ശ്രീനഗര്‍: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ കശ്മീരില്‍ നിന്ന് ഡല്‍ഹിയിലേക്ക് തിരിച്ചുപോന്നു. 11 ദിവസം കശ്മീരിലെ സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷമാണ് ഡോവല്‍ ഡല്‍ഹിയിലേക്ക് തിരിച്ചത്. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ചതിനു ശേഷമാണ് അജിത് ഡോവല്‍ കശ്മീരില്‍ എത്തിയത്.

ഓഗസ്റ്റ് ആറിനാണ് ഡോവല്‍ കശ്മീരിലെത്തിയത്. സുരക്ഷ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും പ്രതിഷേധങ്ങള്‍ ഇല്ലെന്ന് ഉറപ്പിക്കുന്നതിനും വേണ്ടിയാണ് കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധിയായി ഡോവല്‍ കശ്മീരിലെത്തിയത്. ഷോപ്പിയാനയില്‍ അടക്കം അജിത് ഡോവല്‍ നേരിട്ടെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു.

അതേസമയം, ജമ്മു കശ്മീരിലെ നിയന്ത്രണങ്ങള്‍ക്ക് ഇളവ് വരുത്തിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ ഘട്ടം ഘട്ടമായി നിയന്ത്രണങ്ങളില്‍ ഇളവ് കൊണ്ടുവരുമെന്ന് ചീഫ് സെക്രട്ടറി ബി.വി.ആര്‍.സുബ്രഹ്മണ്യന്‍ അറിയിച്ചു. നിരോധാജ്ഞയ്ക്കിടെ ഒരു ജീവന്‍ പോലും നഷ്ടമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Read Also: കശ്മീരിലെ നിയന്ത്രണങ്ങളില്‍ ഇളവ്; ഒരു ജീവന്‍ പോലും നഷ്ടമായിട്ടില്ലെന്ന് ചീഫ് സെക്രട്ടറി

”സമാധാനം നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ക്കിടെ ഒരു മരണം പോലും സംഭവിച്ചില്ല. ഒരാള്‍ക്കും പരുക്കേറ്റിട്ടുമില്ല. ഘട്ടം ഘട്ടമായി നിയന്ത്രണങ്ങള്‍ ലഘൂകരിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. വരും ദിവസങ്ങളിലതുണ്ടാകും” അദ്ദേഹം പറഞ്ഞു.

ജമ്മു കശ്മീരിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും സ്‌കൂളുകള്‍ അടുത്തയാഴ്ച തുറക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്‌കൂളുകളുടെ അടുത്തുള്ള പൊതുഗതാഗതം അനുവദിക്കുമെന്നും സര്‍ക്കാര്‍ ഓഫീസുകളില്‍ എല്ലാവരും എത്തിയെന്നും അദ്ദേഹം അറിയിച്ചു. സംസ്ഥാനത്തെ 12 ജില്ലകളിലും സ്ഥിതിഗതികള്‍ ശാന്തമാണെന്നും അഞ്ച് ജില്ലകളില്‍ മാത്രമാണ് നിയന്ത്രണം നിലനില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook