ന്യൂഡല്‍ഹി: ‘ഗുജറാത്ത് തോറ്റു, ഇലക്ട്രോണിക് വോട്ടിങ് മെഷീന് ജയിച്ചു’ എന്നായിരുന്നു തിരഞ്ഞെടുപ്പ് ഫലത്തോട് ആം ആദ്മി പാര്‍ട്ടി പ്രതികരിച്ചത്. 33 സ്ഥാനാര്‍ത്ഥികളെയാണ് എഎപി ഗുജറാത്തില്‍ മത്സരത്തിന് ഇറക്കിയത്. എന്നാല്‍ മുഴുവന്‍ സ്ഥാനാര്‍ത്ഥികള്‍ക്കും കെട്ടിവച്ച പണം നഷ്ടമായി. എന്നാല്‍ വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണി മെഷീനിലെ ഫലവുമായി ഒത്തു നോക്കുന്നുണ്ടോയെന്ന് പരിശോധിക്കണമെന്നാണ് എഎപിയുടെ ആവശ്യം.
നരേന്ദ്രമോദിയുടെ റാലികളില്‍ ഒഴിഞ്ഞ കസേരകള്‍ മാത്രമാണ് കാണാനായിരുന്നത്. എന്നാല്‍ ഹാര്‍ദിക് പട്ടേലിന്റെ റാലികളില്‍ വന്‍ ജനപ്രവാഹം കണ്ടിരുന്നു. ഈയൌരു സ്ഥിതിയില്‍ ബിജെപി എളുപ്പം വിജയിച്ചു എന്നത് സംശയാസ്പദമാണെന്നും ആം ആദ്മി കുറ്റപ്പെടുത്തി. വിവിപാറ്റ് പരിശോധിച്ചാല്‍ ഇവിഎമ്മില്‍ നടത്തിയ കളളത്തരം പിടിക്കാമെന്നും എഎപി വക്താവ് സൗരബ് ഭരദ്രാജ് പറയുന്നു.
‘ഞങ്ങള്‍ അഞ്ചാം ക്ലാസ് വിദ്യാര്ത്ഥികളൊന്നുമല്ല. വിവിപാറ്റ് സ്ലിപ്പുകള്‍ പരിശോധിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് തയ്യാറാകണം. ഒന്നിടവിട്ട ബൂത്തുകളില്‍ നിന്നു മാത്രായി വിവിപാറ്റ് എണ്ണണം’ അദ്ദേഹം പറഞ്ഞു. ഗുജറാത്തില്‍ എഎപിയുടെ മോശം പ്രകടനത്തെ കുറിച്ചുളള ചോദ്യത്തിന് ‘കൃത്രിമം കാണിക്കാന്‍ കഴിയുന്ന വോട്ടിങ് മെഷീന് ഉളളപ്പോള്‍ എങ്ങനെ നല്ല പ്രകടനം കാഴ്ച വയ്ക്കാന്‍ കഴിയും’ എന്നായിരുന്നു പാര്‍ട്ടി നേതൃത്വത്തിന്റെ മറുപടി.