ന്യൂഡൽഹി: ഉംപുന് ശേഷം ഭീഷണിയുയർത്തി നിസർഗ ചുഴലിക്കാറ്റ്. തെക്ക് കിഴക്കന്‍ അറബിക്കടലിലും അതിനോട് ചേര്‍ന്നുള്ള മധ്യകിഴക്കന്‍ അറബിക്കടല്‍ പ്രദേശത്തുമായി രൂപപ്പെട്ട അതിതീവ്ര ന്യൂനമർദം ഉച്ചയോടെ ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകി. അതിതീവ്ര ന്യൂനമർദ്ദം ‘നിസർഗ’ എന്നു പേരുള്ള ചുഴലിക്കാറ്റായി മാറുമെന്നാണ് മുന്നറിയിപ്പ്. ‘നിസർഗ’ ചുഴലിക്കാറ്റിന്റെ ഭാഗമായി കേരളത്തിലും ശക്തമായ മഴ ലഭിക്കും.
മണിക്കൂറിൽ 85 കിലോമീറ്റർ വരെയാകും വേഗം. അർധരാത്രിയോടെ ‘നിസർഗ’ തീവ്ര ചുഴലിയായി ശക്തി പ്രാപിക്കും. നാളെ ഉച്ചയ്ക്ക് ശേഷം മഹാരാഷ്ട്രയിലെ റായ്‌ഗഡിനും കേന്ദ്ര ഭരണപ്രദേശമായ ദാമനും ഇടയിൽ കാറ്റ് തീരം തൊടും. തീരം തൊടുന്ന സമയത്ത് 125 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്.
ഉംപുൻ ചുഴലിക്കാറ്റ് ബംഗാളിലും ഒഡീഷയിലും കനത്ത നാശനഷ്‌ടമുണ്ടാക്കിയിരുന്നു. നൂറ് കണക്കിനു ആളുകളാണ് ഉംപുൻ ചുഴലിക്കാറ്റിനെ തുടർന്ന് മരിച്ചത്. ഉംപുൻ ഭീതിയൊഴിഞ്ഞ് ദിവസങ്ങൾ മാത്രം പിന്നിടുമ്പോൾ പുതിയ ചുഴലിക്കാറ്റ് ‘നിസർഗ’ എന്ന പേരിൽ രംഗപ്രവേശം ചെയ്യുകയാണ്. ഉംപുൻ ചുഴലിക്കാറ്റിനോളം തീവ്രമാകില്ല ‘നിസർഗ’ എന്നാണ് പ്രവചനം. എന്നാൽ, മഹാരാഷ്ട്ര, ഗുജറാത്ത്, കർണാടക തീരങ്ങളിൽ ‘നിസർഗ’യെ തുടർന്ന് ശക്തമായ കാറ്റും മഴയും ലഭിക്കാൻ സാധ്യതയുണ്ട്. ഇവിടങ്ങളിൽ നിന്ന് ആളുകളെ മാറ്റി പാർപ്പിച്ചിട്ടുണ്ട്. കൊങ്കൺ, ഗോവ എന്നിവിടങ്ങളിലും ശക്തമായ മഴ ലഭിക്കും.

ന്യൂനമർദം ചുഴലിക്കാറ്റായി മാറുന്നതോടെയാണ് ‘നിസർഗ’ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങുക. ബംഗ്ലാദേശാണ് ചുഴലിക്കാറ്റിനു പേരിട്ടിരിക്കുന്നത്. നേരത്തെ ഇന്ത്യയിൽ ആഞ്ഞടിച്ച ഉംപുൻ ചുഴലിക്കാറ്റിനു പേരിട്ടത് തായ്‌ലൻഡ് ആണ്. ലോക കാലാവസ്ഥാ സംഘടനയാണ് ചുഴലിക്കാറ്റുകൾക്ക് പേര് തീരുമാനിക്കുന്നതിനായി രാജ്യങ്ങൾക്ക് ചുമതല നൽകുന്നത്. വടക്കേ ഇന്ത്യൻ മഹാസമുദ്രത്തോട് ചേർന്ന് കിടക്കുന്ന രാജ്യങ്ങൾ 2004 ൽ ഇങ്ങനെ തയ്യാറാക്കിയ പട്ടികയിലെ അവസാന പേരായിരുന്നു ‘ഉംപുൻ’. അടുത്ത ചുഴലിക്കാറ്റിനു ഇന്ത്യ നൽകിയ ‘ഗതി’ എന്ന പേരാണ് നൽകുക.
ഇപ്പോൾ 13 രാജ്യങ്ങളാണ് ചുഴലിക്കാറ്റുകൾക്ക് പേരിടുന്ന പാനലിലുള്ളത്. 13 രാജ്യങ്ങൾ 13 പേരുകൾ വീതം 169 പേരുകളാണ് ഇപ്പോൾ തയ്യാറാക്കിയിരിക്കുന്നത്. അതിൽ ആദ്യത്തെ പേരാണ് ‘നിസർഗ’.
Read Also: Kerala Monsoon Cyclone Weather Live Updates: കോഴിക്കോട് ഓറഞ്ച് അലർട്ട്, സംസ്ഥാനത്ത് പരക്കെ മഴ
ചുഴലിക്കാറ്റുകൾക്ക് പേരിടുമ്പോൾ
ചുഴലിക്കാറ്റുകൾക്ക് പേരിടാൻ കൃത്യമായ മാർഗനിർദേശമുണ്ട്. ഓരോ രാജ്യത്തിനും തോന്നുന്ന പോലെ പേരിടാൻ സാധിക്കില്ല. രാഷ്ട്രീയം, മതം, സംസ്‌കാരം എന്നിവയുമായി ബന്ധമില്ലാത്ത നിഷ്‌പക്ഷ പേരുകൾ ആയിരിക്കണം കണ്ടെത്തേണ്ടത്. സമൂഹത്തിൽ ആ പേര് മൂലം സ്‌പർദ്ധയുണ്ടാകരുത്. ആരുടെയും വികാരങ്ങൾ വൃണപ്പെടുത്തുന്നത് ആയിരിക്കരുത്. ക്രൂരമായ, വിദ്വേഷജനകമായ പേരുകൾ ആയിരിക്കരുത്. ഒരിക്കൽ ഉപയോഗിച്ച പേര് പിന്നീട് ഉപയോഗിക്കരുത്. പരമാവധി എട്ട് അക്ഷരങ്ങളിൽ പേര് ഒതുക്കണം. നൽകുന്ന പേരിന്റെ ഉച്ചാരണം കൃത്യമായി നൽകണം. ആളുകൾക്ക് ഉച്ചരിക്കാൻ എളുപ്പമുള്ള പേര് ആയിരിക്കണം.