ന്യൂഡെല്‍ഹി: അജ്മീര്‍ സ്ഫോടനത്തിന്റെ മുഖ്യ സൂത്രധാരകനെന്ന് കരുതപ്പെടുന്ന സ്വാമി അസീമാനന്ദയെ എന്‍ഐഎ പ്രത്യേക കോടതി വെറുതെ വിട്ടു. മറ്റ് രണ്ട പേര്‍ക്കും ദേശീയ സുരക്ഷാ ഏജന്‍സി കോടതി ക്ലീന്‍ ചിറ്റ് നല്‍കി. കേസില്‍ മൂന്ന് പേര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്.

2017ല്‍ ഒക്ടോബര്‍ 11ന് നോമ്പ് കാലത്താണ് അജ്മീറിലെ ഖ്വാജ മൊയ്നുദ്ദീന്‍ ചിസ്തിയുടെ ദര്‍ഗയില്‍ സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തില്‍ മൂന്ന് പേര്‍ മരിക്കുകയും 17 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

ഇന്ത്യയിലെ വിവിധ സ്ഫോടനങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുൻ ആർ.എസ്.എസ് നേതാവാണ് സ്വാമി അസീമാനന്ദ. അജ്മീർ സ്ഫോടനം, മലേഗാവ് സ്ഫോടനം (2006), സംഝോത എക്സ്പ്രെസ്സ് സ്ഫോടനം, മക്കാമസ്ജിദ് സ്ഫോടനം എന്നീ സംഭവങ്ങളിൽ പ്രതിയായി സി.ബി.ഐ 2010 നവംബർ 19നാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.

ഡിസംബർ 18ന് തീസ്‌ഹസാരി കോടതിയിൽ ജസ്റ്റിസ് ദീപക് ദബസിനുമുമ്പാകെ കുറ്റസമ്മതമൊഴി നൽകി. ഈ കുറ്റസമ്മതമൊഴി 2011 ജനുവരി 15ന് തെഹൽക പുറത്തുവിട്ടു. 2010 ഡിസംബർ 24ന് എൻ.ഐ.എയ്ക്ക് കൈമാറ്റം ചെയ്യപ്പെട്ട അസീമാനന്ദ, പിന്നീട് തന്റെ മൊഴി നിഷേധിച്ചിരുന്നു.

2014 ഫെബ്രുവരിയിൽ കാരവൻ മാഗസിനുമായുള്ള അഭിമുഖത്തിൽ കോടതിയിൽ നൽകിയ മൊഴിയിൽ ഉറച്ചുനിൽക്കുന്നതായി വ്യക്തമാക്കി. തങ്ങളുടെ പ്രവർത്തനങ്ങൾക്ക് ആർ.എസ്.എസ് നേതൃത്വത്തിന്റെ പിന്തുണയുണ്ടായിരുന്നതായും മോഹൻ ഭഗവതിന്റെ അനുമതിയോടെയാണ് സ്ഫോടനങ്ങൾ നടത്തിയതെന്നും അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. എന്നാല്‍ മോഹന്‍ ഭാഗവത് ഇത് നിഷേധിച്ചു. തുടർന്നുണ്ടായ വിവാദങ്ങളെ തുടർന്ന് അഭിമുഖത്തിന്റെ ശബ്ദരേഖ കാരവൻ മാസിക പുറത്തുവിടുകയുണ്ടായി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ