ന്യൂഡൽഹി: നവംബർ 17 ന് ഡൽഹിയിൽ നടത്തുവാനിരുന്ന ടി.എം.കൃഷ്ണയുടെ സംഗീതക്കച്ചേരി വേണ്ടെന്നുവയ്ക്കുവാൻ, വലതുപക്ഷ തീവ്ര ഹിന്ദുത്വ തീവ്രവാദികളുടെ സമ്മർദ്ദത്തെത്തുടർന്ന് സംഘാടകർ നിർബന്ധിതരായിരിക്കുന്നു. എന്നാൽ, ”നവംബർ 17 നു ഡൽഹിയിൽ എവിടെയെങ്കിലും എനിക്കൊരു വേദി തരൂ, ഞാൻ വന്നു പാടാം. ഇത്തരം ഭീഷണികൾ നമ്മെ അടിച്ചമർത്തുവാൻ നാം അനുവദിച്ചുകൊടുക്കരുത്,” എന്നാണു ടി.എം.കൃഷ്ണ പ്രതികരിച്ചത്.
നെഹ്‌റു പാർക്ക്, ചാണക്യപുരിയിലെ ‘ഡാൻസ് ആൻഡ് മ്യൂസിക് ഇൻ ദ പാർക്ക്’ എന്ന ദ്വിദിന കലോത്സവത്തിന്റെ ഭാഗമായായിരുന്നു കൃഷ്ണയുടെ കച്ചേരി സംഘടിപ്പിച്ചിരുന്നത്. ഇത് സാംസ്കാരിക രംഗത്തു പ്രവർത്തിക്കുന്ന സ്പിക്ക് മാക്കെ എന്ന സംഘടനയും എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയും ചേർന്ന് സംയുക്തമായി നടത്തുന്നതിനായിരുന്നു തീരുമാനം. നവംബർ അഞ്ചാം തീയതി എഎഐ ട്വിറ്ററിൽ ഇതേപ്പറ്റിയുള്ള പ്രഖ്യാപനം നടത്തുകയും തുടർന്നുള്ള ദിവസങ്ങളിൽ പരിപാടിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പങ്കുവയ്ക്കുകയും ചെയ്തിരുന്നു.
നവംബർ പത്താം തീയതിയായിരുന്നു കൃഷ്ണയുടെ പരിപാടിയെക്കുറിച്ചുള്ള ട്വീറ്റ്. നഗരത്തിലെ ചില പത്രങ്ങളിലും പരസ്യങ്ങൾ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാൽ ചൊവ്വാഴ്ച രാത്രിയിൽ ഒരു ഇ-മെയിലിലൂടെ കച്ചേരി റദ്ദാക്കുന്നതായി എഎഐ സ്പിക്ക് മാക്കെയെ അറിയിച്ചു. “ചില തടസ്സങ്ങൾ മൂലം നവംബർ 17-18 തീയതികളിൽ നെഹ്‌റുപാർക്കിൽ നടത്താനിരുന്ന നൃത്ത-സംഗീത പരിപാടിയുമായി മുൻപോട്ടു പോകാനാവില്ല. അതിനാൽ മറ്റൊരു തീയതിയിലേയ്ക്കു മാറ്റിവയ്ക്കുവാനും ബന്ധപ്പെട്ട എല്ലാവരെയും അറിയിക്കുവാനും അപേക്ഷിക്കുന്നു. പുതിയ തീയതിയെക്കുറിച്ചു വൈകാതെ ചർച്ച ചെയ്യുന്നതായിരിക്കും,” ഇ-മെയിൽ പറയുന്നു.
കൃഷ്ണയെ ക്ഷണിച്ചതിന്റെ പേരിൽ ലഭിച്ച വിമർശനത്തിന്റെ പേരിലാണു കച്ചേരി മാറ്റിവയ്ക്കപ്പെട്ടതെന്ന വാർത്ത എഎഐ ചെയർമാൻ ഗുരുപ്രസാദ് മഹാപത്ര നിഷേധിച്ചു. “ഞങ്ങൾക്കു ചില പ്രശ്നങ്ങളുണ്ട്. ചില അടിയന്തരപ്രശ്നങ്ങൾ മൂലം ആ ദിവസം ഞങ്ങൾ മറ്റു തിരക്കിലായിരിക്കും. മാധ്യമങ്ങൾക്കു നൽകിയ കുറിപ്പിൽ കൂടുതലായി എനിക്കിതിൽ ഒന്നും പറയുവാനില്ല,” മഹാപത്ര ഇന്ത്യൻ എക്സ്പ്രസ്സിനോടു പറഞ്ഞു.
Read More: സംഗീതത്തെ പോലും ഭയപ്പെടുന്നവർ- രാമചന്ദ്ര ഗുഹ എഴുതുന്നു
തിങ്കളാഴ്ച, എയർപോർട്ട് അതോറിറ്റിയുടെ ക്ഷണം കൃഷ്ണ റീ ട്വീറ്റ് ചെയ്തിരുന്നു, അതിനെത്തുടർന്നാണു സർക്കാർ സ്ഥാപനം കച്ചേരി സ്പോൺസർ ചെയ്യുന്നതിനെക്കുറിച്ചുള്ള വിമർശനങ്ങൾ ഉയർന്നത്. കൃഷ്ണയെ സ്പോൺസർ ചെയ്യുന്നതിനായി പൊതുഖജനാവിലെ പണം ഉപയോഗിക്കുന്നതിന് എതിരെയായിരുന്നു വിമർശനങ്ങൾ.
കൃഷ്ണ യേശുവിനെയും അള്ളാഹുവിനെയും കുറിച്ചു പാടുന്നതായും അദ്ദേഹമൊരു ഇന്ത്യാവിരുദ്ധനാണെന്നും പറഞ്ഞ ട്വീറ്റുകൾ അദ്ദേഹത്തെ നാഗരിക നക്സൽ എന്നും മറ്റുമാണു വിശേഷിപ്പിച്ചിരുന്നത്. ആരെയാണു സ്പോൺസർ ചെയ്യുന്നതെന്നറിയാമോ എന്ന ആക്ഷേപകർ എഎഐ ഉദ്യോഗസ്ഥരോടു ചോദിച്ചു. അവർ തങ്ങളുടെ ട്വീറ്റുകൾ മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർക്കും റെയിൽവേ, കോൾ ആൻഡ് കോർപറേറ്റ് അഫയേഴ്സ് മന്ത്രി പീയുഷ് ഗോയൽ, വ്യോമയാന മന്ത്രി സുരേഷ് പ്രഭു എന്നിവരുൾപ്പടെയുള്ള കേന്ദ്ര മന്ത്രിമാർക്കും ടാഗ് ചെയ്തിരുന്നു. ഈ ട്വീറ്റുകളെ അവഗണിക്കുന്നുവെന്നും പ്രത്യേക സുരക്ഷാ സന്നാഹങ്ങളോടെ കച്ചേരി നടത്തുമെന്നും എഎഐ അറിയിച്ചിരുന്നതായി സ്പിക്ക് മാക്കേ ചൊവ്വാഴ്ച തന്നോടു പറഞ്ഞതായി കൃഷ്ണ പരാമർശിച്ചു. പക്ഷേ ബുധനാഴ്ച വൈകുന്നേരത്തേയ്ക്ക് സാഹചര്യങ്ങൾ മാറി, പരിപാടി മാറ്റിവയ്ക്കുന്നതായും പുതിയ തീയതികൾ വൈകാതെ പ്രഖ്യാപിക്കുമെന്നും എഎഐ അറിയിച്ചു. കൃഷ്ണയെക്കൂടാതെ നർത്തകിമാരായ സൊണാൽ മാൻ സിങ്, പ്രിയദർശിനി ഗോവിന്ദ്, സിതാറിസ്റ്റ് ഷാഹിദ് പർവേശുമായിരുന്നു ഈ വാരാന്ത്യപരിപാടിയിലെ മറ്റു പങ്കാളികൾ.
മതേതരത്വത്തെയും ജാതി വിവേചനത്തെയും സംബന്ധിച്ച കാര്യങ്ങളിലെ കൃഷ്ണയുടെ കാഴ്ചപ്പാടുകളാണ് അദ്ദേഹത്തെ ഹിന്ദുത്വ വാദികളുടെ ആക്രമണലക്ഷ്യമാക്കിയത്. ഓഗസ്റ്റിൽ, ക്രിസ്തീയ ഗീതങ്ങൾ പാടുന്നുവെന്ന ഹിന്ദുത്വവാദികളുടെ ആരോപണത്തെത്തുടർന്ന് മേരിലാന്റിലെ ഒരു ക്ഷേത്രം കൃഷ്ണയുടെ കച്ചേരി റദ്ദാക്കിയിരുന്നു. ഇതു മാത്രമാണ്, ഇതിനു മുൻപ്, രാഷ്ട്രീയ വീക്ഷണങ്ങളുടെ പേരിൽ അദ്ദേഹത്തിനു വേദി നിഷേധിച്ച ഒരേ ഒരു സംഭവം. എന്നാൽ അതേ ദിവസം തന്നെ (സെപ്റ്റംബർ 9) വാഷിങ്ടണിലെ ജോർജ്ടൗൺ യൂണിവേഴ്സിറ്റിയിലെ ഒരു സംഘം സംഗീതപ്രേമികൾ അദ്ദേഹത്തിന് പാടാൻ കാമ്പസിൽ വേദിയൊരുക്കി.
Read More: പൊറമ്പോക്കിലെ റ്റി.എം.കൃഷ്ണ- എതിരൻ കതിരവൻ എഴുതുന്നു
ഈ വർഷം ജനുവരിയിൽ, ഒരു വലതുപക്ഷ ഹിന്ദു സംഘടന തമിഴ്നാട്ടിലെ തിരുപ്പൂരിൽ നടന്ന കച്ചേരി തടസ്സപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തിയിരുന്നു. പക്ഷേ അധിക സുരക്ഷയൊരുക്കി ആ പരിപാടി നടത്തപ്പെടുകയാണുണ്ടായത്. ക്രിസ്തുവിനെയും അള്ളാഹുവിനെയും സ്തുതിക്കുന്ന, കീർത്തനങ്ങൾ (പെരുമാൾ മുരുഗനെപ്പോലെയുള്ള എഴുത്തുകാർ രചിച്ച) കൂടി ഉൾപ്പെടുത്തി കർണ്ണാടക സംഗീതക്കച്ചേരി വിപുലപ്പെടുത്തുവാനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങൾ ഹിന്ദുത്വതീവ്രവാദികളുടെ ആക്രമണത്തിനു കാരണമായിരുന്നു.
ഇന്നു ജീവിച്ചിരിക്കുന്ന പ്രമുഖ കർണ്ണാടക സംഗീതജ്ഞരിൽ വളരെ ഉന്നതസ്ഥാനീയനായി കരുതപ്പെടുന്ന കലാകാരനാണു 42 കാരനായ കൃഷ്ണ. മാഗ്സസെ അവാർഡ് ജേതാവായ ഇദ്ദേഹം, എ സതേൺ മ്യൂസിക് – ദ കർണ്ണാട്ടിക് സ്റ്റോറി എന്ന ഗ്രന്ഥത്തിന്റെ രചയിതാവു കൂടിയാണ്.
Read More: പൗരന്‍ കലാകാരനാകുമ്പോള്‍- ടി എം കൃഷ്ണ