ജയ്പൂര്‍: രാജസ്ഥാനില്‍ ദളിത് യുവാവിനെ ആക്രമിച്ച് ബലമായി മൂത്രം കുടിപ്പിച്ചുവെന്ന ആരോപണത്തില്‍ എട്ടു പേര്‍ക്കെതിരെ കേസ്. ചുരു ജില്ലയിലെ റുഖസര്‍ ഗ്രാമവാസിയായ രാകേഷ് മേഘ്‌വാള്‍ എന്ന ഇരുപത്തിയഞ്ചുകാരനാണ് ആക്രമിക്കപ്പെട്ടത്. 26ന് രാത്രിയിലാണു സംഭവം.
രാകേഷിന്റെ പരാതിയില്‍ ഉമേഷ്, രാജേഷ്, താരാചന്ദ്, രാകേഷ്, ബീര്‍ബല്‍, അക്ഷയ്, ദിനേഷ്, ബിദാദി ചന്ദ് എന്നിവര്‍ക്കെതിരെയാണ് രത്തന്‍ഗഡ് പൊലീസ് കേസെടുത്തത്. നിയമവിരുദ്ധമായി സംഘം ചേരല്‍, സ്വമേധയാ ഉപദ്രവിക്കല്‍, തട്ടിക്കൊണ്ടുപോകല്‍, മരണത്തിനു കാരണമാകാവുന്ന പരുക്കേല്‍പ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ക്കൊപ്പം എസ്സി/എസ്ടി നിയമത്തിലെ വിവിധ വകുപ്പുകളുമാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
രാകേഷിന്റെ വീട്ടിലെത്തിയ അതേ ഗ്രാമക്കാരനായ ഉമേഷ് ജാട്ട് യുവാവിനോട് കൂടെ ചെല്ലാന്‍ ആവശ്യപ്പെട്ടുവെന്നും വിസമ്മതിച്ചപ്പോള്‍ മറ്റു ഏഴു പ്രതികള്‍ കൂടി ചേര്‍ന്ന് കാറില്‍ ബലമായി കയറ്റി സമീപത്തെ പറമ്പിലേക്കു കൊണ്ടുപോയെന്നും എഫ് ഐ ആറില്‍ പറയുന്നു.
ഉമേഷിന്റെ കാറിലാണ് രാകേഷിനെ കൊണ്ടുപോയത്. സംഭവത്തിനു പിറ്റേദിവസമാണ് എഫ് ഐ ആര്‍ റജിസ്റ്റര്‍ ചെയ്തത്.
”പ്രതികളായ രാകേഷും രാജേഷും ഒരു കുപ്പി മദ്യം എടുത്ത് എന്നെ നിര്‍ബന്ധിച്ച് കുടിപ്പിച്ചു. കുപ്പി കാലിയായശേഷം രാകേഷ്, രാജേഷ്, ഉമേഷ്, താരാചന്ദ്, അക്ഷയ്, ദിനേശ്, ബിദാദി ചന്ദ്, ബീര്‍ബല്‍ എന്നിവര്‍ ആ കുപ്പിയില്‍ മൂത്രമൊഴിച്ച് എന്നെ കുടിപ്പിച്ചു,”എന്നാണ് എഫ് ഐ ആറില്‍ രേഖപ്പെടുത്തിയിരിക്കുന്ന രാകേഷിന്റെ മൊഴി.
Also Read: ഇന്ത്യ ഇസ്രായേലിൽനിന്ന് പെഗാസസ് ചാര സോഫ്റ്റ്‌വെയർ വാങ്ങിയതായി ന്യൂയോര്‍ക്ക് ടൈംസ്
കുറ്റാരോപിതര്‍ രാകേഷിന്റെ ജാതീയമായി അധിക്ഷേപിക്കുകയും ദലിതരെ അപകീര്‍ത്തിപ്പെടുത്തുന്ന പദങ്ങള്‍ ഉപയോഗിക്കുകയും ചെയ്തു. ജാട്ട് സമുദായവുമായി ഏറ്റുമുട്ടാനുള്ള ദലിതരുടെ ധൈര്യത്തെ ചോദ്യം ചെയ്യുകയും അവരെ പാഠം പഠിപ്പിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയതായും എഫ് ഐ ആറില്‍ പറയുന്നു.
”എല്ലാവരും ചേര്‍ന്ന് അരമണിക്കൂറോളം വടിയും കയറും ഉപയോഗിച്ച് അടിച്ചതിനെത്തുടര്‍ന്ന് എന്റെ ദേഹമാസകലം മുറിഞ്ഞു. പിന്നീട് മരിച്ചുവെന്ന് കരുതി എന്നെ ഗ്രാമത്തില്‍ ഉപേക്ഷിച്ചു. ഹോളി ദിവസം സംഗീതോപകരണം വായിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിന്റെ പേരില്‍ പ്രതികൾക്കു വ്യക്തിവൈരാഗ്യമുണ്ടായിരുന്നു,” രാകേഷിന്റെ മൊഴിയില്‍ പറയുന്നു.
രാകേഷിന്റെ ആരോപണം ശരിയാണെന്നാണ് പ്രാഥമിക അന്വേഷണം വ്യക്തമാക്കുന്നതെന്നു പൊലീസ് പറഞ്ഞു. എന്നാല്‍ രാകേഷിനെ നിര്‍ബന്ധിച്ച് മൂത്രം കുടിപ്പിച്ചുവെന്ന ആരോപണത്തിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും കുറ്റാരോപിതരെ അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തിലാണെന്നും രത്തന്‍ഗഡ് സര്‍ക്കിള്‍ ഓഫീസര്‍ ഹിമാന്‍ഷു ശര്‍മ പറഞ്ഞു.