ന്യൂഡല്‍ഹി: സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന ശ്രീലങ്കയിലേക്ക് സന്ദര്‍ശനത്തിന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍. മാലിദ്വീപ് സന്ദര്‍ശനത്തിനായി ഇന്നു പുറപ്പെടുന്ന മന്ത്രി 28നാണു ലങ്കയിലെത്തുക.
ഇന്നും നാളെയുമാണു ജയശങ്കറിന്റെ മാലിദ്വീപ് പര്യടനം. അദ്ദു സിറ്റിയിലെത്തുന്ന അദ്ദേഹം മാലിദ്വീപ് പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോലിഹിനെ സന്ദര്‍ശിക്കുകയും വിദേശകാര്യ മന്ത്രി അബ്ദുല്ല ഷാഹിദുമായി ചര്‍ച്ച നടത്തുകയും ചെയ്യും.
ജയശങ്കറിന്റെ സന്ദര്‍ശനവേളയില്‍ ഉഭയകക്ഷി വികസന സഹകരണം, മാലിദ്വീപിന്റെ സുരക്ഷയും സാമൂഹിക-സാമ്പത്തിക മേഖലകളുടെ വികസനവും വര്‍ധിപ്പിക്കാനുതകുന്ന ഇന്ത്യയുടെ പിന്തുണയുള്ള നിരവധി സുപ്രധാന പദ്ധതികളുടെ ഉദ്ഘാടനം, കൈമാറ്റം, തുടക്കം എന്നിവയുമായി ബന്ധപ്പെട്ട നിരവധി കരാറുകളില്‍ ഇരു രാജ്യങ്ങളും ഒപ്പുവയ്ക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
തുടര്‍ന്ന് 28നു ശ്രീലങ്കയിലെത്തുന്ന മന്ത്രി 30വരെ സന്ദര്‍ശനം തുടരും. ഡിസംബറിലും ഈ മാസത്തിന്റെ തുടക്കത്തിലും ശ്രീലങ്കന്‍ ധനമന്ത്രി ബേസില്‍ രാജപക്സെയും ഫെബ്രുവരിയില്‍ വിദേശകാര്യ മന്ത്രി ജി എല്‍ പീരിസും ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ജയശങ്കറിന്റെ സന്ദര്‍ശനം.
Also Read: പട്ടിണി, സാമ്പത്തിക പ്രതിസന്ധി; ശ്രീലങ്കയിൽ നിന്ന് തമിഴ്നാട്ടിലേക്ക് അഭയാർത്ഥികൾ എത്തിത്തുടങ്ങി
29നു കൊളംബോയില്‍ നടക്കുന്ന ബേ ഓഫ് ബംഗാള്‍ ഇനീഷ്യേറ്റീവ് ഫോര്‍ മള്‍ട്ടി-സെക്ടറല്‍ ടെക്നിക്കല്‍ ആന്‍ഡ് ഇക്കണോമിക് കോപറേഷന്‍ (ബിംസ്റ്റെക്) മന്ത്രിതല യോഗത്തില്‍ വിദേശകാര്യ മന്ത്രി പങ്കെടുക്കും.
മന്ത്രി ജയശങ്കര്‍ നടത്തുന്ന ഉഭയകക്ഷി കൂടിക്കാഴ്ചകളും ആശയവിനിമയങ്ങളും ശ്രീലങ്ക ഇന്ത്യയ്ക്കു നല്കുന്ന മുന്‍ഗണനയെ എടുത്തുകാണിക്കുന്നുവെന്നു വിദേശകാര്യ മന്ത്രാലയം പ്രസ്്താവനയില്‍ പറഞ്ഞു. മാലിദ്വീപുമായും ശ്രീലങ്കയുമായും അടുത്ത സൗഹൃദ ബന്ധത്തിന് ഇന്ത്യ നല്കുന്ന പ്രാധാന്യത്തിന്റെ തെളിവാണ് മന്ത്രിയുടെ സന്ദര്‍ശനമെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
മാലിദ്വീപും ശ്രീലങ്കയും ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലെ ഇന്ത്യയുടെ പ്രധാന സമുദ്ര അയല്‍ക്കാരാണെന്നും പ്രധാനമന്ത്രിയുടെ ‘സാഗര്‍’ ദര്‍ശനത്തിലും അയല്പക്ക പ്രഥമ നയത്തിലും ഇരു രാജ്യങ്ങള്‍ക്കം പ്രത്യേക സ്ഥാനമുണ്ടെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
Also Read: ശ്രീലങ്കയ്ക്ക് ഇന്ത്യയുടെ ‘ആശ്വാസ’ വായ്പ; 7,600 കോടി രൂപയുടെ സാമ്പത്തിക സഹായം