/indian-express-malayalam/media/media_files/uploads/2022/08/Zawahiri.jpg)
ന്യൂയോർക്ക്: അൽ ഖായിദ തലവൻ അയ്മൻ അൽ സവാഹിരി ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടുവെന്ന് യുഎസ്. ഞായറാഴ്ച അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിൽ നടത്തിയ ഡ്രോൺ ആക്രമണത്തിലാണ് സവാഹിരി കൊല്ലപ്പെട്ടതെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ആണ് സ്ഥിരീകരിച്ചത്.
ഒസാമ ബിൻ ലാദൻ 2011ൽ കൊല്ലപ്പെട്ടതിന് ശേഷം ഭീകര സംഘടനയുടെ നേതൃത്വം ഏറ്റെടുത്തത് സവാഹിരിയായിരുന്നു. 2001 സെപ്റ്റംബർ 11 ലെ വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിന്റെ മുഖ്യ സൂത്രധാരന്മാരിൽ ഒരാളായ സവാഹിരിയുടെ തലയ്ക്ക് 25 മില്യൻ ഡോളർ ആണ് പാരിതോഷികം പ്രഖ്യാപിച്ചത്.
''നീതി നടപ്പായി, ആ ഭീകര നേതാവ് ഇനിയില്ല,'' വൈറ്റ്ഹൗസിൽ നടത്തിയ പ്രസ്താവനയിൽ ബൈഡൻ പറഞ്ഞു. ''എത്ര കാലമെടുത്താലും, എവിടെ പോയി ഒളിച്ചാലും, ഞങ്ങളുടെ ജനങ്ങൾക്ക് ഭീഷണിയാണെങ്കിൽ, അമേരിക്ക നിങ്ങളെ കണ്ടെത്തി കൊലപ്പെടുത്തും,'' ബൈഡൻ പറഞ്ഞു. കെനിയയിലെയും ടാൻസാനിയയിലെയും യുഎസ്എസ് കോളിനും യുഎസ് എംബസികൾക്കും നേരെയുണ്ടായ ആക്രമണത്തിന് പിന്നിലെ സൂത്രധാരൻ സവാഹിരിയാണ്. അൽ ഖായിദയ്ക്ക് അവരുടെ തലവന്റെ മരണം വലിയ പ്രഹരമേൽപ്പിക്കുകയും ഭീകര സംഘടനയുടെ പ്രവർത്തനത്തെ തകർക്കുകയും ചെയ്യുമെന്ന് ബൈഡൻ പറഞ്ഞു.
I made a promise to the American people that we’d continue to conduct effective counterterrorism operations in Afghanistan and beyond.
— President Biden (@POTUS) August 2, 2022
We have done that. pic.twitter.com/441YZJARMX
കൊല്ലപ്പെട്ടയാൾ സവാഹിരിയാണെന്ന് ഒന്നിലധികം ഇന്റലിജൻസ് സ്ട്രീമുകളിലൂടെ യുഎസ് രഹസ്യാന്വേഷണ വിഭാഗം ഉറപ്പിച്ചതായി ഒരു മുതിർന്ന അഡ്മിനിസ്ട്രേഷൻ ഉദ്യോഗസ്ഥൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. കാബൂളിലെ സുരക്ഷിതമായൊരു വീടിന്റെ ബാൽക്കണിയിൽവച്ച് കുടുംബത്തിലെ മറ്റു അംഗങ്ങൾക്കൊപ്പം നിൽക്കവെയാണ് സവാഹിരി കൊല്ലപ്പെട്ടത്. മറ്റ് ആളപായമൊന്നും സംഭവിച്ചിട്ടില്ല.
കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടെ സവാഹിരി കൊല്ലപ്പെട്ടതായി നിരവധി തവണ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. എന്നാൽ 2021ൽ സെപ്റ്റംബർ 11 ഭീകരാക്രമണത്തിന്റെ വാർഷികദിനത്തിൽ സവാഹിരിയുടെ ഒരു മണിക്കൂർ ദൈർഘ്യമുളള വിഡിയോ പുറത്തുവന്നിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.