ന്യൂഡൽഹി: കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യത്തേർപ്പെടുത്തിയ ലോക്ക്ഡൗൺ മൂന്നാം ഘട്ടത്തിലേക്ക് നീട്ടുമ്പോൾ ചില മേഖലകളിൽ സർക്കാർ ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ലോക്ക്ഡൗണിന്റെ മൂന്നാം ഘട്ടത്തിൽ മദ്യവിൽപ്പനശാലകൾ തുറക്കാൻ അനുമതി നൽകിയിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ മാര്‍ഗരേഖയില്‍ നിയന്ത്രണങ്ങളോടെ മദ്യശാലകള്‍ തുറന്നുപ്രവര്‍ത്തിക്കാമെന്ന് വ്യക്തമാക്കുന്നു.
അതേസമയം ബാറുകൾ അടഞ്ഞു തന്നെ കിടക്കും. പൊതുസ്ഥലത്ത് മദ്യപാനം അനുവദനീയമല്ലെന്നും മാര്‍ഗരേഖയില്‍ പറയുന്നു. പാന്‍, ഗുഡ്ക, പുകയില ഉത്പന്നങ്ങള്‍ തുടങ്ങിയവ വില്‍ക്കുന്ന കടകള്‍ക്കും തുറന്നു പ്രവര്‍ത്തിക്കാം. കടയില്‍ സാധനം വാങ്ങാനെത്തുന്ന ആളുകള്‍ തമ്മില്‍ ആറടി അകലം വേണം. ഒരുസമയത്ത് അഞ്ചുപേരില്‍ കൂടുതല്‍ ആളുകള്‍ പാടില്ല.
Also Read: ലോക്ക്ഡൗൺ നീട്ടി; മേയ് 17 വരെ കർശന നിയന്ത്രണങ്ങൾ തുടരും
കേരളവും പഞ്ചാബും ഉൾപ്പടെയുള്ള സംസ്ഥാനങ്ങൾ നേരത്തെ തന്നെ മദ്യ വിൽപ്പന ശാലകൾ തുറക്കാൻ കേന്ദ്രത്തോട് അനുമതി തേടിയിരുന്നു. മദ്യം കിട്ടാതെ ആളുകൾ ആത്മഹത്യ വരെ ചെയ്ത സാഹചര്യം കൂടി പരിഗണിച്ചായിരുന്നു സംസ്ഥാനങ്ങളുടെ ആവശ്യം.
രണ്ടാം ഘട്ട ലോക്ക്ഡൗൺ മേയ് മൂന്നിന് അവസാനിക്കാനിരിക്കെയാണ് മേയ് 17 വരെ നീട്ടുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചത്. രാജ്യത്തെ സ്ഥിതി വിലയിരുത്തിയ ശേഷമാണ് തീരുമാനമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. കർശന നിയന്ത്രണങ്ങൾ തുടരുമെന്ന് തന്നെയാണ് കേന്ദ്രം അറിയിക്കുന്നത്. പൊതുഗതാഗതം ഉണ്ടാകില്ല. ഓറഞ്ച് സോണിൽ ഒരു യാത്രക്കാരനുമായി ടാക്സി സര്‍വീസ് ആകാം. അനുവദനീയമായ ആവശ്യങ്ങള്‍ക്ക് മാത്രം ജില്ല വിട്ട് യാത്രയാകാം. കുടുങ്ങി കിടക്കുന്നവരുടെ മടക്കത്തിന് പ്രത്യേക അനുമതി.
Also Read: ലോക്ക്ഡൗൺ: റെഡ്, ഓറഞ്ച്, ഗ്രീൻ സോണുകളിലെ നിയന്ത്രണങ്ങളും ഇളവുകളും
ഓറഞ്ച്, ഗ്രീൺ സോണുകളിൽ ചില ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും രാജ്യത്താകമാനം ചില നിയന്ത്രണങ്ങൾ പൊതുവായിരിക്കും. വ്യോമ-റെയില്‍-മെട്രോ ഗതാഗതവും അന്തര്‍സംസ്ഥാന യാത്രകളും അനുവദനീയമല്ല. കൂടാതെ സ്കൂള്‍, കോളേജ്, പരിശീലന സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ പ്രവര്‍ത്തിക്കുകയില്ല. സാമൂഹിക-രാഷ്ട്രീയ-സാംസ്കാരിക സമ്മേളനങ്ങള്‍ അനുവദനീയമല്ല. സിനിമാശാലകൾ, മാളുകൾ, ജിംനേഷ്യം എന്നിവ പ്രവർത്തിക്കില്ല. രാഷ്ട്രീയ, മത, സാമൂഹിക ചടങ്ങുകള്‍ പാടില്ല. ആരാധനാലയങ്ങളിലെ സംഘംചേരലും അനുവദനീയമല്ല.