/indian-express-malayalam/media/media_files/2026/01/28/ajit-pawar-1-2026-01-28-12-33-06.jpg)
അജിത് പവാർ
ശരദ് പവാർ എന്ന അതികായന്റെ തണലിൽ വളരുകയും എന്നാൽ സ്വന്തമായൊരു രാഷ്ട്രീയ വ്യക്തിത്വം കെട്ടിപ്പടുക്കാൻ നിരന്തരം പോരാടുകയും ചെയ്ത നേതാവാണ് അജിത് പവാർ. ശരദ് പവാറിന്റെ മൂത്ത സഹോദരൻ അനന്തറാവുവിന്റെ മകനായ അജിത്, സഹകരണ മേഖലയിലൂടെയാണ് പൊതുരംഗത്തേക്ക് ചുവടുവെച്ചത്. വലിയൊരു കാലം തന്റെ വലിയച്ഛന്റെ (ശരദ് പവാർ) മാർഗനിർദേശപ്രകാരമായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയ മുന്നേറ്റം.
രാഷ്ട്രീയ പ്രവേശനവും ബാരാമതിയിലെ ആധിപത്യവും
1959-ൽ ജനിച്ച അജിത് പവാർ, 1991-ൽ ബാരാമതിയിൽ നിന്ന് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് സജീവ രാഷ്ട്രീയത്തിൽ ശ്രദ്ധിക്കപ്പെടുന്നത്. എന്നാൽ പിൽക്കാലത്ത് പി.വി.നരസിംഹറാവു മന്ത്രിസഭയിൽ കേന്ദ്രമന്ത്രിയായി ചുമതലയേറ്റ ശരദ് പവാറിന് മത്സരിക്കാനായി അദ്ദേഹം ആ സീറ്റ് ഒഴിഞ്ഞുകൊടുത്തു.
1995-ൽ ബാരാമതി നിയമസഭാ മണ്ഡലത്തിൽ നിന്ന് വിജയിച്ചതോടെയാണ് അദ്ദേഹത്തിന്റെ നിയമസഭാ ജീവിതം ആരംഭിക്കുന്നത്. പതിറ്റാണ്ടുകളായി ശരദ് പവാർ പ്രതിനിധീകരിച്ചിരുന്ന ഈ മണ്ഡലം പിന്നീട് അജിത്തിന്റെ കോട്ടയായി മാറി. 1999, 2004, 2009, 2014, 2019 വർഷങ്ങളിൽ നടന്ന തിരഞ്ഞെടുപ്പുകളിലും വിജയം ആവർത്തിച്ച അദ്ദേഹം പശ്ചിമ മഹാരാഷ്ട്രയിലെ ഏറ്റവും കരുത്തനായ പ്രാദേശിക നേതാവായി ഉയർന്നു.
Also Read: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ വിമാന അപകടത്തിൽ അന്തരിച്ചു
എൻസിപി രൂപീകരണവും രാഷ്ട്രീയ വളർച്ചയും
പവാർ കുടുംബത്തിലെ മറ്റംഗങ്ങളെപ്പോലെ സഹകരണ പ്രസ്ഥാനങ്ങളിലൂടെയാണ് അജിത്തും തന്റെ ജനസ്വാധീനം വർദ്ധിപ്പിച്ചത്. 1999-ൽ ശരദ് പവാർ കോൺഗ്രസ് വിട്ട് നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) രൂപീകരിച്ചപ്പോൾ അജിത് പവാർ അദ്ദേഹത്തിന്റെ സ്വാഭാവിക രാഷ്ട്രീയ പിൻഗാമിയായി കണക്കാക്കപ്പെട്ടു.
40-ാം വയസിൽ അദ്ദേഹം മഹാരാഷ്ട്ര മന്ത്രിസഭയിൽ അംഗമായി. ഒമ്പത് വർഷത്തോളം ജൂനിയർ മന്ത്രിയായി സേവനമനുഷ്ഠിച്ച ശേഷമായിരുന്നു ഈ പദവി. ജലസേചനം, ഗ്രാമവികസനം, ജലവിഭവം, ധനകാര്യം തുടങ്ങിയ സുപ്രധാന വകുപ്പുകൾ കൈകാര്യം ചെയ്ത അദ്ദേഹം, സംസ്ഥാനത്തുടനീളം—പ്രത്യേകിച്ച് പശ്ചിമ മഹാരാഷ്ട്രയിൽ—ശക്തമായ സംഘടനാ ശൃംഖല കെട്ടിപ്പടുത്തു.
കുടുംബത്തിലെ അധികാരത്തർക്കങ്ങളും വെല്ലുവിളികളും
പാർട്ടി സംഘടനയിൽ പൂർണ നിയന്ത്രണമുള്ള, വിട്ടുവീഴ്ചയില്ലാത്ത നേതാവായാണ് അജിത് പവാർ അറിയപ്പെടുന്നത്. എൻസിപിക്കുള്ളിൽ തന്നോട് മാത്രം കൂറുള്ള ഒരു വലിയ നേതാക്കളുടെ നിര തന്നെ അദ്ദേഹം വളർത്തിയെടുത്തു. എന്നാൽ അദ്ദേഹത്തിന്റെ ഈ വളർച്ച പവാർ കുടുംബത്തിനുള്ളിൽ ചില അസ്വസ്ഥതകൾക്കും കാരണമായി.
2009-ൽ ശരദ് പവാറിന്റെ മകൾ സുപ്രിയ സുലെ സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചതോടെ പിൻഗാമി ആരാകുമെന്ന ചർച്ചകൾ ശക്തമായി. പവാർ കുടുംബത്തിലെ മൂന്നാം തലമുറയിൽപ്പെട്ട രോഹിത് പവാറിന്റെ കടന്നുവരവും തിരഞ്ഞെടുപ്പ് വിജയവും കുടുംബത്തിനുള്ളിലെ രാഷ്ട്രീയ സംഘർഷങ്ങളുടെ ആക്കം കൂട്ടി.
കൂറുമാറ്റങ്ങളും രാഷ്ട്രീയ നീക്കങ്ങളും
2004-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും എൻസിപി മുഖ്യമന്ത്രി പദം കോൺഗ്രസിന് വിട്ടുകൊടുത്തപ്പോൾ, അജിത് പവാർ പാർട്ടി നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്തുവന്നു. ജലസേചന പദ്ധതികളുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളെത്തുടർന്ന് 2012-ൽ അദ്ദേഹം ഉപമുഖ്യമന്ത്രി പദം രാജിവെച്ചു. ഇത് കോൺഗ്രസ്-എൻസിപി സർക്കാരിന്റെ നിലനിൽപ്പിനെത്തന്നെ ബാധിക്കുന്ന പ്രതിസന്ധിയുണ്ടാക്കിയെങ്കിലും ശരദ് പവാറിന്റെ ഇടപെടൽ സർക്കാരിനെ രക്ഷിച്ചു.
Also Read: അജിത് പവാറിന്റെ ജീവെടുത്ത വിമാന അപകടം; വീഡിയോ ദൃശ്യങ്ങൾ പുറത്ത്
2019-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മഹാരാഷ്ട്ര സ്റ്റേറ്റ് കോഓപ്പറേറ്റീവ് ബാങ്കുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അജിത് പവാറിനെയും ശരദ് പവാറിനെയും പ്രതിചേർത്തു. ഇതിൽ മനംനൊന്ത് അദ്ദേഹം എംഎൽഎ സ്ഥാനം രാജിവെക്കുകയും പൊതുരംഗത്തുനിന്ന് മാറിനിൽക്കുകയും ചെയ്തു. പിന്നീട് വൈകാരികമായി തെറ്റുകൾ നിഷേധിച്ച് അദ്ദേഹം തിരിച്ചുവന്നു.
തന്റെ മകൻ പാർത്ഥിനെ മാവൽ മണ്ഡലത്തിൽ മത്സരിപ്പിക്കണമെന്ന അജിത് പവാറിന്റെ കടുംപിടുത്തം കാരണമാണ് 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടെന്ന് ശരദ് പവാർ തീരുമാനിച്ചതെന്ന് പറയപ്പെടുന്നു. എന്നാൽ പാർത്ഥിന്റെ പരാജയം കുടുംബത്തിലെയും പാർട്ടിയിലെയും ഭിന്നതകൾ വർധിപ്പിച്ചു.
2019-ലെ നാടകീയ നീക്കങ്ങൾ
2019 നവംബറിൽ അജിത് പവാർ തന്റെ ഏറ്റവും വലിയ രാഷ്ട്രീയ നീക്കം നടത്തി. ശിവസേനയും കോൺഗ്രസുമായി ചേർന്ന് എൻസിപി സഖ്യമുണ്ടാക്കാൻ ചർച്ച നടത്തുന്നതിനിടെ, അദ്ദേഹം പെട്ടെന്ന് ബിജെപിയുമായി കൈകോർത്തു. പുലർച്ചെ നടന്ന അപ്രതീക്ഷിത ചടങ്ങിൽ ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയായും അജിത് പവാർ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു.
എങ്കിലും, എൻസിപി എംഎൽഎമാരുടെ പിന്തുണ ഉറപ്പാക്കാൻ കഴിയാതെ വന്നതോടെ ഈ സർക്കാർ 80 മണിക്കൂറിനുള്ളിൽ തകർന്നു. തുടർന്ന് അദ്ദേഹം എൻസിപിയിൽ തിരിച്ചെത്തുകയും അമ്മാവനുമായി അനുരഞ്ജനത്തിലാവുകയും ചെയ്തു. അധികം വൈകാതെ രൂപീകരിക്കപ്പെട്ട മഹാ വികാസ് അഘാഡി സർക്കാരിൽ അദ്ദേഹം വീണ്ടും ഉപമുഖ്യമന്ത്രിയായി. അടുത്ത മൂന്ന് വർഷം ഭരണത്തിൽ നിർണായക സ്വാധീനമായിരുന്നെങ്കിലും, പാർട്ടിക്കുള്ളിലെ അസ്വസ്ഥതകളും തന്റെ രാഷ്ട്രീയ ഭാവിയിലുള്ള അതൃപ്തിയും നിലനിന്നിരുന്നു.
2023-ലെ പിളർപ്പ്
2023 ജൂലൈയിൽ, അജിത് പവാർ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി പിളർത്തുകയും വലിയൊരു വിഭാഗം എംഎൽഎമാരുടെ പിന്തുണയോടെ ബിജെപി നേതൃത്വത്തിലുള്ള മഹായുതി സർക്കാരിന്റെ ഭാഗമാവുകയും ചെയ്തു. ഏകനാഥ് ഷിൻഡെയ്ക്കും ദേവേന്ദ്ര ഫഡ്‌നാവിസിനുമൊപ്പം അദ്ദേഹം ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഈ നീക്കം എൻസിപിയെ ഔദ്യോഗികമായി രണ്ട് വിഭാഗങ്ങളായി വിഭജിക്കുകയും പവാർ കുടുംബത്തിനുള്ളിലെ പതിറ്റാണ്ടുകൾ നീണ്ട രാഷ്ട്രീയ ഐക്യം അവസാനിപ്പിക്കുകയും ചെയ്തു.
Also Read: 'V' ഫോർ വിജയ്, 'V' ഫോർ വേളച്ചേരി; 2026 ലെ തിരഞ്ഞെടുപ്പിൽ ചെന്നൈ സീറ്റ് ലക്ഷ്യമിട്ട് ടിവികെ അധ്യക്ഷൻ
പിന്നീട് തിരഞ്ഞെടുപ്പ് കമ്മീഷൻ അജിത് പവാർ പക്ഷത്തെ ഔദ്യോഗിക എൻസിപിയായി അംഗീകരിക്കുകയും പാർട്ടി പേരും ചിഹ്നവും അവർക്ക് അനുവദിക്കുകയും ചെയ്തു. അതേസമയം, ശരദ് പവാറിന്റെ വിഭാഗം എൻസിപി (എസ്.പി) എന്ന പേരിൽ പ്രവർത്തനം തുടർന്നു.
2024-ലെ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ അജിത് പവാർ ഭരണസഖ്യത്തിനുള്ളിൽ തന്റെ സ്ഥാനം ഉറപ്പിച്ചു. ബിജെപി നേതൃത്വത്തിലുള്ള മഹായുതിയുടെ ഭാഗമായി മത്സരിച്ച അദ്ദേഹത്തിന്റെ പാർട്ടി, മത്സരിച്ച 59 സീറ്റുകളിൽ 41 എണ്ണത്തിലും വിജയിക്കുകയും ഏകദേശം 9% വോട്ട് വിഹിതം നേടുകയും ചെയ്തു.
തിരഞ്ഞെടുപ്പിന് ശേഷവും മഹായുതി സർക്കാരിലെ പ്രധാന പങ്കാളിയായി അദ്ദേഹം തുടർന്നു. എങ്കിലും രാഷ്ട്രീയ നിലപാടുകളെച്ചൊല്ലിയും തിരഞ്ഞെടുപ്പ് തന്ത്രങ്ങളെച്ചൊല്ലിയും ബിജെപിയുമായുള്ള അസ്വാരസ്യങ്ങൾ പുറത്തുവന്നു. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുകളിലുണ്ടായ തിരിച്ചടികൾ ഇരു എൻസിപി വിഭാഗങ്ങളും തമ്മിൽ വീണ്ടും ഒന്നിക്കാനുള്ള സാധ്യതകളെക്കുറിച്ചുള്ള ചർച്ചകൾക്ക് വഴിതുറന്നു.
Read More: റിപ്പബ്ലിക് ദിനത്തിൽ സ്കൂളിൽ ഭക്ഷണം വിളമ്പിയത് പഴയ നോട്ട്ബുക്ക് താളുകളിൽ; പ്രധാനാധ്യാപകന് സസ്പെൻഷൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us