ന്യൂഡൽഹി: ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ മകൻ ജയ് ഷായ്ക്കെതിരെയുളള റിപ്പോർട്ടുകൾ പുറത്തുവിട്ട ഓൺലൈൻ പോർട്ടൽ ദി വയർ ഇക്കുറി വെട്ടിലാക്കിയിരിക്കുന്നത് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ മകൻ ശൗര്യ ഡോവലിനെയാണ്. ശൗര്യ തലവനായ ഇന്ത്യ ഫൗണ്ടേഷനെ കേന്ദ്രീകരിച്ച് ഗുരുതരമായ ആരോപണങ്ങളാണ് ദി വയർ പുറത്തുവിട്ടിരിക്കുന്നത്. രാജ്യത്തിന്റെ നയരൂപീകരണം സംബന്ധിച്ച് സെമിനാറുകളും ചര്‍ച്ചകളും സംഘടിപ്പിക്കുന്ന സംഘടനയാണ് ഇന്ത്യ ഫൗണ്ടഷൻ. പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്, വാണിജ്യ മന്ത്രി സുരേഷ് പ്രഭു, വ്യോമയാന സഹമന്ത്രി ജയന്ത് സിന്‍ഹ, വിദേശകാര്യ സഹമന്ത്രി എം.ജെ അക്ബര്‍ എന്നിവര്‍ ഡയറക്ടർ ബോർഡ് അംഗങ്ങളാണ്.
ഇന്ത്യ ഫൗണ്ടേഷനിലേക്ക് വിദേശ ആയുധ കമ്പനികളില്‍ നിന്നടക്കം കോടിക്കണക്കിന് രൂപ സംഭാവനയായി ലഭിച്ചിട്ടുണ്ട്. ഈ സംഘടന നടത്തിയ പരിപാടികളുടെ സ്പോണ്സര്മാരെല്ലാം വിദേശ ആയുധ, വിമാന കമ്പനികളാണെന്നും ദി വയറിന്റെ റിപ്പോർട്ടിലുണ്ട്. ആഗോളകോര്പ്പറേറ്റുകളില് നിന്ന് സംഭാവന ലഭിക്കുവാന്‍ തക്ക സ്വാധീനം ഫൗണ്ടേഷന് നേടിയത് വളരെ പെട്ടെന്നാണ്. സംഘടനയ്ക്ക് ലഭിക്കുന്ന വിദേശ സംഭാവനകളെക്കുറിച്ചുളള വിവരങ്ങൾ പുറത്തുവിടാൻ ശൗര്യ തയ്യാറാവുന്നില്ല.
ഇന്ത്യ ഫൗണ്ടേഷന്റെ വരവുചിലവ് കണക്കുകൾ ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. ഫൗണ്ടേഷന്റെ ആസ്തി സംബന്ധിച്ചും ദുരൂഹതകളുണ്ട്. ഇന്ത്യ ഫൗണ്ടേഷന്റെ ജേര്‍ണലുകളും മാഗസിനുകളും വിറ്റു ലഭിക്കുന്ന വരുമാനവും, പരസ്യങ്ങളും, യോഗങ്ങളും വഴി കിട്ടുന്ന വരുമാനവുമാണ് ഫൗണ്ടേഷന്റെ പ്രധാന വരുമാന മാർഗ്ഗമെന്നാണ് ശൗര്യ പറയുന്നത്.
മൻമോഹൻ സിങ് മുഖ്യമന്ത്രിയായിരുന്ന കാലത്ത് 70,000 കോടി രൂപയ്ക്ക് ബോയിങ് വിമാനങ്ങൾ വാങ്ങാൻ കമ്പനിയുമായി കരാർ ഉണ്ടാക്കിയിരുന്നു. വ്യോമയാന മന്ത്രാലയം കേന്ദ്രീകരിച്ച് ഇതിൽ ക്രമക്കേട് നടന്നുവെന്ന് ആരോപണം നടന്നിരുന്നു. ഈ ക്രമക്കേടിനെക്കുറിച്ച് സിബിഐ ഇപ്പോൾ അന്വേഷിക്കുന്നുണ്ട്. വ്യോമയാന സഹമന്ത്രി മനോജ് സിന്‍ഹ ഡയറക്ടറായ ഇന്ത്യ ഫൗണ്ടേഷന് ബോയിങ് കമ്പനിയിൽ നിന്നും സംഭാവന സ്വീകരിക്കുന്നത് ഈ സാഹചര്യത്തില്‍ ദുരൂഹത ഉണ്ടാക്കുന്നുവെന്നും ദി വയർ പറയുന്നുണ്ട്.
അമിത് ഷായുടെ മകന് ജയ്ഷായുടെ വരുമാനത്തിലുണ്ടായ വന്വര്ധനയെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളാണ് നേരത്തെ ദി വയർ പുറത്തുവിട്ടത്.