ന്യൂഡൽഹി: ഛത്തീസ്‌ഗഡ് സംസ്ഥാനത്തിന്റെ ആദ്യ മുഖ്യമന്ത്രിയും ജനതാ കോൺഗ്രസ് ഛത്തീസ്‌ഗഡ് (ജെ) നേതാവുമായ അജിത് ജോഗി (74) അന്തരിച്ചു. റായ്‌പൂരിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് ഉച്ചകഴിഞ്ഞാണ് മരണം. ഹൃദയാഘാതത്തെത്തുടർന്നു ചികിത്സയിലായിരുന്നു.

മുൻ കോൺഗ്രസ് നേതാവാണ്. കോൺഗ്രസിൽ നിന്നു തെറ്റിപിരിഞ്ഞാണ് ജനതാ കോൺഗ്രസ് ഛത്തീസ്‌ഗഡ് (ജെ) രൂപീകരിച്ചത്. മകൻ അമിത് ജോഗിയാണ് മരണവിവരം ട്വീറ്റ് ചെയ്‌തത്. നിലവിൽ മർവാഹി മണ്ഡലത്തിലെ ജനപ്രതിനിധിയാണ്. ഭാര്യ: ഡോ. രേണു. മകൻ: അമിത് ജോഗി. മരുമകൾ: റിച്ച.

Read Also: ആപ്പിലുറച്ച് സർക്കാർ; ‘ബെവ് ക്യൂ’ പിൻവലിക്കില്ലെന്ന് എക്‌സെെസ് മന്ത്രി

മേയ് ഒൻപതിന് വീട്ടിൽവച്ച് അജിത് ജോഗിക്ക് ഹൃദയാഘാതം അനുഭവപ്പെടുകയായിരുന്നു. ഉടനെ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ഒരാഴ്‌ചയായി കോമയിലായിരുന്നു. മരുന്നുകളോട് പ്രതികരിച്ചിരുന്നില്ല.

സിവിൽ സർവീസ് നേടിയ ശേഷമാണ് അജിത് ജോഗി രാഷ്ട്രീയത്തിലെത്തുന്നത്. ഐഎഎസിൽ നിന്നു രാജിവച്ചാണ് കോൺഗ്രസ് അംഗമായി രാജ്യസഭയിലെത്തിയത്. രാജീവ് ഗാന്ധിയാണ് ജോഗിയെ രാഷ്ട്രീയത്തിലെത്തിക്കുന്നത്. രണ്ടായിരത്തിൽ ഛത്തീസ്‌ഗഡ് സംസ്ഥാനം രൂപീകരിച്ചപ്പോൾ പ്രഥമ മുഖ്യമന്ത്രിയായി. 2003 നവംബർ വരെ ജോഗി മുഖ്യമന്ത്രി സ്ഥാനത്ത് തുടർന്നു. 2016 ലാണ് കോൺഗ്രസിൽ നിന്നു തെറ്റിപിരിഞ്ഞത്. പിന്നീട് ജനതാ കോൺഗ്രസ് ഛത്തീസ്‌ഗഡ് (ജെ) എന്ന പാർട്ടി രൂപീകരിച്ചു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചത് ജനതാ കോൺഗ്രസ് ഛത്തീസ്‌ഗഡ് പാർട്ടിയിൽ നിന്നാണ്.

2016 ൽ മകൻ അമിത് ജോഗിയെ സസ്പെൻഡ് ചെയ്‌തതിനെ തുടർന്നാണു ജോഗി കോൺഗ്രസ് വിട്ടത്. ബിജെപി സ്ഥാനാർഥിയുടെ ജയത്തിനായി കോൺഗ്രസ് സ്ഥാനാർഥിയെ പിൻവലിക്കാൻ ജോഗിയും മകനും ശ്രമം നടത്തിയെന്ന ഓഡിയോ പുറത്തായതിനെ തുടർന്നായിരുന്നു ഇത്. 2004 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അജിത് ജോഗി ഒരു അപകടത്തിൽപ്പെട്ടു. അപകടം മൂലം വർഷങ്ങളായി ചക്രക്കസേരയിൽ ഇരുന്നായിരുന്നു രാഷ്ട്രീയപ്രവർത്തനം. നെഹ്‌റു കുടുംബവുമായി അടുത്ത ബന്ധമുള്ള നേതാവാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook