നോയിഡ: ഉത്തര്‍പ്രദേശ് സര്‍ക്കാരിന് ആക്രമണത്തിന്റെ ഭാഷ മാത്രമേ അറിയുകയുള്ളൂവെന്ന് സമാജ് വാദി പാര്‍ട്ടി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്. ഗാസിപൂരില്‍ ആള്‍ക്കൂട്ട ആക്രമണത്തെ തുടര്‍ന്ന് പൊലീസ് ഇന്‍സ്‌പെക്ടര്‍ കൊല്ലപ്പെട്ട സംഭവത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു അഖിലേഷ്.

”ഉത്തര്‍പ്രദേശ് സര്‍ക്കാരിന് അക്രമത്തിന്റെ ഭാഷ മാത്രമേ അറിയൂ. അതുകൊണ്ടാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത്. വേദിയിലും പൊതുയോഗത്തിലും സംസാരിക്കുമ്പോള്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉപയോഗിക്കുന്നത് അക്രമത്തിന്റെ ഭാഷയാണ്” അഖിലേഷ് പറഞ്ഞു. ആക്രമണങ്ങള്‍ക്ക് കാരണം യോഗി ആണെന്നും അഖിലേഷ് പറഞ്ഞു.

”ഇതൊക്കെ സംഭവിക്കുന്നത് യോഗി ആദിത്യനാഥ് കാരണമാണ്. അദ്ദേഹം പ്രസംഗിക്കുമ്പോള്‍ പറയുന്നത്, ‘അവരെ വെടിവെക്കു’ എന്നാണ്. ചിലപ്പോള്‍ പൊലീസിന് അറിയില്ല ആരെ വെടിവെക്കണമെന്ന്, ചിലപ്പോള്‍ ജനങ്ങള്‍ക്ക് അറിയില്ല ആരെ വെടിവെക്കണമെന്ന്” അഖിലേഷ് കൂട്ടിച്ചേര്‍ത്തു.

അതേസമയം, 32 പേര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ 19 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്നലെയായിരുന്നു ഗാസിപൂരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത സമ്മളേനത്തിന് ശേഷം നടന്ന ആക്രമണത്തില്‍ പൊലീസ് ഉദ്യോഗസ്ഥനായ സുരേഷ് വത്സ് കൊല്ലപ്പെടുന്നത്. ബുലന്ദ്ഷഹറില്‍ പൊലീസ് ഇന്‍സ്‌പെക്ടറായിരുന്ന സുബോദ് സിങിന് കൊല്ലപ്പെട്ടതിന് ശേഷമാണ് ഇന്നലെ സുരേഷും കൊല്ലപ്പെടുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook