ന്യൂഡൽഹി: ഡൽഹിയിൽ 23 കാരിയായ പെൺകുട്ടി കൂട്ട ബലാൽസംഗത്തെ തുടർന്ന് കൊല്ലപ്പെട്ടിട്ട് അഞ്ചു വർഷം തികയുന്നു. 2012 ഡിസംബർ 16 നു രാത്രിയായിരുന്നു രാജ്യം കണ്ട ഏറ്റവും ക്രൂരമായ ബലാൽസംഗം. ഫിസിയോതെറാപ്പി അവസാന വർഷ വിദ്യാർത്ഥിനി ആയിരുന്ന പെൺകുട്ടി കൂട്ടുകാരനോടൊന്നിച്ചു സിനിമ കണ്ടു മടങ്ങുമ്പോൾ ഓടുന്ന ബസിൽ വച്ചായിരുന്നു നിഷ്ഠൂരമായി പീഡിപ്പിക്കപ്പെട്ടത്.

സംഭവം നടന്നു അഞ്ചു വർഷം മുന്നോട്ടു ലോകം സഞ്ചരിക്കുമ്പോഴും സ്ത്രീ പീഡനങ്ങൾക്കും സ്ത്രീ സുരക്ഷക്കും പഴയ അവസ്ഥ തന്നെയാണ്. ഒരു മാറ്റവുമില്ല. പീഡനങ്ങൾ ആവർത്തിക്കുന്നു, സുരക്ഷ കടലാസിൽ മാത്രം.

“ഓരോ ദിവസവും ഓരോ പെൺകുട്ടിയും ബലാൽസംഗം ചെയ്യപ്പെട്ട വാർത്ത വായിക്കുമ്പോഴും ഞാൻ മകളെ ഓർമിക്കും. അവൾ അനുഭവിച്ച തീവ്രവേദനയും ഭയപ്പാടും ഓർമിക്കും” – നിർഭയയുടെ മാതാവ് ആശാ ദേവി സിങ് പറഞ്ഞു. ‘ഇരുട്ടുപിടിച്ച ആളൊഴിഞ്ഞ വഴികൾ ഇപ്പോഴും എന്നെ ഭയപ്പെടുത്തുന്നു. ഞാൻ അപ്പോൾ മകളെ ഓർമിക്കും. പെട്ടന്ന് വിചാരിക്കും അവൾ ആശുപത്രിയിൽ ഉണ്ടെന്ന്.. പിച്ചിച്ചീന്തപ്പെട്ടെങ്കിലും ജീവനോടെ “.

Read in English

ആറു പേരായിരുന്നു നിർഭയയെ ആക്രമിച്ചത്. ഒരു മനുഷ്യ ജീവിയോട് കാട്ടാവുന്ന ഏറ്റവും ക്രൂരതയോടെ. 13 ദിവസത്തെ ദുരിതത്തിനൊടുവിൽ അവൾ മരണത്തിനു കീഴടങ്ങി. ജീവിച്ചിരുന്നുവെങ്കിൽ അവൾക്കു ഇപ്പോൾ 28 വയസ്സാവുമായിരുന്നു. ആ അമ്മ പ്രത്യാശിക്കുന്നു. മകൾക്കു നേരിട്ട ദുരന്തത്തിനു ശേഷം കുടുംബം ഇപ്പോൾ ഡൽഹിയിലെ ദ്വാരകയിലാണ് താമസം. വീട്ടിലെ മുറിയിൽ ഒരു അലമാര നിറയെ നിർഭയക്കു ലഭിച്ച സമ്മാനങ്ങളാണ്. ജീവിതത്തിൽ അവൾ കാണിച്ച ഉത്സാഹത്തിനും, ശുഭപ്രതീക്ഷക്കും, സ്നേഹത്തിനും, ധൈര്യത്തിനും ലഭിച്ച അംഗീകാരങ്ങൾ.. “ദുരന്തം മറക്കാനും, അവളെ മറക്കാനും ആളുകൾ എന്നോട് പറയുന്നു… എനിക്ക് മറ്റു രണ്ടു മക്കൾ കൂടിയുണ്ട്… അവരതു മറക്കരുത് എന്ന് ഞാൻ ആഗ്രഹിക്കുന്നു…ഞാനും അത് മറക്കില്ല”.

രോഷത്തിന്റെ വേലിയേറ്റമുണ്ടായിരുന്നു നിർഭയയുടെ അമ്മ സംസാരിക്കുമ്പോൾ… പക്ഷെ ഇടക്കെപ്പോഴോ അത് നിരാശക്കു വഴി മാറി. “അധികാരികളുടെ ഭാഗത്തു നിന്നുള്ള നടപടികളെല്ലാം നടന്നു കൊണ്ടിരിക്കുകയാണ്.. അല്ലെങ്കിൽ പരിഗണനയിലാണ്… സിസിടിവി ക്യാമറകൾ സ്ഥാപിക്കുന്നത് നടന്നുകൊണ്ടിരിക്കുകയാണ്.. പൊലീസ് പട്രോൾ ഏർപ്പെടുത്തികൊണ്ടിരിക്കുകയാണ്…. പക്ഷെ പെൺകുട്ടികൾ ബലാൽസംഗം ചെയ്യപെട്ടുകൊണ്ടേയിരിക്കുന്നു… എന്താണ് മാറിയത്… അഞ്ചു വർഷത്തിനുമിപ്പുറം എന്ത് സുരക്ഷയാണ് പെൺകുട്ടികൾക്കുള്ളത്..” അവർ ചോദിക്കുന്നു. എന്റെ മകളുടെ ഘാതകർ ഇപ്പോഴും ജീവിച്ചിരിക്കുന്നു… അവരെപ്പോലെ സമൂഹത്തിൽ ജീവിച്ചിരിക്കുന്നവർക്കു ആണെങ്കിൽ ഒന്നിനെയും പേടിയില്ല….”

ഡൽഹിയിൽ പലയിടങ്ങളിലും രാത്രിയിൽ വെളിച്ചമില്ലെന്നു നിർഭയയുടെ അമ്മ ചൂണ്ടിക്കാട്ടുന്നു. ഇവിടങ്ങളിൽ ഒരു പെൺകുട്ടിയെ ഒറ്റയ്ക്ക് കണ്ടാൽ തൻ ഭയപ്പാടോടെ അപകടം മണക്കാറുണ്ടെന്നും അവർ പറഞ്ഞു. “എന്നാൽ നിർഭയ ആക്രമിക്കപ്പെട്ട ഡിസംബർ മാസത്തിൽ ചിലപ്പോൾ പൊലീസ് പട്രോളിങ് ഉണ്ടാവും.. ആക്രമണത്തിന് ഒരോർമ്മകുറിപ്പു പോലെ “..അവർ പറഞ്ഞു.

അവൾ ഹോസ്പിറ്റലിൽ മരണത്തോട് മല്ലടിക്കുമ്പോഴും മുടി എന്താണ് ചീകാത്തത്, നെറ്റിയിൽ പൊട്ടെവിടെ എന്നെല്ലാം എന്നോട് ചോദിക്കുമായിരുന്നു. ഞാൻ ഇപ്പോൾ എല്ലാ ദിവസവും പൊട്ടു തൊടാറുണ്ട്. അവളോട് ചേർന്ന് നിൽക്കുന്നത് പോലെ തോന്നും എനിക്കപ്പോൾ. അവളോട് സംസാരിക്കുന്നതു പോലെയും, നിർഭയയുടെ അമ്മ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ