ലക്‌നൗ: ഗോരഖ്പൂര്‍, ഫൂല്‍പൂര്‍ ഉപതെരഞ്ഞെടപ്പ് വിജയങ്ങള്‍ക്ക് ജനങ്ങളോട് നന്ദി പറഞ്ഞ് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. ബിജെപി സര്‍ക്കാരിന്റെ മോശം ഭരണത്തിനുള്ള ജനങ്ങളുടെ മറുപടിയാണ് തെരഞ്ഞെടുപ്പ് ഫലമെന്നും അഖിലേഷ് പ്രതികരിച്ചു.

‘ഗോരഖ്പൂരിലേയും ഫൂല്‍പൂരിലേയും ജനങ്ങള്‍ക്കും മായാവതിയ്ക്കും ഞാന്‍ നന്ദി പറയുന്നു. മുഖ്യമന്ത്രിയുടേയും ഡെപ്യൂട്ടി മുഖ്യമന്ത്രിയുടേയും നാട്ടിലെ ജനങ്ങളുടെ അമര്‍ഷമാണ് ഇതെങ്കില്‍ രാജ്യത്തെ മൊത്തം ജനങ്ങളുടെ അമര്‍ഷം എത്രത്തോളമുണ്ടാകുമെന്ന് ഊഹിക്കാവുന്നതാണ്.’ അഖിലേഷ് പറയുന്നു.

മുഖ്യ ശത്രുവായ ബിജെപിയുടെ സ്ഥാനാര്‍ത്ഥികളെ വലിയ മാര്‍ജിനിലാണ് ഗോരഖ്പൂരിലേയും ഫൂല്‍പൂരിലേയും എസ് പി സ്ഥാനാര്‍ത്ഥികല്‍ പരാജയപ്പെടുത്തിയത്. ഫൂല്‍പൂരില്‍ ബിജെപിയുടെ കൗശലേന്ദ്ര സിംഗിനെ 59460 വോട്ടിനാണ് എസ്പിയുടെ നാഗേന്ദ്ര പ്രതാപ് സിംഗ് പരാജയപ്പെടുത്തിയത്. ആദിത്യനാഥിന്റെ ഗോരഖ്പൂരില്‍ എസ്പിയുടെ പ്രവീണ്‍ നിഷാദ് ജയിച്ചത് 21000 വോട്ടുകള്‍ക്കായിരുന്നു.

മുഖ്യമന്ത്രി ആദിത്യനാഥിനും പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരേയും അഖിലേഷ് ആഞ്ഞടിച്ചു. ‘ ജനങ്ങളെ സര്‍ക്കാര്‍ വേദനിപ്പിച്ചാല്‍ ജനം തിരിച്ചടിക്കും. അച്ഛേ ദിന്‍ വരാതായപ്പോള്‍ ജനം ബിജെപിയ്ക്ക് ബുരേ ദിന്‍ (മോശം നാള്‍) കൊണ്ടുവരികയായിരുന്നു.’ യാദവ് പറയുന്നു.

‘ഞാനൊരു ഹിന്ദുവാണ്, ഈദ് ആഘോഷിക്കില്ലെന്നാണ് ആദിത്യനാഥ് പറഞ്ഞത്. ഇതെന്തു തരം മാനസികാവസ്ഥയാണ്. ഉത്തര്‍പ്രദേശിയില്‍ ക്രമസമാധാനം തകരാറിലാക്കിതിന് ജനം നല്‍കിയ ഉത്തരമാണ് ഈ ഫലം.’ അഖിലേഷ് കൂട്ടിച്ചേര്‍ക്കുന്നു.

നേരത്തെ ഉപതെരഞ്ഞെടുപ്പിലെ തോല്‍വി അംഗീകരിക്കുന്നുവെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു. തോല്‍വി അപ്രതീക്ഷിതമായിരുന്നുവെന്നും ഫലത്തെ കുറിച്ച് വിശദമായി പഠിക്കുമെന്നും യോഗി മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു.

‘ ജനവിധിയെ ഞങ്ങള്‍ അംഗീകരിക്കുന്നു. ഫലം അപ്രതീക്ഷിതമായിരുന്നു. തോല്‍വിയെ കുറിച്ച് പഠിക്കും. വിജയിച്ച സ്ഥാനാര്‍ത്ഥികള്‍ക്ക് അഭിനന്ദനങ്ങള്‍.’ യോഗി ആദിത്യനാഥ് പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ