മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി അജിത് പവാര്‍ സത്യപ്രതിജ്ഞ ചെയ്‌തു അധികാരമേറ്റു. ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ നേതൃത്വം നല്‍കുന്ന മഹാ വികാസ് അഖാഡി സര്‍ക്കാരിലാണ് അജിത് പവാര്‍ ഉപമുഖ്യമന്ത്രിയാകുന്നത്. നേരത്തെ ബിജെപി സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരുന്നു. അന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലെത്തി 80 മണിക്കൂര്‍ മാത്രമാണ് അജിത് പവാര്‍ ഉപമുഖ്യമന്ത്രി കസേരയിലിരുന്നത്.

താക്കറെ കുടുംബത്തിൽ നിന്ന് ആദ്യമായ തെരഞ്ഞെടുപ്പ് വിജയം നേടിയ ആദിത്യ താക്കറെയും മന്ത്രിസഭയിൽ അംഗമാണ്. മഹാരാഷ്ട്രയിൽ ആദ്യമായാണ് അച്ഛനും മകനും ഒരു മന്ത്രിസഭയിലെ അംഗങ്ങളാകുന്നത്. പരിസ്ഥിതി അല്ലെങ്കിൽ ഉന്നത വിദ്യാഭ്യാസ വകുപ്പിലേക്കാണ് ആദിത്യയെ പരിഗണിക്കുന്നതെന്നാണ് ഇവരുമായി അടുത്ത ചില ആളുകളെ ഉദ്ദരിച്ചുള്ള റിപ്പോർട്ടുകൾ. എൻ‌സി‌പിയുടെ സുരേഷ് മാനെക്കെതിരെ 67,000 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് ആദിത്യ വോർലിയിൽ നിന്ന് വിജയിച്ചത്. 90,000 വോട്ടുകൾ അദ്ദേഹം നേടിയിരുന്നു.

ഇന്ന് ഉച്ചയ്ക്ക് 12 നാണ് ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യ സര്‍ക്കാരിലെ മറ്റ് മന്ത്രിമാരുടെ സത്യപ്രതിജ്ഞ ആരംഭിച്ചത്. മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി അശോക് ചവാനും താക്കറെ മന്ത്രിസഭയിൽ അംഗമാണ്.

Read Also: Horoscope Today December 30, 2019: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

നേരത്തെ, മഹാരാഷ്‌ട്രയിൽ ബിജെപി സർക്കാർ അധികാരത്തിലെത്തിയത് അജിത് പവാറിന്റെ പിന്തുണയോടെയായിരുന്നു. ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസിനൊപ്പം സത്യപ്ര‌തിജ്ഞ ചെയ്ത് അജിത് പവാർ ഉപമുഖ്യമന്ത്രിയാകുകയും ചെയ്‌തു. ബിജെപിയെ പിന്തുണച്ചതിനെ തുടർന്ന് നിരവധി വിമർശനങ്ങളാണ് അജിത് പവാറിന് നേരിടേണ്ടി വന്നത്. കർഷകർക്ക് വേണ്ടിയാണ് ബിജെപിക്കൊപ്പം സർക്കാർ രൂപീകരിക്കാനുള്ള ഈ തീരുമാനമെടുത്തതെന്നായിരുന്നു അജിത് പവാർ പ്രതികരിച്ചത്.

Read Also: രജനിക്കൊപ്പം മമ്മൂട്ടി?; മുരുഗദോസ് പങ്കുവച്ച ചിത്രത്തിന്റെ പൊരുള്‍തേടി ആരാധകര്‍

എന്നാൽ, നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ സാധിക്കാത്ത സാഹചര്യം വന്നതോടെ ബിജെപി മന്ത്രിസഭയ്ക്ക് അധികാരം നഷ്ടപ്പെടുകയായിരുന്നു. മുഖ്യമന്ത്രിയായിരുന്ന ദേവേന്ദ്ര ഫഡ്‌നാവിസും ഉപമുഖ്യമന്ത്രി അജിത് പവാറും രാജിവയ്‌ക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ശിവസേന-കോൺഗ്രസ്-എൻസിപി സഖ്യം മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിച്ചത്. ബിജെപി ബന്ധം ഉപേക്ഷിച്ച് അജിത് പവാർ മടങ്ങിയെത്തിയപ്പോൾ ഉപമുഖ്യമന്ത്രി സ്ഥാനം അദ്ദേഹത്തിനു തന്നെ നൽകുമെന്ന് ഏറെകുറേ ഉറപ്പായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook