ഗോവയില്‍ അവധിക്കാലം ചെലവഴിക്കാനെത്തുന്നവരില്‍ ശരാശരി പേരും അവരുടെ യാത്രാപരിപാടിയില്‍ ഒരു മ്യൂസിയം സന്ദര്‍ശനം ഉള്‍പ്പെടുത്താനുള്ള സാധ്യത കുറവായിരിക്കും. എന്നാല്‍, കാന്‍ഡൊലിം ബീച്ച് ഗ്രാമത്തിലെ ‘ഓള്‍ എബൗട്ട് ആല്‍ക്കഹോള്‍’ മ്യൂസിയം കാഴ്ചയുടെ പുതിയ വിരുന്നൊരുക്കുമെന്ന് ഉറപ്പാണ്. ഗോവയുടെ തനത് മദ്യമായ ഫെനിയെ അടിസ്ഥാനമാക്കിയുള്ള ഈ മ്യൂസിയം.
‘മദ്യപാനകല’യ്ക്കു സമര്‍പ്പിച്ച മ്യൂസിയം, ഇന്ത്യയുടെ അനൗദ്യോഗിക ‘സാമൂഹിക ഒത്തുചേരല്‍ തലസ്ഥാന’ത്തെക്കുറിച്ച് പുതിയ കാഴ്ചപ്പാട് നല്‍കുന്നതാണ്. ബിസിനസുകാരനായ നന്ദന്‍ കുഡ്ചഡ്കറാണ് പുതിയ സംരംഭത്തിനു പിന്നില്‍.

ചരിത്രവും ഗോവന്‍ സംസ്‌കാരവും ഒത്തുചേരുന്ന 13,000 ചതുരശ്ര അടി വരുന്ന മ്യൂസിയം ലോകമെമ്പാടുമുള്ള പുരാതന ചില്ലുപാത്രങ്ങള്‍ മുതല്‍ ഗോവന്‍ ശൈലിയിലുള്ള മദ്യശാല വരെ ഉള്‍പ്പെടുന്നതാണ്.
പുളിപ്പിച്ച കശുമാങ്ങളില്‍നിന്ന് വാറ്റിയെടുക്കുന്ന ഫെനി നൂറ്റാണ്ടുകളായി എങ്ങനെ ഉത്പാദിപ്പിക്കുകയും കൊണ്ടുപോകുകയും ഉപയോഗിക്കുകയും ചെയ്തുവെന്ന് അഞ്ച് മുറികളുള്ള വിശാലമായ മ്യൂസിയത്തില്‍ രേഖപ്പെടുത്തുന്നു.
തേങ്ങ, കശുമാങ്ങ ഫെനികള്‍ സൂക്ഷിക്കാന്‍ 1950കളിലുണ്ടായിരുന്ന നിലവറ മ്യൂസിയത്തിന്റെ ഭാഗമാണ്. സന്ദര്‍ശകര്‍ക്ക് ഇവിടെനിന്ന് ഫെനി കോക്ക്‌ടെയിലും രുചിക്കാം.
”എന്നെ സംബന്ധിച്ചിടത്തോളം ഫെനി എന്റെ നാടിന്റെ പ്രതീകമാണ്,” നന്ദന്‍ കുഡ്ചഡ്കര്‍ ഇന്ത്യന്‍ എക്‌സ്പ്രസ് ഡോട്ട് കോമിനോട് പറഞ്ഞു.
ഫെനിക്കപ്പുറം, മദ്യവുമായി ബന്ധപ്പെട്ട സാമഗ്രികളുടെ ആകര്‍ഷണീയമായ ശേഖരവും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. സ്പിരിറ്റ് സൂക്ഷിക്കാന്‍ ഉപയോഗിച്ച, വിവിധ നിറത്തിലുള്ള ആയിരക്കണക്കിനു വലിയ ചില്ലുകുപ്പികള്‍ മ്യൂസിയത്തിന്റെ ചുവരുകളില്‍ ഇടംപിടിച്ചിരിക്കുന്നു.

റഷ്യയില്‍നിന്ന് ശേഖരിച്ച, കൊമ്പ് രൂപത്തില്‍ സ്ഫടികത്തില്‍ നിര്‍മിച്ച അപൂര്‍വ ഓസ്‌ട്രേിലയന്‍ ബിയര്‍ പാത്രം, തടിയില്‍ നിര്‍മിച്ച പുരാതന ഷോട്ട് ഡിസ്‌പെന്‍സര്‍, പുരാതന മണ്‍പാത്രങ്ങള്‍, ചഷകങ്ങള്‍, പതിനാറാം നൂറ്റാണ്ടിലെ അളക്കല്‍ ഉപകരണങ്ങള്‍, ലോകമെമ്പാടുനിന്നുമുള്ള ചില്ലുപാത്രങ്ങള്‍ എന്നിവ മ്യൂസിയത്തിന്റെ ഭാഗമാണ്. ഇത്തരം വസ്തുക്കള്‍ ശേഖരിക്കുന്നയാളാണ് കുഡ്ചഡ്കര്‍.
ഗോവയിലെ മദ്യപാനത്തെക്കുറിച്ച് ആളുകള്‍ മനസിലാക്കുന്ന രീതി മാറ്റുകയെന്നതായിരുന്നു ഓഗസ്റ്റ് 13 നു മ്യൂസിയം തുറന്നപ്പോള്‍ കുഡ്ചഡ്കറുടെ ലക്ഷ്യം. ”ചരിത്രപരമായി, ബോളിവുഡ് സിനിമകള്‍ ഗോവക്കാരെ മദ്യപാനികളായി ചിത്രീകരിച്ചിട്ടുണ്ട്. അത് അങ്ങനെയല്ല. എങ്ങനെ കുടിക്കണമെന്ന് ഞങ്ങള്‍, ഗോവക്കാര്‍ക്ക് അറിയാം,” അദ്ദേഹം പറഞ്ഞു.

അടുത്ത മാസത്തോടെ മ്യൂസിയത്തില്‍ അഞ്ചു മുറികള്‍ കൂടി ചേര്‍ക്കാന്‍ ആഗ്രഹിക്കുകയാണ് കുഡ്ചഡ്കര്‍. തന്റെ വിപുലമായ ശേഖരത്തില്‍ നിന്നുള്ള ചില അപൂര്‍വ രത്‌നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനാണിത്. ”നിങ്ങള്‍ ഇവിടെ കാണുന്നത് എന്റെ കൈവശമുള്ളതിന്റെ അഞ്ചിലൊന്ന് പോലുമില്ല,” അദ്ദേഹം പറഞ്ഞു.
Also Read: ബിസ്മില്ല ഹോട്ടല്‍: മലയാളി എഴുതിയ ദോഹയുടെ മേല്‍വിലാസം