ലക്നൗ: ലക്നൗ വിമാനത്താവളത്തില്‍ തന്നെ തടഞ്ഞതായി ആരോപിച്ച് സമാജ്‍വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് രംഗത്തെത്തിയതിന് പിന്നാലെ ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിഎസ്പി നേതാവ് മായാവതി രംഗത്ത്. അലഹബാദിലേക്കുളള യാത്രയ്ക്കിടെ ആയിരുന്നു അഖിലേഷ് യാദവിനെ തടഞ്ഞത്. തങ്ങളുടെ സഖ്യത്തെ ബിജെപിക്ക് ഭയമാണോ എന്നും അഖിലേഷിനെ തടഞ്ഞത് അപലപനീയമാണെന്നും മായാവതി കുറ്റപ്പെടുത്തി.

ജനാധിപത്യ വിരുദ്ധമായ രീതിയിലൂടെ മുന്നോട്ട് പോകുന്നത് കൊണ്ടാണ് തങ്ങളെ ബിജെപി പേടിക്കുന്നതെന്നും മായാവതി കൂട്ടിച്ചേര്‍ത്തു. ‘ബിജെപിയുടെ ഏകാധിപത്യ ഭരണത്തിന്റെ മറ്റൊരു ഉദാഹരണം ആണിത്. ദൗര്‍ഭാഗ്യകരമാണിത്. ഈ ജനധിപത്യ വിരുദ്ധ നടപടിക്കെതിരെ ശക്തമായി നിലകൊളളും. ബിഎസ്പി- എസ്പി സഖ്യത്തെ പേടിയുളളത് കൊണ്ടാണ് യു.പി സര്‍ക്കാര്‍ ജനാധിപത്യ വിരുദ്ധ മാര്‍ഗങ്ങളിലൂടെ ഞങ്ങളുടെ രാഷ്ട്രീയ കാര്യങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുന്നത്,’ മായാവതി പറഞ്ഞു.

ചൗധരി ചരണ്‍ സിങ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തന്നെ തടഞ്ഞതായാണ് അഖിലേഷ് ആരോപിച്ചത്. അലഹബാദ് സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥി നേതാക്കളുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ പുറപ്പെട്ടതായിരുന്നു അദ്ദേഹം. സംഭവത്തില്‍ സമാജ് വാദി പാർട്ടി പ്രവർത്തകർ സംസ്ഥാനത്തുടനീളം ശക്തമായ പ്രതിഷേധമാണ് രേഖപ്പെടുത്തുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook