പട്ന: രാഷ്ട്രീയ ജനതാ ദൾ (ആർജെഡി) നേതാവ് ലാലു പ്രസാദ് യാദവിന്റെ മകൻ തേജ് പ്രതാപ് യാദവ് വിവാഹിതനാവുന്നു. മെയ് 12 ന് പട്നയിലാണ് വിവാഹം. ഈ മാസം 18 ന് വിവാഹ നിശ്ചയം നടക്കും.
25 കാരിയായ ഐശ്വര്യ റായ് ആണ് തേജ് പ്രതാപിന്റെ വധു. എംബിഎ ബിരുദധാരിയാണ്. ബിഹാർ മുൻ മുഖ്യമന്ത്രി ദരോഗ പ്രസാദ് റായ്യുടെ കൊച്ചുമകളാണ്. ഐശ്വര്യയുടെ അച്ഛൻ ചന്ദ്രിക റായ് ബിഹാർ മന്ത്രിയായിരുന്നു.
അതേസമയം, ജയിലിൽ കഴിയുന്ന ലാലു പ്രസാദ് യാദവിന് വിവാഹത്തിൽ പങ്കെടുക്കാൻ അനുവാദം ആവശ്യപ്പെട്ട് കോടതിയിൽ ജാമ്യാപേക്ഷ നൽകുമെന്ന് ആർജെഡിയുമായി അടുത്ത വൃത്തങ്ങൾ ദ് ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
ലാലുവിന്റെ ജാമ്യത്തിനായി ശ്രമിക്കുന്നുണ്ട്. ജാമ്യം കിട്ടിയില്ലെങ്കിൽ അദ്ദേഹത്തിന്റെ പരോളിനായി ഞങ്ങൾ പ്രാർത്ഥിക്കുന്നുണ്ട്. ലാലു ജയിലിൽ ഉളളതിനാൽ ലളിതമായ രീതിയിലായിരിക്കും വിവാഹമെന്നും മുതിർന്ന ആർജെഡി നേതാവ് വ്യക്തമാക്കി. കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട കേസിൽ ജയിലിലാണ് ലാലു പ്രസാദ് യാദവ്.