ലക്നൗ: കോവിഡ്-19 സ്ഥിരീകരിച്ച ബോളിവുഡ് ഗായിക കനിക കപൂര്‍ ഇടപഴകിയത് 266 പേരുമായി. ഇവരെയെല്ലാം കണ്ടെത്തിയതായി ഉത്തര്‍പ്രദേശ് ആരോഗ്യവകുപ്പ് അറിയിച്ചു.
കനിക സമ്പര്‍ക്കം പുലര്‍ത്തിയ അറുപതിലേറെ പേരുടെ ശ്രവം പരിശോധിച്ചു. എല്ലാ പരിശോധനാ ഫലവും നെഗറ്റീവാണെന്ന് വകുപ്പ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. സമ്പര്‍ക്കം പുലര്‍ത്തിയവരില്‍ ആരെങ്കിലും കൊറോണ വൈറസ് ലക്ഷണങ്ങള്‍ കാണിക്കുന്നുണ്ടെങ്കില്‍ കൂടുതല്‍ സാമ്പിളുകള്‍ എടുക്കുമെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.
രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ വസുന്ധര രാജെ, മകന്‍ ദുഷ്യന്ത് സിങ് എംപി, ഉത്തര്‍പ്രദേശ് മെഡിക്കല്‍ ആരോഗ്യ കുടുംബക്ഷേമ മന്ത്രി ജയ് പ്രതാപ് സിങ്, മുന്‍ കേന്ദ്രമന്ത്രി ജതിന്‍ പ്രസാദ്, ഭാര്യ നേഹ എന്നിവര്‍ വൈറസ് പരിശോധനയ്ക്ക് വിധേയരായവരില്‍ ഉള്‍പ്പെടുന്നു.
”ഇന്ത്യയിലുടനീളം 266 പേരെ ഞങ്ങള്‍ കണ്ടെത്തി ബന്ധപ്പെട്ടു. ഇതില്‍ 106 പേരെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിലാണു ബന്ധപ്പെട്ടത്. കനിക കപൂറുമായി സമ്പര്‍ക്കം പുലര്‍ത്തി ചില പ്രമുഖ രാഷ്ട്രീയ നേതാക്കളും ഇതില്‍ ഉള്‍പ്പെടുന്നു. അറുപതിലധികം സാമ്പിളുകള്‍ പരിശോധിച്ചു. എല്ലാം ഫലവും നെഗറ്റീവാണ്. കനിക പങ്കെടുത്ത നാല് പരിപാടികളുടെ സംഘാടകരുമായും പങ്കെടുത്തവരുമായും ഞങ്ങള്‍ സംസാരിച്ചു. അതിനാല്‍ കണ്ടെത്താന്‍ കൂടുതല്‍ ആളുകളുണ്ടെന്നു കരുതുന്നില്ല. കനിക സന്ദര്‍ശിച്ച കടകളും സലൂണുകളും ഞങ്ങള്‍ കണ്ടെത്തി. ഇനി എന്തെങ്കിലും ബാക്കിയുണ്ടെന്നു കരുതുന്നില്ല, ”സംസ്ഥാന സര്‍വലൈന്‍സ് ഓഫീസര്‍ വികാസേന്ദു അഗര്‍വാള്‍ പറഞ്ഞു.
Read Also: ടോക്ക്യോ ഒളിമ്പിക്സ് 2020 റദ്ദാക്കില്ല: യോഷിറോ മോറി
പാര്‍ട്ടികളില്‍ പങ്കെടുത്ത എല്ലാവരും മികച്ച രീതിയില്‍ സഹകരിച്ചുവെന്നും എല്ലാവരും ക്വാറന്റൈന്‍ നിര്‍ദേശങ്ങള്‍ നന്നായി പാലിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കനിക കപൂര്‍ സന്ദര്‍ശിച്ച നിരവധി സ്ഥാപനങ്ങള്‍ പൂട്ടുകയും ജീവനക്കാരെ ശമ്പളം വെട്ടിക്കുറയ്ക്കാതെ ക്വാറന്റൈനിലേക്കു മാറ്റുകയും ചെയ്തതായി അഗര്‍വാള്‍ കൂട്ടിച്ചേര്‍ത്തു. കനിക കപൂര്‍ സമ്പര്‍ക്കം പുലര്‍ത്തിവരെ കണ്ടെത്തുന്നതു വെല്ലുവിളിയാണെന്നായിരുന്നു വികാസേന്ദു അഗര്‍വാള്‍ നേരത്തെ പറഞ്ഞത്.
കനിക കപൂര്‍ മാര്‍ച്ച് ഒന്‍പതിനാണു ലണ്ടനില്‍നിന്ന് മുംബൈയിലേക്കു തിരിച്ചത്. രണ്ട് ദിവസത്തിനു ശേഷം ലക്നൗവിലെത്തി. 15നു ലക്നൗവില്‍ നടന്ന പാര്‍ട്ടിയില്‍ പങ്കെടുത്തു. ഈ പരിപാടിയില്‍ രാഷ്ട്രീയനേതാക്കളും പങ്കെടുത്തിരുന്നു. 20നാണു കനികയ്ക്കു കോവിഡ്-19 ബാധിച്ചതായി സ്ഥിരീകരിച്ചത്. ഗായിക പങ്കെടുത്ത മറ്റു മൂന്ന് പരിപാടികളില്‍ പങ്കെടുത്തവരെയും അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്. കനിക കപൂര്‍ താമസിച്ചിരുന്ന ലക്‌നൗവിലെ താജ് ഹോട്ടല്‍ അടച്ചു.
Read Also: നീറ്റ് പരീക്ഷ മാറ്റുന്നതിനെക്കുറിച്ച് തീരുമാനമെടുത്തിട്ടില്ല: കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം
കനിക കപൂറിന്റെ പാര്‍ട്ടിയിലുണ്ടായിരുന്ന ദുഷ്യന്ത് സിങ് എംപി രാഷ്ട്രപതി രാം നാഥ് കോവിന്ദ് രാഷ്ട്രപതി ഭവനില്‍ സംഘടിപ്പിച്ച അത്താഴവിരുന്നില്‍ പങ്കെടുത്തിരുന്നു. പാര്‍ലമെന്റിലും ഇദ്ദേഹം എത്തിയിരുന്നു. തുടര്‍ന്ന് സ്വയം ക്വാറന്റൈനില്‍ പോകുന്നതായി നിരവധി എംപിമാര്‍ വെള്ളിയാഴ്ച പ്രഖ്യാപിച്ചിരുന്നു.
ലക്നൗവിലെ പാര്‍ട്ടിക്കുശേഷം ദുഷ്യന്ത് സന്ദര്‍ശിച്ചവരില്‍ രാജ്നാഥ് സിങ്, സ്മൃതി ഇറാനി, ഗജേന്ദ്ര സിങ് ശെഖാവത്ത്, മഹേന്ദ്ര സിങ് പാണ്ഡെ തുടങ്ങിയ പ്രമുഖര്‍ ഉള്‍പ്പെടുന്നു. മന്ത്രി ജയ് പ്രതാപ് സിങ്ങിനെ സന്ദര്‍ശിച്ച മൂന്ന് ഉത്തര്‍പ്രദേശ് എംഎല്‍എമാര്‍ സ്വയം ഒറ്റപ്പെട്ടുകഴിയുകയാണ്.
അതേസമയം, ക്വാറന്റൈന്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചതിനു ലക്നൗ പൊലീസ് കനിക കപൂറിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Read in English: All 266 contacts of Kanika Kapoor traced, all samples tested negative: Govt