ബാഗ്ദാദ്: ഇറാഖില്‍ വീണ്ടും അമേരിക്കന്‍ വ്യോമാക്രമണം. ഇന്ന് പുലർച്ചെയായിരുന്നു ആക്രമണം. ഇത് രണ്ട് ദിവസത്തിനുള്ളില്‍ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണ്. ആക്രമണത്തിൽ ഇറാൻ പിന്തുണയുള്ള മിലിഷ്യയിലെ അംഗങ്ങൾ സഞ്ചരിച്ച രണ്ട് കാറുകൾ തകരുകയും അഞ്ച് പേർ കൊല്ലപ്പെടുകയും ചെയ്തതായി റിപ്പോർട്ട്.
ഇറാൻ പിന്തുണയുള്ള പോപ്പുലർ മൊബിലൈസേഷൻ ഫോഴ്സ് വ്യോമാക്രമണം നടന്നതായി സ്ഥിരീകരിച്ചു, കൊല്ലപ്പെട്ട അഞ്ചുപേരിൽ തങ്ങളുടെ മുൻനിര നേതാക്കളാരും ഉൾപ്പെട്ടിട്ടില്ലെന്ന് ഇവർ വ്യക്തമാക്കി. വ്യോമാക്രമണം തങ്ങളുടെ മെഡിക്കൽ സൈനികരെ ലക്ഷ്യമിട്ടതായി സംഘം പറഞ്ഞു.
കഴിഞ്ഞ ദിവസത്തെ യുഎസ് വ്യോമാക്രമണം കഴിഞ്ഞ് ഏകദേശം 24 മണിക്കൂറിനു ശേഷമാണ് ഏറ്റവും പുതിയ ആക്രമണം നടന്നത്. ആദ്യ ആക്രമണത്തില്‍ ഇറാനിയന്‍ റെവല്യൂഷണറി ഗാര്‍ഡ് തലവന്‍ മേജര്‍ ജനറല്‍ ഖാസിം സുലൈമാനി, പോപുലര്‍ മൊബിലൈസേഷന്‍ ഫോഴ്സ് എന്നറിയപ്പെടുന്ന ഇറാന് പിന്തുണയുള്ള ഇറാഖിലെ പൗരസേനകളുടെ ഡെപ്യൂട്ടി കമാന്‍ഡറായ അബു മഹ്ദി അല്‍ മുഹന്ദിസ് ഉള്‍പ്പടെയുള്ളവരാണ് കൊല്ലപ്പെട്ടത്.
Read More: ഖാസിം സുലൈമാനി വധം: അമേരിക്കയ്ക്ക് കനത്ത തിരിച്ചടി നൽകുമെന്ന് ഇറാൻ
അതേസമയം, ഇന്നത്തെ ആക്രമണത്തില്‍ ആരെയാണ് ലക്ഷ്യം വച്ചതെന്ന കാര്യം പുറത്തുവിട്ടിട്ടില്ല. ഹഷെദ് സൈനികവ്യൂഹത്തെയാണ് അമേരിക്ക ആക്രമിച്ചതെന്നും ആക്രമണത്തില്‍ നിരവധി പേര് മരിച്ചതായും പലര്‍ക്കും പരിക്കേറ്റതായും എഎഫ്പി റിപോര്‍ട്ട് ചെയ്യുന്നു. മരിച്ചവരുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.
വെള്ളിയാഴ്ച പുലർച്ചെ ബാഗ്ദാദ് രാജ്യാന്തര വിമാനത്താവളത്തിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിൽ ഇറാന് ചാരത്തലവനടക്കമുള്ള സൈനിക ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. ഇറാന് റെവല്യൂഷണറി ഗാര്‍ഡ് തലവന്‍ ജനറല്‍ ഖാസിം സുലൈമാനി അടക്കമുള്ള ആറുപേരാണു കൊല്ലപ്പെട്ടത്. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് സുലൈമാനിക്കെതിരായ ആക്രമണമെന്ന് വൈറ്റ് ഹൗസ് ട്വീറ്റ് ചെയ്തിരുന്നു. അമേരിക്കയ്ക്ക് കനത്ത തിരിച്ചടി നൽകുമെന്ന് ഇറാൻ പരമോന്നത നേതാവ് അലി ഖമേനി വ്യക്തമാക്കി.
ജനറല്‍ സുലൈമാനിയെ വധിച്ച നടപടി അങ്ങേയറ്റം അപകടകരവും വിഡ്ഢിത്തവുമാണെന്ന് ഇറാന് വിദേശകാര്യ മന്ത്രി ജവാദ് സരിഫ് പ്രതികരിച്ചു. ഈ സാഹസികതയുടെ അനന്തരഫലങ്ങളുടെ ഉത്തരവാദിത്തം യുഎസിനായിരിക്കും. ഇത് അന്താരാഷ്ട്ര ഭീകരവാദമാണെന്നും അദ്ദേഹം സരിഫ് പറഞ്ഞു.
അതേസമയം, ഇറാഖിലെയും സിറിയയിലെയും ഇറാനിയൻ പിന്തുണയുള്ള സേനയെ അമേരിക്കൻ സൈന്യം മുൻകൂട്ടി ആക്രമിക്കുമെന്ന് പ്രതിരോധ സെക്രട്ടറി മാർക്ക് ടി. എസ്പർ മുന്നറിയിപ്പ് നൽകിയതിന് തൊട്ടുപിന്നാലെയാണ് വ്യോമാക്രമണം നടന്നത്.