മുംബൈ: അജിത് പവാർ എൻസിപി അധ്യക്ഷനായ ശരദ് പവാറിനെ വഞ്ചിക്കുകയും മഹാരാഷ്ട്രയിലെ ജനങ്ങളെ പിന്നിൽനിന്നു കുത്തുകയും ചെയ്തുവെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. ബിജെപിയുമായി കൈകോർക്കാൻ അജിത് തീരുമാനിച്ചത് തനിക്കെതിരായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) അന്വേഷണത്തിൽ ഭയന്നാണെന്ന് റാവത്ത് വാർത്താസമ്മേളനത്തിൽ ആരോപിച്ചു.

മഹാരാഷ്ട്ര സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് (MSCB) അഴിമതി കേസുമായി ബന്ധപ്പെട്ട് ശരദ് പവാറിന്റെ അനന്തരവനായ അജിത്തിനെതിരെ കളളപ്പണം വെളുപ്പിക്കൽ കേസ് ഇഡി റജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിനെക്കുറിച്ചായിരുന്നു റാവത്തിന്റെ പരാമർശം.

”തിരഞ്ഞെടുപ്പിന് മുമ്പ് എം‌എൽ‌എ സ്ഥാനം രാജിവച്ചപ്പോൾ തന്നെ അദ്ദേഹത്തിന്റെ ഉദ്ദേശ്യം ഞങ്ങൾ മനസിലാക്കിയിരുന്നു. ഇന്നലെവരെ അദ്ദേഹം (അജിത് പവാർ) ഞങ്ങൾക്കൊപ്പം ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ ശരീരഭാഷയിൽ ഞങ്ങൾക്ക് സംശയം തോന്നിയിരുന്നു. അവിടെനിന്നും പോയശേഷം അദ്ദേഹത്തിന്റെ ഫോൺ സ്വിച്ച് ഓഫായിരുന്നു. തന്റെ അഭിഭാഷകനൊപ്പമുണ്ടെന്നാണ് അദ്ദേഹം ഞങ്ങളോട് പറഞ്ഞത്,” റാവത്ത് പറഞ്ഞു.

Read Also: മഹാരാഷ്ട്രയിൽ നാടകീയ നീക്കം: ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

മഹാരാഷ്ട്ര സർക്കാർ രൂപീകരണത്തിന് ബിജെപിയെ പിന്തുണയ്ക്കാനുള്ള അജിത് പവാറിന്റെ തീരുമാനം അദ്ദേഹത്തിന്റെ വ്യക്തിപരമാണെന്നും എൻസിപിയുടേതല്ലെന്നുമാണ് എൻസിപി നേതാവ് ശരദ് പവാർ ട്വീറ്റ് ചെയ്തത്. അജിത് പവാറിന്റെ തീരുമാനത്തെ തങ്ങൾ പിന്തുണയ്ക്കുകയോ അംഗീകരിക്കുകയോ ചെയ്യുന്നില്ലെന്നെന്നും ശരദ് പവാർ കൂട്ടിച്ചേർത്തു. ശരദ് പവാറിന്റെ സഹോദരപുത്രനാണ് അജിത് പവാർ.

ഇന്നു രാവിലെയാണ് ശിവസേനയെയും കോൺഗ്രസിനെയും ഞെട്ടിച്ച് ദേവേന്ദ്ര ഫഡ്‌നാവസിന്റെ നേതൃത്വത്തിൽ മഹാരാഷ്ട്രയിൽ ബിജെപി-എൻസിപി സഖ്യ സർക്കാർ നിലവിൽ വന്നത്. ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയായും അജിത് പവാർ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു. മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെയുടെ ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യസര്‍ക്കാരിനെ ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കാനിരിക്കെയായിരുന്നു ബിജെപിയുടെ നിര്‍ണായ നീക്കം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook