ആഗ്ര: സമാജ് വാദി പാർട്ടിയുടെ ദേശീയ അദ്ധ്യക്ഷനായി ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവിനെ വീണ്ടും തിരഞ്ഞെടുത്തു. ആഗ്രയിൽ നടന്ന പാർട്ടിയുടെ ദേശീയ സമ്മേളനത്തിലാണ് അദ്ദേഹത്തെ വീണ്ടും അദ്ധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്. മുതിര്‍ന്ന എസ്പി നേതാവ് രാംഗോപാല്‍ യാദവാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
അഖിലേഷുമായി ഇടഞ്ഞു നിൽക്കുന്ന പിതാവ് മുലായം സിംഗ് യാദവും പിതൃസഹോദരൻ ശിവപാൽ യാദവും കൺവൻഷനിൽ പങ്കെടുത്തില്ല. നേരത്തെ അഖിലേഷ് നേരിട്ടെത്തി മുലായത്തെ ക്ഷണിച്ചിരുന്നു. മുലായത്തെ പുറത്താക്കിയാണ് അഖിലേഷ് നേരത്തെ അദ്ധ്യക്ഷ സ്ഥാനത്ത് എത്തിയത്. ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസുമായി ചേർന്ന് സഖ്യം രൂപീകരിച്ചതിനെ തുടർന്ന് അഖിലേഷ്- മുലായം ബന്ധത്തിൽ ഉലച്ചിൽ സംഭവിച്ചിരുന്നു.
മൂന്ന് വർഷത്തേക്കായിരുന്ന പ്രസിഡന്റ് കാലാവധി അഞ്ച് വര്‍ഷമാക്കി ഭേദഗതി ചെയ്താണ് അഖിലേഷിനെ തെരഞ്ഞെടുത്തത്. പ്രസിഡന്റ് കാലാവധി അഞ്ച് വർഷം ആയതോടെ 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പും 2022ലെ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പും അഖിലേഷിന്റെ കീഴിലായിരിക്കും പാർട്ടി നേരിടുക.