ന്യൂഡല്‍ഹി: 10 രൂപ നാണയങ്ങള്‍ നിരോധിച്ചെന്ന പ്രചരണങ്ങള്‍ക്കിടെ വിശദീകരണവുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ രംഗത്ത്. നാണയങ്ങള്‍ കച്ചവടക്കാരും മറ്റും സ്വീകരിക്കാന്‍ തയ്യാറാകാത്തതോടെയാണ് ആര്‍ബിഐ ബുധനാഴ്ച രംഗത്തെത്തിയത്. ഇത് ശ്രദ്ധയില്‍ പെട്ടതായും എന്നാല്‍ എല്ലാ 10 രൂപ നാണയങ്ങളും സാധുവാണെന്നും ആര്‍ബിഐ പ്രസ്താവനയില്‍ അറിയിച്ചു.

പത്തു രൂപയുടെ എല്ലാ നാണയങ്ങളും ഇടപാടുകൾക്ക് ഉപയോഗിക്കാമെന്ന് ആർബിഐ വ്യക്തമാക്കി. 14 തരം ഡിസൈനിലുള്ള നാണയങ്ങളാണ് വിനിമയത്തിന് ഉപയോഗിക്കുന്നത്. ഓരോ തവണ പുതിയ നാണയം ഇറക്കുമ്പോഴും രൂപകൽപനയിൽ മാറ്റങ്ങൾ വരുത്താറുണ്ട്. 2009 മുതൽ ഇറക്കിയ 14 തരം പത്തു രൂപാ നാണയങ്ങളാണ് വിനിമയത്തിലുള്ളത്. ഇത് പണമിടപാടുകൾക്കായി സ്വീകരിക്കാത്തവർക്കെതിരെ നിയമനടപടി സ്വീകരിക്കും.

10 രൂപ നാണയം നിയമപ്രകാരം സാധുതയുള്ളത് തന്നെയാണ്. ജനങ്ങൾ അത് ഉപയോഗിക്കുന്നതിൽ നിന്നും മടിച്ചു നിൽക്കേണ്ട ആവശ്യമില്ലെന്നും അധികൃതർ കൂട്ടിച്ചേർത്തു. മാത്രമല്ല 10 രൂപ നാണയത്തിന്റെ വ്യാജപതിപ്പ് വ്യാപകമായി വിപണിയിൽ ഇറങ്ങിയിട്ടുണ്ടെന്നും അഭ്യൂഹങ്ങൾ പ്രചരിച്ചു. ഇക്കാര്യമന്വേഷിച്ച് റിസർവ് ബാങ്കിൽ ആളുകളുടെ വിളിയെത്തിയപ്പോഴാണ് വിശദീകരണവുമായി അധികൃതർ രംഗത്തെത്തിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook