സൗരയൂഥത്തിൽ ഭൂമിക്ക് പുറത്തും ജീവനുണ്ടാവാമെന്ന് സൂചനയുമായി ഗവേഷകർ. ഭൂമിയുടെ അയൽ ഗ്രഹമായ ശുക്രനിലെ ആസിഡ് സ്വഭാവമുള്ള മേഘങ്ങളിൽ ഫോസ്ഫൈൻ എന്ന വാതകം കണ്ടെത്തിയെന്നാണ് ഒരു കൂട്ടം ശാസ്ത്രജ്ഞർ തിങ്കളാഴ്ച അറിയിച്ചത്. ഫോസ്ഫൈൻ വാതക സാന്നിദ്ധ്യം സൂചിപ്പിക്കുന്നത് അവിടെ സൂക്ഷ്മജീവികൾ അധിവസിക്കുന്നുണ്ടാവാം എന്നാണെന്നും അവർ പറയുന്നു. ഭൂമിക്കപ്പുറത്തും ജീവനുണ്ടോ എന്ന അന്വേഷണവുമായി ബന്ധപ്പെട്ട സുപ്രധാനമായ ഒരു സൂചനയാണിത്.
ജീവനുള്ള ഒന്നിനെയും ശാസ്ത്രജ്ഞർക്ക് കണ്ടെത്താനായിട്ടില്ല. എന്നാൽ സൂക്ഷ്മ ജീവികളുടെ സാന്നിദ്ധ്യമുള്ളിടത്താണ് ഫോസ്ഫൈൻ ഉണ്ടാവുകയെന്ന് അവർ വ്യക്തമാക്കി. ഭൂമിയിൽ ഫോസ്ഫൈൻ സാധാരണ ബാക്ടീരിയകളാണ് പുറംതള്ളാറുള്ളത്. ഓക്സിജൻ കുറഞ്ഞ അന്തരീക്ഷത്തിലാണ് ബാക്ടീരിയകൾ ഇങ്ങനെ ചെയ്യാറ്.
Read More: സംസ്ഥാനത്ത് പടരുന്ന വൈറസിന് വ്യാപനശേഷി കൂടുതൽ; മുന്നറിയിപ്പ്
ഹവായിയിലെ ജെയിംസ് ക്ലർക്ക് മാക്‌സ്‌വെൽ ടെലിസ്‌കോപ്പ് ഉപയോഗിച്ചാണ് അന്താരാഷ്ട്ര ശാസ്ത്രസംഘം ഭൂമിക്ക് പുറത്ത് ഫോസ്ഫൈൻ കണ്ടെത്തിയത്. തുടർന്ന് ചിലിയിലെ അറ്റകാമ ലാർജ് മില്ലിമീറ്റർ / സബ്‌മില്ലിമീറ്റർ അറേ (ALMA) റേഡിയോ ദൂരദർശിനി ഉപയോഗിച്ച് ഇത് സ്ഥിരീകരിക്കുകയും ചെയ്തു.
“ഞാൻ അതിശയിച്ചുപോയി,” എന്നാണ് നേച്ചർ ആസ്ട്രോണമി ജേണലിൽ പ്രസിദ്ധീകരിച്ച ഗവേഷണത്തിന്റെ പ്രധാന രചയിതാവായ വെയിൽസിലെ കാർഡിഫ് സർവകലാശാലയിലെ ജ്യോതിശാസ്ത്രജ്ഞൻ ജെയ്ൻ ഗ്രീവ്സ് പറഞ്ഞത്.
ശുക്രനെക്കുറിച്ച് നമുക്കറിയാവുന്നതനുസരിച്ച്, ഫോസ്ഫൈനിന്റെ ഏറ്റവും വിശ്വസനീയമായ കണ്ടെത്തലാണിതെന്ന് മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ മോളിക്യുലർ ആസ്ട്രോഫിസിസിസ്റ്റും പഠനത്തിലെ സഹ-എഴുത്തുകാരിയുമായ ക്ലാര സൂസ-സിൽവ പറഞ്ഞു.
Read More: കോവിഡ് വാക്‌സിൻ എപ്പോൾ എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല: കേന്ദ്ര ആരോഗ്യമന്ത്രി
“ഇത് പ്രധാനമാണ്, കാരണം ഇത് ഫോസ്ഫൈൻ ആണെങ്കിൽ, അവിടെ ജീവിതം ഉണ്ടെങ്കിൽ, അതിനർത്ഥം നമ്മൾ ഒറ്റയ്ക്കല്ല എന്നാണ്. ജീവിതം എന്നത് വളരെ സാധാരണമായിരിക്കണം എന്നും നമ്മുടെ ഗാലക്സിയിലുടനീളം ജനവാസമുള്ള മറ്റു പല ഗ്രഹങ്ങളും ഉണ്ടായിരിക്കണമെന്നും ഇതർത്ഥമാക്കും,” അവർ പറഞ്ഞു.
മൂന്ന് ഹൈഡ്രജൻ ആറ്റങ്ങളും ഫോസ്ഫറസ് ആറ്റവും ചേർന്നുള്ള ഫോസ്ഫൈൻ മനുഷ്യരിൽ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്ന ഒരു വിഷവാതകമാണ്.
ശുക്രന്റെ അന്തരീക്ഷത്തിൽ ഒരു ബില്യണിൽ 20 ഭാഗങ്ങളിൽ എന്ന നിരക്കിലാണ് ഫോസ്ഫിൻ സാന്നിദ്ധ്യം കണ്ടെത്തിയത്. അഗ്നിപർവ്വതം, ഉൽക്കകൾ, മിന്നൽ, വിവിധതരം രാസപ്രവർത്തനങ്ങൾ തുടങ്ങിയ ജൈവശാസ്ത്രപരമല്ലാത്ത സ്രോതസ്സുകൾ വഴിയാണോ ഇവ രൂപപ്പെട്ടത് എന്ന് ഗവേഷകർ പരിശോധിച്ചിരുന്നെങ്കിലും അവയ്ക്കൊന്നും സാധ്യതയില്ലാതിരുന്നെന്ന് ജെയ്ൻ ഗ്രീവ്സ് പറഞ്ഞു. ഗവേഷണം ജീവന്റെ സാന്നിധ്യം സ്ഥിരീകരിക്കുകയോ അല്ലെങ്കിൽ മറ്റെന്തെങ്കിലും കാരണമാണെങ്കിൽ അതിലേക്ക് എത്തിച്ചേരുകയോ ചെയ്യും എന്നും അദ്ദേഹം പറഞ്ഞു.
ഭൂമിയുടെ ഏറ്റവും അടുത്ത ഗ്രഹമാണ് ശുക്രൻ. ഘടനയിൽ സമാനമാണെങ്കിലും ഭൂമിയേക്കാൾ അല്പം ചെറുതാണ്. ഇത് സൂര്യനിൽ നിന്നുള്ള രണ്ടാമത്തെ ഗ്രഹമാണ്. ഭൂമി മൂന്നാമത്തേതും. കട്ടിയുള്ളതും വിഷമയവുമായ അന്തരീക്ഷത്തിൽ പൊതിഞ്ഞനിലയിൽ കടുത്ത ചൂടിലാണ് ശുക്രൻ സ്ഥിതി ചെയ്യുന്നത്. ഉപരിതല താപനില 880 ഡിഗ്രി ഫാരൻഹീറ്റ് (471 ഡിഗ്രി സെൽഷ്യസ്) വരെ എത്തുന്നു. ഈയം പോലുള്ള ലോഹങ്ങൾ ഉരുകാൻ ഈ ചൂട് മതി.
Read More: പൂച്ചയ്ക്കുള്ള കൊറോണവൈറസ് മരുന്ന് മനുഷ്യരില്‍ പരീക്ഷിക്കുന്നു
“ശുക്രനിൽ എന്ത് ജീവികളാണുള്ളതെന്ന കാര്യത്തിൽ ഊഹാപോഹങ്ങൾ നടത്താനേ കഴിയൂ. ശുക്രന്റെ ഉപരിതലത്തിൽ ഒരു ജീവിക്കും നിലനിൽക്കാൻ കഴിയില്ല, കാരണം ഇത് തികച്ചും വാസയോഗ്യമല്ലാത്തതാണ്. പക്ഷേ വളരെ കാലം മുൻപ് ഹരിത ഗ്രഹപ്രഭാവത്തിൽ ഗ്രഹം വാസയോഗ്യമല്ലാതായി മാറുന്നതിന് മുൻപായി ശുക്രനിൽ ജീവനുണ്ടായെന്നിരിക്കാം,” ക്ലാര സൂസ-സിൽവ പറഞ്ഞു.
അസിഡിക് ആയ അവസ്ഥ അതിജീവിക്കാൻ കഴിയുന്ന സൂക്ഷ്മജീവികൾക്ക് ശുക്രന്റെ മേഘങ്ങളിലെ 86 ഡിഗ്രീ ഫാരൻഹീറ്റ് (30 ഡിഗ്രി സെൽഷ്യസ്) എന്ന നിലയിൽ വരെ താഴ്ന്ന കാലാവസ്ഥയിൽ നിലനിൽക്കാനാവുമെന്നാണ് ചില ഗവേഷകർ സംശയിക്കുന്നത്. 90 ശതമാനവും സൾഫ്യൂരിക് ആസിഡ് നിറഞ്ഞതാണ് ശുക്രനിലെ ഈ മേഘങ്ങൾ.
“ഇത് സൂക്ഷ്മാണുക്കളാണെങ്കിൽ, അവർക്ക് കുറച്ച് സൂര്യപ്രകാശവും വെള്ളവും ലഭ്യമായിട്ടുണ്ടായിരിക്കാം. സ്വയം നിർജ്ജലീകരണം തടയാൻ ദ്രാവകത്തുള്ളികളിൽ ജീവിച്ചിരിക്കാം, പക്ഷേ ആസിഡ് കാരണമുള്ള നാശത്തിൽ നിന്ന് രക്ഷനേടാൻ അവർക്ക് അജ്ഞാതമായ ചില സംവിധാനം ആവശ്യമാണ്,” ഗ്രീവ്സ് പറഞ്ഞു.
Read More: Potential sign of alien life detected on inhospitable Venus