ന്യൂഡല്‍ഹി: ദേശീയ സുരക്ഷാ ഉപദേഷ്ടാവായി അജിത് ഡോവല്‍ തുടരും. ഒന്നാം മോദി സര്‍ക്കാരിന്റെ കാലത്തും അജിത് ഡോവലിന് ഈ പദവി ഉണ്ടായിരുന്നു. അഞ്ച് വര്‍ഷത്തെ കാലാവധിയിലാണ് വീണ്ടും നിയമനം. അജിത് ഡോവലിന് കേന്ദ്രം കാബിനറ്റ് പദവിയും നല്‍കിയിട്ടുണ്ട്. ദേശീയ സുരക്ഷാ മേഖലയ്ക്ക് അജിത് ഡോവല്‍ നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് കാബിനറ്റ് പദവി നല്‍കിയിരിക്കുന്നത്. 1968 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് അജിത് ഡോവല്‍. 1988 ല്‍ രാജ്യം പരമോന്നത ബഹുമതികളിലൊന്നായ കീര്‍ത്തിചക്ര നല്‍കി ആദരിച്ചിട്ടുണ്ട്.

ദേശീയ സുരക്ഷാ ഉപദേഷ്ടാവായി 2014ല്‍ ചുമതലയേല്‍ക്കുന്നതിനു മുമ്പ് ഇന്റലിജന്‍സ് ബ്യൂറോയുടെ തലവനായിരുന്നു ഡോവല്‍. 33 വര്‍ഷം ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗത്തില്‍ ജോലി ചെയ്ത ഡോവല്‍ പത്തുവര്‍ഷം ഐ.ബി.യുടെ ഓപ്പറേഷന്‍ വിങ് തലവനായിരുന്നു. അജിത് ഡോവല്‍ സുരക്ഷാ ഉപദേഷ്ടാവായിരിക്കെയാണ് പാകിസ്ഥാനിൽ നടത്തിയ മിന്നലാക്രമണവും പുല്‍വാമ ഭീകരാക്രമണത്തിനു ശേഷമുള്ള വ്യോമാക്രമണവുമെല്ലാം നടന്നത്.

Read More: തിരിച്ചടിക്കാൻ സുരക്ഷാ സേനകൾക്ക് അനുമതി: പ്രധാനമന്ത്രി

പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അജിത് ഡോവലിനെതിരെ നിരവധി വിമര്‍ശനങ്ങള്‍ ഉന്നയിക്കപ്പെട്ടിരുന്നു. പുല്‍വാമ ഭീകരാക്രമണത്തിന് നേതൃത്വം നല്‍കിയ ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ നേരത്തെ പാകിസ്ഥാന് വിട്ടു നല്‍കിയതിൽ അജിത് ഡോവലാണെന്ന വിമര്‍ശനമാണ് ഉന്നയിക്കപ്പെട്ടിരുന്നത്.

മസൂദ് അസ്ഹറിനെ പാകിസ്ഥാന് കൈമാറാനായി കാണ്ഡഹാറിലേക്ക് എത്തിച്ചത് അജിത് ഡോവലാണെന്നാണ് രാഹുല്‍ ഗാന്ധി ട്വിറ്ററിലൂടെ അന്ന് ആരോപിച്ചത്. മസൂദ് അസ്ഹറിനെ കൈമാറുന്ന ദൃശ്യത്തില്‍ അതിജ് ഡോവലിന്റെ ചിത്രം മാര്‍ക്ക് ചെയ്തായിരുന്നു രാഹുൽ അന്ന് ട്വീറ്റ് ചെയ്തത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook