ന്യൂയോര്‍ക്ക്: മദ്യപാനം ഓര്‍മ്മശക്തി കൂട്ടുമെന്ന് പഠനം. മദ്യപിക്കാത്തവരെ അപേക്ഷിച്ച് മദ്യപിക്കുന്നവര്‍ക്ക് കാര്യങ്ങള്‍ ഓര്‍ത്തെടുക്കാനാകുമെന്നാണ് പഠനം. 88 മദ്യപാനികളെ ഉള്‍പ്പെടുത്തിയാണ് പഠനം നടത്തിയത്.

രണ്ട് ഗ്രൂപ്പുകളായി തിരിച്ച ഇവര്‍ക്ക് പഠിക്കാനായി ചില പാഠഭാഗങ്ങള്‍ ആദ്യം നല്‍കി. പിന്നീട് ഇവരില്‍ പകുതി പേരോട് മദ്യപിക്കാനും മറ്റുളളവരോട് മദ്യപിക്കാതിരിക്കാനും നിര്‍ദേശിച്ചു. അടുത്ത ദിവസം നടത്തിയ പരീക്ഷണത്തിലാണ് മദ്യപിച്ചവര്‍ക്ക് മറ്റുളളവരേക്കാള്‍ കാര്യങ്ങള്‍ ഓര്‍ത്തെടുക്കാന്‍ കഴിഞ്ഞതെന്ന് കണ്ടെത്തുകയായിരുന്നു.

എന്നാല്‍ പഠനം നടത്തിയ എക്സ്റ്റര്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ ഇത് താത്കാലികമായ പോസിറ്റീവ് ഫലമാണെന്ന് അനുമാനിച്ചു. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഓര്‍മ്മയെ സംബന്ധിക്കുന്നതും, മാനസിക-ശാരീരികമായതുമായി ദോഷഫലങ്ങള്‍ മദ്യാപാനത്തിലൂടെ ഉണ്ടാകും. പുതിയ വിവരങ്ങള്‍ തലച്ചോറിലേക്ക് കടക്കുന്നത് മദ്യത്തിന് തടയാന്‍ കഴിയുമെന്നും ഇതിനാലാണ് പഴയ കാര്യങ്ങള്‍ തന്നെ തലച്ചോറില്‍ സൂക്ഷിക്കപ്പെടുന്നതെന്നും പ്രൊഫസര്‍ സിലിയ മോര്‍ഗന്‍ പറയുന്നു. 18നും 53നും ഇടയില്‍ പ്രായമുളള 31 പുരുഷന്മാരും 57 സ്ത്രീകളുമാണ് പഠനത്തിന്റെ ഭാഗമായത്.

ചിത്രങ്ങള്‍ പരിചയപ്പെടുത്തിയും പഠനങ്ങള്‍ നടത്തിയിരുന്നു. മദ്യപിച്ചതും മദ്യപിക്കാത്തതുമായ ആള്‍ക്കാര്‍ക്ക് സ്കീനില്‍ ചിത്രം കാണിച്ച് കൊടുക്കുകയായിരുന്നു. അടുത്ത ദിവസം ഇതിനെ കുറിച്ചുളള വിശദീകരണം ആവശ്യപ്പെട്ടെങ്കിലും ഇരുവിഭാഗവും സമാനമായ മറുപടികളാണ് നല്‍കിയത്. ഇരുവിഭാഗത്തിലും വലിയ മാറ്റങ്ങള്‍ കാണാത്തത് കൊണ്ട് തന്നെ ഈ പഠനം ഗവേഷകര്‍ അവഗണിക്കുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ