ലക്നൗ: ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ നേതാക്കള്‍ക്കെതിരായ 19 കേസുകള്‍ അഖിലേഷ് യാദവ് ഗവണ്‍മെന്റ് തേച്ചു മായ്ച്ചു കളഞ്ഞതായി റിപ്പോര്‍ട്ട്. ഇന്ത്യൻ എക്സ് പ്രസ് നടത്തിയ അന്വേഷണത്തിലാണ് ഈ വിവരം പുറത്തുവന്നത്. ഗുരുതരമായ ആരോപണങ്ങള്‍ നേരിടുന്നവര്‍ അടക്കമുള്ള നേതാക്കള്‍ക്കെതിരായ കേസുകളാണ് ഇത്തരത്തില്‍ ഇല്ലാതാക്കിയത്.

വര്‍ഗീയ ലഹള, തട്ടിപ്പ്, ബലം പ്രയോഗിച്ച് തട്ടിക്കൊണ്ടു പോകല്‍, നരഹത്യ എന്നിവ ഉള്‍പ്പെടെയുള്ള കേസുകളില്‍ ആരോപണവിധേയരായ നേതാക്കളെയാണ് കേസുകളില്‍ നിന്ന് ഒഴിവാക്കിയത്. സമാജ് വാദി പാര്‍ട്ടിയുടെ മുഖ്യ ശത്രുവായ ബിജെപി നേതാക്കളേയും കേസുകളില്‍ നിന്ന് ഒഴിവാക്കിയെന്നതും ശ്രദ്ധേയമാണ്.

എഴ് സമാജ് വാദി പാര്‍ട്ടി മന്ത്രിമാര്‍, 10 എസ് പി എംഎല്‍എമാര്‍, ആഗ്രയില്‍ നിന്നുള്ള ബിജെപി എംപി രാം ശങ്കര്‍ കഥേരിയ, കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ കല്‍രാജ് മിശ്ര എന്നിവര്‍ക്കെതിരായ കേസുകളാണ് അഖിലേഷ് യാദവ് സര്‍ക്കാര്‍ ഇല്ലാതാക്കിയത്. പൊതുജന താത്പര്യാര്‍ത്ഥം കേസുകള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് കേടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നത്.

കേസുകള്‍ പിന്‍വലിക്കപ്പെട്ട സമാജ് വാദി പാര്‍ട്ടിയിലെ ആറ് മന്ത്രിമാരും ഏഴ് എംഎല്‍എമാരും അടുത്തമാസം നടക്കുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്. കേസുകള്‍ പിന്‍വലിക്കാനുണ്ടായ സാഹചര്യത്തെ കുറിച്ച് പ്രതികരിക്കാന്‍ സര്‍ക്കാര്‍വൃത്തങ്ങള്‍ ഇതുവരെയും തയ്യാറായിട്ടില്ല.

കോൺഗ്രസ് ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയും ഉത്തർപ്രദേശ് മുഖ്യമന്ത്രിയും സമാജ് വാദി പാർട്ടി ദേശീയ അദ്ധ്യക്ഷനുമായ അഖിലേഷ് യാദവും തെരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടാന്‍ പോകുന്നതിനിടെയാണ് സര്‍ക്കാര്‍ കാണിച്ച ക്രമക്കേട് പുറത്തായിരിക്കുന്നത്. യുപിയുടെ വികസനം. സമൃദ്ധി, സമാധാനം എന്നിവയാണ് മഹാസഖ്യത്തിന്റെ ലക്ഷ്യമെന്നും രാഹുലിനൊപ്പം ചേർന്ന് യുപിയെ സമൃദ്ധിയിലേക്ക് നയിക്കുമെന്നും അഖിലേഷ് വ്യക്തമാക്കിയിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook