയുടെ മുന്നോടിയാണ്. സി‌എ‌എ പിൻ‌വലിക്കണമെന്നും രാജ്യവ്യാപകമായി എൻ‌ആർ‌സി / എൻ‌പി‌ആർ ഉടൻ നിർത്തണമെന്നും ഞങ്ങൾ ആവശ്യപ്പെടുന്നു. തങ്ങളുടെ സംസ്ഥാനത്ത് എൻ‌ആർ‌സി നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ച എല്ലാ മുഖ്യമന്ത്രിമാരും എൻപിആർ കണക്കക്കെടുപ്പ് താൽക്കാലികമായി നിർത്തുന്നത് പരിഗണിക്കണം, കാരണം ഇത് എൻ‌ആർ‌സിയുടെ മുന്നോടിയാണ്,” പ്രമേയത്തിൽ പറയുന്നു.

Read More: സാമ്പത്തിക പ്രതിസന്ധി മറയ്ക്കാൻ മോദി സര്‍ക്കാര്‍ ജനങ്ങളെ ഭിന്നിപ്പിക്കുന്നു: സോണിയാ ഗാന്ധി

മോദി സർക്കാർ ഒരു സാമ്പത്തിക ദുരന്തം സൃഷ്ടിച്ചുവെന്നും ജനങ്ങൾക്ക് ആശ്വാസം നൽകുന്നതിനുപകരം “സാമുദായിക ധ്രുവീകരണം മൂർച്ച കൂട്ടുന്നതിനും ജനാധിപത്യ അവകാശങ്ങൾക്കും ജനങ്ങളുടെ ഭരണഘടനാ ഉറപ്പുകൾക്കും നേരെ ആക്രമണം നടത്തുന്നതിനും ദശലക്ഷക്കണക്കിന് ആളുകളെയും പാർശ്വവത്കരിക്കപ്പെട്ട സമുദായങ്ങളെയും ബാധിക്കുന്ന അപകടകരമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണ്.”

ലോക്സഭയിൽ 83 എംപിമാരുള്ള തൃണമൂൽ കോൺഗ്രസ്, ഡിഎംകെ, ബിഎസ്പി, എസ്പി, ടിഡിപി, ശിവസേന, ആം ആദ്മി പാർട്ടികൾ എന്നിവർ പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ നിന്നും വിട്ടു നിന്നു.

കോൺഗ്രസിന് പുറമെ എൻ‌സി‌പി, സി‌പി‌എം, സി‌പി‌ഐ, ജെ‌എം‌എം, എൽ‌ജെഡി, രാഷ്ട്രീയ ലോക് സമത പാർട്ടി, ആർ‌ജെഡി, നാഷണൽ കോൺഗ്രസ്, ഐ‌യു‌എം‌എൽ, ആർ‌എസ്‌പി, ഫോർ‌വേഡ് ബ്ലോക്ക്, കേരള കോൺഗ്രസ് (എം), എയുയുഡിഎഫ്, പി‌ഡി‌പി, ആർ‌എൽ‌ഡി, ഹാം, സ്വാഭിമാനി പക്ഷ, വി.സി.കെ, ജെ.ഡി (എസ്) എന്നീ പാർട്ടികൾ യോഗത്തിൽ പങ്കെടുത്തു. ഈ 19 പാർട്ടികൾക്ക് 22 എംപിമാരും കോൺഗ്രസിന് 52 ​​എംപിമാരുമുണ്ട്.

സർക്കാർ യുവതലമുറയെ വഴിതെറ്റിക്കുകയാണെന്നും സിഎഎയും രാജ്യവ്യാപകമായി എൻ‌ആർ‌സിയെക്കുറിച്ചുള്ള ചർച്ചയും “അവരുടെ ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണെന്നും” മുൻ കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധി യോഗത്തിൽ പറഞ്ഞു. സാമ്പത്തിക പ്രതിസന്ധി, തൊഴിൽ നഷ്ടം എന്നിവയിലായിരിക്കണം പ്രതിപക്ഷത്തിന്റെ ശ്രദ്ധയെന്നും രാഹുൽ ഗാന്ധി പറഞ്ഞതായി അടുത്ത വൃത്തങ്ങൾ അറിയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook