/indian-express-malayalam/media/media_files/uploads/2022/01/Akhilesh-Yadav-3-1-2-1.jpg)
ലക്നോ: സമാജ്വാദി പാർട്ടിക്കെതിരെ 'കുടുംബവാഴ്ച' പരിഹാസം ഉന്നയിച്ച ബിജെപി നേതാക്കൾക്കെതിരെ തിരിച്ചടിച്ച് സമാജ്‌വാദി പാർട്ടി (എസ്‌പി) അധ്യക്ഷൻ അഖിലേഷ് യാദവ്. ഒരു കുടുംബമുള്ള ഒരാൾക്ക് അതിന്റെ വേദന മനസ്സിലാകുമെന്നും കുടുംബമില്ലാത്തവർക്ക് അവരുടെ വേദന അനുഭവിക്കാൻ കഴിയുമോയെന്നും അഖിലേഷ് ചോദിച്ചു.
ഉത്തർപ്രദേശിലെ ജലൗണിൽ ഒരു തിരഞ്ഞെടുപ്പ് യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അഖിലേഷ്. “അവർ എന്നെ കുടുംബവാഴ്ചയിലെ അംഗം എന്ന് വിളിക്കുന്നു. കുടുംബമുള്ള ഒരാൾക്ക് കുടുംബത്തിന്റെ വേദന മനസ്സിലാകും. ബിജെപി നേതാക്കൾക്ക് കുടുംബമില്ല, അവർക്ക് കുടുംബത്തിന്റെ വേദന അനുഭവിക്കാൻ കഴിയുമോ?" അഖിലേഷ് ചോദിച്ചു.
“ഒരു കുടുംബാംഗത്തിന് മാത്രമേ തന്റെ ഉത്തരവാദിത്തം മനസ്സിലാക്കാൻ കഴിയൂ. പണപ്പെരുപ്പം എന്താണെന്ന് ഒരു കുടുംബാംഗത്തിന് മനസ്സിലാക്കാൻ കഴിയും. കുടുംബങ്ങളുള്ള ആളുകൾ ഇവിടെ ഇരിക്കുന്നു, അവർക്ക് വിലക്കയറ്റത്തിന്റെ വേദന അനുഭവപ്പെടുന്നു. യുവാക്കൾക്ക് തൊഴിലില്ലായ്മയുടെ വേദന അനുഭവപ്പെടുന്നു, ”അദ്ദേഹം പറഞ്ഞു.
ബിജെപി നേതാവും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ തന്റെ ചില പ്രചാരണ പ്രസംഗങ്ങളിൽ, എസ്പിയിലെ ‘എസ്’ എന്നാൽ ‘സമ്പത്തി ഇക്കത്ത’ (പണപ്പിരിവ്) ആണെന്നും ‘പി’ എന്നാൽ ‘പരിവാർവാദം’ (കുടുംബ വാഴ്ച) ആണെന്നും പറഞ്ഞിരുന്നു.
Also Read: ഹിജാബ് ധരിക്കുന്നത് ഭരണഘടനാപരമായ ധാർമ്മികതയുടെ പരിധിയിൽ പെടുമോ എന്ന് ഹൈക്കോടതിയിൽ കർണാടക
എസ്പി കുടുംബവാഴ്ചയുടെ പാർട്ടിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആരോപിച്ചു.
നോട്ട് നിരോധന ശേഷം ആളുകൾ ബാങ്കുകളിൽ നിക്ഷേപിച്ച പണം വ്യവസായികൾ മോഷ്ടിച്ചെന്നും പിന്നീട് രാജ്യം വിട്ടുപോയെന്നും അഖിലേഷ് യാദവ് ബിജെപിയെ ലക്ഷ്യം വച്ച് പറഞ്ഞു ആരോപിച്ചു.
“നിങ്ങളുടെ ബാങ്കുകളിൽ നിക്ഷേപിച്ച പണം മോഷ്ടിക്കപ്പെട്ടു. ഏതാനും ദിവസം മുമ്പ് 28 ബാങ്കുകളിൽ നിന്നായി 22,000 കോടിയിലധികം രൂപ കൈപ്പറ്റി ഒരു വ്യവസായി ഒളിച്ചോടി. പണം വാങ്ങി ഒളിച്ചോടുന്ന ആദ്യത്തെ വ്യവസായിയല്ല അദ്ദേഹം," അഖിലേഷ് പറഞ്ഞു.
“ബിജെപി സർക്കാർ രൂപീകരിച്ചതിനുശേഷം, വൻകിട വ്യവസായികൾ ബാങ്കുകളിൽ നിന്ന് പണം വാങ്ങി പലായനം ചെയ്തു,” അദ്ദേഹം റാലിയിൽ പറഞ്ഞു, “പാലായനം ചെയ്ത വ്യവസായികൾ എവിടെയാണ്?” എന്നും അഖിലേഷ് ചോദിച്ചു.
ആദ്യ രണ്ട് ഘട്ട വോട്ടെടുപ്പിന് ശേഷം പാർട്ടിയുടെ നേതൃത്വത്തിലുള്ള സഖ്യം “സെഞ്ച്വറി അടിച്ചു” എന്നും നാലാം ഘട്ടം അവസാനിക്കുമ്പോൾ 200-ലധികം സീറ്റുകൾ നേടുമെന്നും എസ്പി അധ്യക്ഷൻ പറഞ്ഞു.
ഫെബ്രുവരി 20നാണ് മൂന്നാംഘട്ട വോട്ടെടുപ്പ്. ഒന്നും രണ്ടും ഘട്ടങ്ങളിലായി 113 സീറ്റുകളിലേക്ക് വോട്ടെടുപ്പ് പൂർത്തിയായി. മൂന്നാം ഘട്ടത്തിൽ 56 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ്.
ഏഴ് ഘട്ടങ്ങളിലായാണ് ഉത്തർപ്രദേശിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്.
കർഷകരുടെയും തൊഴിലാളികളുടെയും വരുമാനം ഇരട്ടിയാക്കുമെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനം ബിജെപി സർക്കാർ പാലിക്കുന്നില്ലെന്നും എസ്പി അധ്യക്ഷൻ പറഞ്ഞു. "ഇരട്ട എൻജിൻ സർക്കാരിന് കീഴിൽ എന്തെങ്കിലും ഇരട്ടിയാക്കിയിട്ടുണ്ടെങ്കിൽ അത് അഴിമതിയും വിലക്കയറ്റവുമാണ്," എന്നും അഖിലേഷ് പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.